19 June Saturday

എല്ലാവർക്കും ഭൂമി 
എല്ലാ ഭൂമിക്കും രേഖ - റവന്യൂ ഭവനനിർമാണ മന്ത്രി കെ രാജൻ സംസാരിക്കുന്നു

തയ്യാറാക്കിയത്‌ : മിൽജിത്‌ രവീന്ദ്രൻUpdated: Saturday Jun 19, 2021

ജനങ്ങളുമായി ഏറ്റവും അടുത്ത്‌ ഇടപഴകുന്നതും ജനങ്ങൾ എന്താവശ്യത്തിനും ഓടിച്ചെല്ലുന്നതുമായ വകുപ്പാണ്‌ റവന്യൂ. ക്ഷേമ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ട്‌ ബന്ധപ്പെടുന്നു എന്നതുകൊണ്ടുതന്നെ ജനങ്ങളുമായി ഏറ്റവുമധികം ബന്ധമുള്ള വകുപ്പ്‌. അതിനെ അടിമുടി നവീകരിച്ച്‌ ജനകീയമാക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. അർഹതപ്പെട്ട എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാവർക്കും വീട്‌ എന്നതാണ്‌ പ്രഖ്യാപിത കാഴ്‌ചപ്പാടെന്നും റവന്യൂ ഭവനനിർമാണ മന്ത്രി കെ രാജൻ ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി
 

പട്ടയവിതരണത്തിൽ ഒരുപാട്‌ മുന്നോട്ടുപോയിട്ടുണ്ട്‌. എന്നാലും സ്വന്തമായി ഭൂമി എന്ന വലിയൊരു ശതമാനത്തിന്റെ ആഗ്രഹം സഫലമാകാതെ നിൽക്കുന്നു?
ഭൂപ്രശ്‌നത്തെ സർക്കാർ ഏറ്റവും ഗൗരവത്തോടെയാണ്‌ കാണുന്നത്‌. അർഹരായ എല്ലാവർക്കും ഭൂമി നൽകുക എന്നതാണ്‌ കാഴ്‌ചപ്പാട്‌. കഴിഞ്ഞ സർക്കാർ ഒന്നര ലക്ഷത്തിലേറെ കുടുംബത്തെയാണ്‌ ഭൂമിയുടെ ഉടമകളാക്കിയത്‌. അതിനേക്കാൾ കൂടുതൽ പേർക്ക്‌ ഈ സർക്കാർ ഭൂമിയുടെ ഉടമസ്ഥതാ രേഖ നൽകും. ആദ്യ 100 ദിവസംകൊണ്ട്‌ 12,000 പട്ടയം നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌. അതൊരു സൂചനയാണ്‌. എല്ലാവർക്കും ഭൂമി എന്ന വിഷയത്തെ ഗൗരവമായി കണക്കിലെടുക്കുന്നു എന്ന സൂചന. സാധാരണക്കാരുടെയും ആദിവാസികൾ ഉൾപ്പെടെയുള്ള പാർശ്വവൽകൃത വിഭാഗങ്ങളുടെയും ഭൂമി പ്രശ്‌നത്തിന്‌ പരിഹാരം കാണും. ഇതിനായി അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്‌. കൈയേറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും.

ഭൂമിയുടെ റീസർവേ എന്നത്‌ ഒരുനാളും അവസാനിക്കാത്ത പ്രക്രിയയായി തുടരുന്നു?
1966ൽ ആരംഭിച്ച റീസർവേ ഇപ്പോഴും 54 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. 89 വില്ലേജിൽ മാത്രമാണ് നൂതനമായ ജിപിഎസ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടന്നിട്ടുള്ളത്. ഈ അവസ്ഥയ്‌ക്ക് മാറ്റം വരുത്തും. ജനങ്ങൾക്ക് കൃത്യതയാർന്ന ഭൂരേഖകളും അവകാശങ്ങളും അംഗീകരിച്ചു നൽകേണ്ടതുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 1666 വില്ലേജിലും ‘കോർസ്‌’ സാങ്കേതികവിദ്യ അധിഷ്ഠിതമാക്കി ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും. മാത്രമല്ല, റവന്യൂ, സർവേ, രജിസ്‌ട്രേഷൻ വകുപ്പുകളിലായി നൽകിവരുന്ന ഭൂസംബന്ധമായ സേവനങ്ങൾ ഒരു പോർട്ടലിൽനിന്ന് ലഭ്യമാക്കും. ഭൂരേഖകൾ കൃത്യമായി സൂക്ഷിക്കാനാകുന്ന തരത്തിൽ സംയോജിത ഭൂസേവന പോർട്ടലും നടപ്പാക്കും.

വില്ലേജ്‌ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ?
റവന്യൂവകുപ്പിന്റെ പടിവാതിലാണ്‌ വില്ലേജ്‌ ഓഫീസുകൾ. റവന്യൂഭരണത്തിന്റെ അടിത്തൂണുകൾ. ജനങ്ങൾ എന്താവശ്യത്തിനും ഓടിയെത്തുന്നതും വില്ലേജ്‌ ഓഫീസുകളിലാണ്‌. പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം ഉറപ്പുവരുത്തുകയും സമയബന്ധിതമായി അതു ലഭ്യമാക്കുകയുമെന്നത് ഈ സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ മാറ്റം വില്ലേജ്‌ ഓഫീസുകളിൽനിന്ന്‌ ആരംഭിക്കണം. കെട്ടിടംമാത്രം നന്നായാൽ പോരാ, സേവനങ്ങളും മികച്ചതാകണമെന്നാണ്‌ കാഴ്‌ചപ്പാട്‌. ഈ സർക്കാരിന്റെ കാലത്തുതന്നെ എല്ലാ വില്ലേജ്‌ ഓഫീസും വില്ലേജ്‌ ഓഫീസിൽനിന്നുള്ള സേവനങ്ങളും സ്‌മാർട്ടാക്കും. എവിടെയിരുന്നും ഭൂനികുതി അടയ്‌ക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഇതിനായി ഇ പെയ്‌മെന്റ്‌ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും രൂപം നൽകും. നിലവിൽ പഞ്ചായത്തുകൾക്ക്‌ ഐഎസ്‌ഒ സർട്ടിഫിക്കേഷനുണ്ട്‌. ഇതേ മാതൃകയിൽ വില്ലേജ്‌ ഓഫീസുകൾക്കും ഗ്രേഡിങ്‌ ഏർപ്പെടുത്തും. വില്ലേജ്‌ ഓഫീസുകളുടെ പുനഃസംഘടന പ്രധാന ലക്ഷ്യമാണ്‌. മികച്ച സേവനം നൽകുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക്‌ പുരസ്‌കാരം ഏർപ്പെടുത്തും. എല്ലാ വില്ലേജ്‌ ഓഫീസിനും വെബ്‌സൈറ്റും ഉണ്ടാക്കും.



വില്ലേജ്‌ ഓഫീസുകളിൽ അടക്കം അഴിമതിയുടെ പ്രവണത ഇന്നും നിലനിൽക്കുന്നു?
അഴിമതി വലിയൊരളവോളം അവസാനിപ്പിക്കാൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാലും പൂർണമായും ഒഴിവാക്കാനായി എന്നു പറയാനാകില്ല. ഒരഴിമതിയും വച്ചുപൊറുപ്പിക്കില്ല എന്നതാണ്‌ സർക്കാർ നിലപാട്‌. അഴിമതി നടത്തുന്ന ഒരാളെയും സംരക്ഷിക്കില്ല. പണം വാങ്ങൽ മാത്രമല്ല, ഒരാവശ്യത്തിന്‌ എത്തുന്ന ജനങ്ങളെ പലതവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണ്‌. ഇത്തരക്കാർക്ക്‌ സർക്കാരിന്റെ ഒരാനുകൂല്യവും ഉണ്ടാകില്ല. മുഖം നോക്കാതെ നടപടി സ്വീകരിക്കും.

റവന്യൂ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും നിയമങ്ങളുമെല്ലാം സങ്കീർണമാണ്‌. സാധാരണക്കാർക്ക്‌ ദുർഗ്രഹമാണ്‌ പല നടപടികളും?
ജനങ്ങൾക്കു മാത്രമല്ല, ഉദ്യോഗസ്ഥർക്കടക്കം ഇതിന്റെ പ്രശ്‌നങ്ങളുണ്ട്‌. നിയമങ്ങളും അതിന്റെ വ്യാഖ്യാനങ്ങളുമെല്ലാം പ്രശ്‌നമാകുന്നുണ്ട്‌. ഉദ്യോഗസ്ഥർക്ക്‌ റവന്യൂ വിദ്യാഭ്യാസം നിർബന്ധമാക്കുന്നത്‌ ആലോചനയിലുണ്ട്‌. അടിസ്ഥാനപരമായ നിയമവശങ്ങളിലുള്ള വിദ്യാഭ്യാസം റവന്യൂ ജീവനക്കാർക്ക്‌ അവശ്യം വേണ്ടുന്ന ഒന്നാണ്‌. വില്ലേജ്‌ ഓഫീസർമാർമുതൽ ഡെപ്യൂട്ടി സബ്‌കലക്ടർമാർവരെയുള്ളവർക്ക്‌ ഇത്‌ ഉറപ്പാക്കാൻ സ്ഥിരം സംവിധാനം വേണം. നിയമത്തിന്റെ അന്തഃസത്ത, വ്യാഖ്യാനം, ഒരു ഉത്തരവിറങ്ങുമ്പോൾ അതിനു പിന്നിലുള്ള ലക്ഷ്യം ഇതെല്ലാം ജീവനക്കാർക്ക്‌ മനസ്സിലാക്കണം. ഇതിന്‌ റവന്യൂ വിദ്യാഭ്യാസം അനിവാര്യമാണ്‌.

റവന്യൂ വകുപ്പിന്റെ ഉത്തരവിനെ തുടർന്നുള്ള മരംമുറിക്കൽ വിഷയമാണല്ലോ ഇപ്പോൾ വിവാദം?
റവന്യൂ വകുപ്പ്‌ പുറത്തിറക്കിയ ഉത്തരവിനെ ദുർവ്യാഖാനം ചെയ്‌താണ്‌ മരംമുറി നടന്നിട്ടുള്ളത്‌. ഉത്തരവിലല്ല പ്രശ്‌നം. അതിനെ ദുർവ്യാഖ്യാനിക്കുകയാണുണ്ടായത്‌. സംഭവത്തിൽ സമഗ്രവും സർവതല സ്‌പർശിയുമായ അന്വേഷണമാണ്‌ നടക്കുന്നത്‌. അതിന്റെ റിപ്പോർട്ട്‌ വന്നശേഷം തുടർ നടപടി ഉണ്ടാകും. സർക്കാരിന്‌ ഇക്കാര്യത്തിൽ ഒന്നും മറയ്‌ക്കാനില്ല. ആരെങ്കിലും തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ സംരക്ഷിക്കില്ല. ശക്തമായ നടപടി സ്വീകരിക്കും. കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ്‌ ഉത്തരവിറക്കിയത്‌. പ്രതിപക്ഷാംഗങ്ങൾ അടക്കമുള്ളവരും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. കർഷകർക്കൊപ്പം ഈ സർക്കാർ ഉണ്ടാകും. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള തുടർനടപടികൾ സർക്കാർ കൂടിയാലോചനയിലൂടെ സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top