ന്യൂഡൽഹി
കോവിഡ് ഡെൽറ്റാപ്ലസ് വകഭേദം അധിക മാറ്റങ്ങൾക്ക് വിധേയമാകുന്നത് ആശങ്കാജനകമെന്ന് ഡൽഹി എയിംസ് ഡയറക്ടർ. ഡെൽറ്റാപ്ലസ് കെ 417എൻ എന്ന് വിളിക്കപ്പെടുന്ന പരിവർത്തനത്തിന് വിധേയമാകുന്നുവെന്നാണ് റിപ്പോർട്ടെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പ്രതികരിച്ചു. ഈ മാറ്റം വൈറസ് വകഭേദത്തിന്റെ ഘടനയെയും സ്വഭാവത്തെയും രോഗവ്യാപനരീതിയെയും മാറ്റുമോയെന്ന ആശങ്കയുണ്ട്. ഇപ്പോൾ ഈ വകഭേദം കാരണമുണ്ടാകുന്ന കേസുകൾ കുറവാണ്. എന്നാൽ, വരുന്ന ആഴ്‌ചകളിൽ ഡെൽറ്റാപ്ലസിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നത് നിരീക്ഷിക്കേണ്ടതുണ്ടെന്നും- ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
രാജ്യത്ത് രണ്ടാംതരംഗത്തിന് കാരണമായ ബി 1.617.2 വൈറസ് വകഭേദത്തിന്റെ മാറ്റം സംഭവിച്ച രൂപമാണ് ഡെൽറ്റാപ്ലസ്. കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഡെൽറ്റാപ്ലസ് വകഭേദമെന്ന റിപ്പോർട്ടുകളും ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..