ആർട്ട് ഷുഡ് ബി പൊളിറ്റിസൈസ്‌ഡ് ഫോർ ദ സേയ്‌ക് ഓഫ് ട്രാൻസ്‌മിറ്റിങ് സോഷ്യലിസ്‌റ്റ് മെസേജ് (Art should be politicized for the sake of transmitting socialist message) എന്ന് ഉദ്ബോധിപ്പിച്ച മാർക്സിയൻ ചിന്തകരുടെയും കല മനുഷ്യനുവേണ്ടിയാണ് എന്ന് ശക്തമായി അടിവരയിട്ട ഇ എം എസ് നമ്പൂതിരിപ്പാടിന്റെയും വാക്കുകൾക്ക് ഏറെ പ്രസക്തിയുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. കലാരൂപങ്ങളും സാഹിത്യ സൃഷ്ടികളും പുരോഗമന ചിന്തകൾക്ക് നൽകിയ സംഭാവനകളെ വിസ്മരിച്ചുകൊണ്ട് ഒരു സാംസ്കാരിക ചരിത്രവും സത്യസന്ധമായി നമുക്ക് അടയാളപ്പെടുത്താനാകില്ല.
കല ഫാസിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിനായും വരേണ്യവർഗത്തിന് തീറെഴുതിയും ജനാധിപത്യമൂല്യങ്ങളെ തിരസ്കരിക്കുന്ന വലത് തീവ്ര രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ സത്യാനന്തര കാലത്ത് മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര ബോധമുള്ള കലാപ്രവർത്തനം അനിവാര്യമാണ്.
ഇന്ത്യൻ കൾച്ചറൽ പ്ലാനിങ്
തൊഴിലിടങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും വ്യക്തമായ നയങ്ങളും നിയമ ആനുകൂല്യങ്ങളും നിലവിലുള്ള രാജ്യമാണ് ഭാരതം. പക്ഷേ, നമ്മുടെ സംസ്‌കൃതികൾക്ക് ഉണർവേകുന്ന കലാസമൂഹത്തിന്, കല ഉപജീവനമാർഗമാക്കിയവർക്ക് നിയമസംരക്ഷണം അനുശാസിക്കുന്ന സാംസ്‌കാരികനയങ്ങൾ ശക്തമല്ല. പരമ്പരാഗതമായും അക്കാദമികമായും കലാപ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് നീതിപൂർവമായ വേതനവ്യവസ്ഥയ്ക്കും ആനുകൂല്യങ്ങൾക്കുമുള്ള നയങ്ങൾ ഇല്ല. വ്യവസായ സാങ്കേതിക മേഖലകളിലും കാർഷിക രംഗത്തുമുള്ള തൊഴിൽ പരിരക്ഷ കലാസമൂഹത്തിന് ലഭിക്കുന്നില്ല. അനുഭവജ്ഞാനത്തിന്റെയും പ്രതിഭയുടെയും മാനദണ്ഡത്തിൽ ദൂരദർശനും ആകാശവാണിയും പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഗ്രേഡ് അടിസ്ഥാനത്തിൽ നിശ്ചയിച്ച പ്രതിഫല വ്യവസ്ഥ പൊതു ഇടങ്ങളിൽ പ്രായോഗികതലത്തിൽ എത്തിയിട്ടില്ല. തൊഴിലവകാശം ഉറപ്പുവരുത്തുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പരിധിയിൽ കലാപ്രവർത്തനം ഉൾപ്പെട്ടിട്ടുമില്ല. ഇതിനാൽതന്നെ ഇന്ത്യൻ കലാസമൂഹം ഇടനിലക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നുണ്ടെന്നതാണ് സത്യം.
ലോക്‌ഡൗൺ കാലത്ത് കഴിയേണ്ടിവരുന്ന കലാസമൂഹം അനുഭവിച്ചുവരുന്ന സഹനങ്ങൾ ഏറെയാണ്. കാവുകളും ഉത്സവക്കമ്മിറ്റികളും സാംസ്‌കാരിക സംഘാടകരും മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച അനുഷ്ഠാനങ്ങളും അവതരണങ്ങളും മാറ്റിവയ്‌ക്കേണ്ടിവന്നപ്പോഴും കലാകാരൻമാർ പ്രത്യാശയോടെ കാത്തിരുന്നു. അവരുടെ വിശപ്പിനോടും ദൈന്യതയോടും സഹിഷ്ണുതാപരമായ നിലപാടെടുക്കാൻ രാജ്യത്തെ മിക്കയിടങ്ങളിലെയും ഉത്സവ സംഘാടകർക്ക് സാധിച്ചിട്ടില്ലെന്നതാണ് നേര്. കേരളത്തിലെ കാവുമുറ്റങ്ങളിലും ക്ഷേത്രാങ്കണങ്ങളിലും പള്ളിമുറ്റങ്ങളിലും നടത്തിവരുന്ന തെയ്യം, തിറ, മുടിയേറ്റ്, പടയണി, മാർഗംകളി, ചവിട്ടുനാടകം, കോൽക്കളി, അറബനമുട്ട് - തുടങ്ങിയ അനുഷ്ഠാനകലകൾ നടത്തിവന്ന അടിസ്ഥാനവർഗസമൂഹത്തിന്റെ ജീവിതം ഈ കോവിഡ് കാലത്ത് യാതനകളുടേതായിരുന്നു.
പൊതുഇടങ്ങളിൽ മാത്രമല്ല, കോർപറേറ്റ് സ്ഥാപനങ്ങളിലും കലാസാംസ്‌കാരിക മേഖലകളിൽ ജോലിചെയ്യുന്നവർക്കിടയിലും അരക്ഷിതാവസ്ഥകളും പിരിച്ചുവിടലുകളും വന്നുചേർന്നപ്പോൾ -ഇടിവെട്ടിയവനെ പാമ്പുകടിച്ചെന്ന അവസ്ഥയിലായിരുന്നു പലരും. ചില പത്രദൃശ്യമാധ്യമങ്ങളിലും മറ്റുമായി 30 ശതമാനംവരെ ശമ്പളം വെട്ടിക്കുറയ്‌ക്കലിനപ്പുറമാണ്, ക്രിയേറ്റീവ് തലങ്ങളിൽ പ്രവർത്തിക്കുന്നവരെ കോർപറേറ്റ് സ്ഥാപനങ്ങൾ പിരിച്ചുവിടപ്പെട്ടത്.
കേരളീയ സാംസ്കാരിക നയം
കേരള സർക്കാരിന് ഒരു സാംസ്കാരികനയം ആവശ്യമാണെന്ന ചിന്തയിൽ കരട് നയരൂപീകരണം നടത്തിയത് 1996-ൽ സാംസ്കാരിക മന്ത്രി ടി കെ രാമകൃഷ്ണന്റെ കാലത്താണ്. സാംസ്കാരിക രംഗത്തെ ഏകോപിപ്പിക്കാൻ ഒരു സർക്കാർ സംവിധാനം വേണമെന്നായിരുന്നു പ്രസ്തുത കരടിന്റെ കാതൽ. നിർഭാഗ്യവശാൽ തുടർന്ന് അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാർ ഈ ആശയത്തെ അപ്പാടെ നിരാകരിക്കുകയാണുണ്ടായത്.
2016-ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അധികാരമേറ്റ ഇടത് പക്ഷ സർക്കാർ ജനാധിപത്യ സ്വഭാവം മുൻനിർത്തിയുള്ള ഒരു കൾച്ചറൽ അപ്പെക്സ് ബോഡി അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് സാംസ്കാരിക മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ സാംസ്കാരിക ഉന്നതസമിതി രൂപീകൃതമായത്.
സാംസ്‌കാരിക ഭൂപടവും
വിർച്വൽ അക്കാദമിയും
വൈവിധ്യമാർന്ന കലകളുടെ സംഗമഭൂമിയാണ് ഇന്ത്യ. പക്ഷേ കലാരൂപങ്ങൾ, അവയുടെ സവിശേഷതകൾ, ഓരോ കലയിലെയും പ്രഗത്ഭർ, എത്രപേർ ഇപ്പോൾ ഓരോ കലയിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, യുവത – എത്ര? എന്നിങ്ങനെയുള്ള കൃത്യതയാർന്ന സ്ഥിതിവിവരക്കണക്കുകൾ ഇല്ല. ഓരോ കലയുടെയും പുരാവൃത്തവും ഉത്ഭവവും, ആചാര്യന്മാരും, അത് അവതരിപ്പിക്കുന്ന ഭൂമികയും ചേർന്ന കൾച്ചറൽ മാപ്പിങ്ങിന്റെ അഭാവം ഇവിടെയുണ്ട്. അർഹരായവർക്ക് നൽകേണ്ടുന്ന സഹായധനത്തിനും മറ്റും മാനദണ്ഡമാകാൻ കൾച്ചറൽ മാപ്പിങ് സഹായകമാകും. ഡിജിറ്റൽ മേഖലകളിൽ പ്രാവീണ്യമില്ലാത്ത ഗ്രാമീണ കലാകാരന്മാരോട് കേന്ദ്ര സർക്കാർ ഓൺലൈനിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാനായി ഇറക്കിയ ഓർഡറുകൾ വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടുമില്ല. കലാസമൂഹത്തിന്റെ ഡാറ്റാശേഖരണം സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ, അതല്ലെങ്കിൽ പഞ്ചായത്ത് തലത്തിൽ വിവരശേഖരങ്ങൾ കോവിഡാനന്തര കാലത്തെങ്കിലും രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.
വിർച്വൽ അക്കാദമി എന്ന സങ്കൽപ്പത്തെ പ്രായോഗിക തലത്തിലെത്തിക്കുകവഴി, കലാസമൂഹത്തിന്റെ വിവരശേഖരണത്തിനും ഓൺലൈൻ സംവേദനത്തിനും രംഗോത്സവങ്ങൾക്കും വഴി ഒരുക്കാം. വിവിധ ഇടങ്ങളിലെ കലാസമൂഹങ്ങളെ സംരക്ഷിക്കാനും സംഘടിപ്പിക്കാനും കൾച്ചറൽ പോളിസിയും സാംസ്കാരിക ഭൂപടവും വിർച്വൽ അക്കാദമിയും അനിവാര്യമാണ്.
ഒട്ടനവധി രാജ്യങ്ങൾ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് അവരുടെ കലാരൂപങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. യുണൈറ്റഡ് കിങ്‌ഡം സന്ദർശിക്കുന്ന സഞ്ചാരികൾ അവിടത്തെ മ്യൂസിക്കൽ, ഓപ്പറ അഥവാ രാഗാവതരണ വേദികൾ സന്ദർശിക്കുന്നു. അതുപോലെ കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്റെയും ഭാരത് ഭവൻ ആസൂത്രണം ചെയ്ത തിയട്രം ഫാർമെയുടെയും സാധ്യതകൾ ഉപയോഗപ്പെടുത്താം. കാർഷിക സംസ്കൃതി, ഗ്രാമീണ കലകൾ, ഇന്ത്യൻ കലാവതരണങ്ങൾ എന്നീ മേഖലകളിൽ വിനോദ സഞ്ചാരികൾക്ക് ഇടപെടാനുള്ള അവസരം ഒരുക്കാം. സംഘങ്ങളെ ഒന്നിച്ചുചേർത്ത് അതത് കലയുടെ അഞ്ചോ പത്തോ ദിനങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവദിനങ്ങൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും സർക്കാർ തലത്തിൽ ചിന്തിക്കാവുന്നതാണ്. ഇതുവഴി നിശ്ചയിക്കപ്പെട്ട തീയതികളിൽ ഒത്തുചേരാനും അതുവഴി വ്യത്യസ്ത കലാസംഘങ്ങളുടെ വരുമാനത്തിനും സഹായകമാകും.
കോവിഡ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായി അനുഭവിക്കുന്ന ജനവിഭാഗങ്ങളിലൊന്നാണ് രംഗകലാസമൂഹം. നല്ല സീസണുകളിൽപ്പോലും അർഹമായ പ്രതിഫലം ലഭിക്കാത്തവരാണിവർ. പ്രതിസന്ധികാലങ്ങളിൽ മറ്റു വഴികൾ തേടാൻ, വികസിത രാജ്യങ്ങളിലെ കലാസമൂഹങ്ങൾ ശ്രമിക്കാറുണ്ട്. ഡിജിറ്റൽ ആവിഷ്കാരങ്ങൾ, നവമാധ്യമസാധ്യതകൾ, വിർച്വൽ ടൂറുകൾ, തത്സമയ സ്ക്രീമിങ് ഓൺലൈൻ നൃത്ത, സംഗീത, മാജിക് ഷോകൾ- എന്നിവയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നവസാധ്യതകൾ അവർ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലെ സാധാരണ കലാസമൂഹത്തിന് ഇക്കാര്യത്തിൽ വേണ്ട സാക്ഷരത പകരുന്ന ശിൽപ്പശാലകൾ ഒരുക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുക്കുമ്പോൾ മുൻകാലങ്ങളിലേക്കുള്ള തിരിച്ചുവരവിന് ഏറെ കാലമെടുക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ടൂറിസവും ഇതര മേഖലകളുമായി ചേർന്നുകിടക്കുന്ന സാംസ്കാരിക മേഖലയെ ക്രിയേറ്റീവ് ഇക്കണോമി- എന്ന ഗണത്തിൽ ഭരണസംവിധാനങ്ങൾ പരിഗണിക്കേണ്ടതുണ്ട്. സി വി ആനന്ദബോസ് ഏകാംഗ കമീഷനായി കേന്ദ്രസർക്കാരിന് സമർപ്പിച്ച 150 നിർദേശമടങ്ങുന്ന സാംസ്കാരികനയ റിപ്പോർട്ട് ഇന്ത്യൻ കലാസമൂഹത്തെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ വരുംതലമുറയുടെ സംസ്കാരവും ജീവിതവീക്ഷണവും കരുപിടിപ്പിച്ചെടുക്കാവുന്ന സാംസ്കാരികനയ രൂപീകരണം പ്രബുദ്ധ കേരളത്തിന്റെ അനിവാര്യതയാണ്.
(ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..