16 June Wednesday

പുലിയെ തല്ലിയോടിച്ച്‌ 65കാരി; പുപ്പുലിയാ രാജമ്മ

എസ്‌ ഇന്ദ്രജിത്Updated: Wednesday Jun 16, 2021

പുലിയെ തല്ലിയോടിച്ച്‌ രക്ഷപ്പെടുത്തിയ വളർത്തുനായയോടൊപ്പം രാജമ്മ

മറയൂർ > വളർത്തുനായയെ കടിച്ചുകൊണ്ടുപോകാൻ എത്തിയ പുലിയെ തല്ലിയോടിച്ച 65കാരി രാജമ്മയാണ് ഇപ്പോൾ അഞ്ചുനാട്ടിലെ ഹീറോ. പാമ്പൻപാറ ഇരുപ്പുവിള വീട്ടിൽ രാജമ്മ അതിസാഹസികമായാണ്‌ പുള്ളിപ്പുലിയെ ഓടിച്ചത്‌. ഏറെ നാളായി കാന്തല്ലൂരിലെ പാമ്പൻപാറ, ചുരക്കുളം നിവാസികളെ ഭീതിയിലാഴ്‌ത്തിയിരുന്ന പുലി തിങ്കളാഴ്ച രാത്രി രാജമ്മയുടെ വീട്ടുമുറ്റത്തെത്തി കുക്ക്രു എന്ന വളർത്തുനായയെ ആക്രമിച്ചു. ഈ സമയം വീട്ടിനുള്ളിലായിരുന്ന ഇവർ നായയുടെ കുരകേട്ട് ആനയാകാമെന്ന് കരുതി ഹെഡ് ടോർച്ചുമായി പുറത്തിറങ്ങി. അപ്പോഴാണ്‌ നായയെ കടിച്ചുവലിക്കാൻ ശ്രമിക്കുന്ന ജീവിയെ കണ്ടത്. 

പെട്ടെന്ന്‌ വാതിലിന് സമീപത്തിരുന്ന വടിയെടുത്ത് നായയെ ആക്രമിച്ച ജീവിക്കിട്ട് പൊതിരെ തല്ലി. ഈ സമയമാണ്‌ പുലിയാണെന്ന്‌ രാജമ്മയ്‌ക്ക്‌ മനസ്സിലായത്‌. എങ്കിലും പിന്തിരിഞ്ഞില്ല. നായയെ രക്ഷിക്കുക എന്ന്‌ മാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. അടിയേറ്റ പുലി രാജമ്മയ്‌ക്ക് നേരെ തിരിഞ്ഞെങ്കിലും കൈയിലുള്ള വടി നിരന്തരം വീശി. അയൽവാസികൾ ഓടിയെത്താനായി അലറി, വരാന്തയിലെ ലൈറ്റും ഇട്ടതോടെ പുള്ളിപ്പുലി പിന്തിരിയുകയായിരുന്നെന്ന്‌ രാജമ്മ പറഞ്ഞു. നാലേക്കർ വരുന്ന കൃഷിയിടത്തിലാണ് രാജമ്മ താമസിക്കുന്നത്. അയൽവാസികൾ എല്ലാം വളരെ ദൂരത്തിലായതിനാൽ പുലി പോയശേഷം ഫോൺ ചെയ്താണ് മറ്റുള്ളവരെ വിവരമറിയിച്ചത്‌.

അയൽവാസികളെത്തി നായയ്‌ക്ക്‌ ചികിത്സ നൽകി. വെള്ളിയാഴ്ച രാത്രി പാമ്പൻപാറ സ്വദേശി മനോജിന്റെ വീട്ടിലും പുള്ളിപ്പുലി എത്തിയിരുന്നു. 55 വർഷം മുമ്പാണ് എറണാകുളം ജില്ലയിൽനിന്ന്‌ അഞ്ചുനാട് മേഖലയിലെ ആദ്യ കുടിയേറ്റ പ്രദേശമായ പാമ്പൻപാറയിൽ രാജമ്മ എത്തുന്നത്. അക്കാലങ്ങളിൽ പുലിയെയും കരടിയെയും നിരവധി തവണ കാട്ടിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് വീട്ടുമുറ്റത്ത് എത്തുന്നത്‌. ഭർത്താവ് ജോണി 15 വർഷം മുമ്പ്‌ മരിച്ചു. രണ്ട് പെൺമക്കളും മകനും ഉൾപ്പെടെ മൂന്ന് പേരാണ് രാജമ്മയ്ക്കുള്ളത്‌. 15 വർഷമായി തനിച്ചാണ് രാജമ്മയുടെ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top