16 June Wednesday

ഗോളടിക്കാനാളില്ല!

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

Photo Credit: UEFA EURO 2020/ Twitter

സെവിയ്യ > 917 പാസുകൾ, 86 ശതമാനം പന്തിൽ മേധാവിത്വം. എന്നിട്ടും സ്വീഡൻ വല കാണാൻ സ്‌പെയ്‌നിനായില്ല.
ഫെർണാണ്ടോ ടൊറെസിനും ഡേവിഡ്‌ വിയ്യക്കും പിൻഗാമികളില്ലാതെ പോയി. കളി ജയിക്കാൻ ഗോളടിക്കണമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്‌ ലൂയിസ്‌ എൻറിക്വെയുടെ സ്‌പെയ്‌ൻ യൂറോ കപ്പ്‌ ഫുട്‌ബോളിലെ ആദ്യ കളി അവസാനിപ്പിച്ചു.

സ്വീഡനെതിരെ സ്വന്തം കാണികൾക്കുമുന്നിൽ കളംനിറഞ്ഞു സ്‌പെയ്‌ൻ. പതിവുപോലെ കൃത്യതയുള്ള ചെറുപാസുകൾ. പന്തിൽ സമ്പൂർണ മേധാവിത്വം. പക്ഷേ, അതൊന്നും മതിയായില്ല. ഗോളടിക്കാൻ ചുമതലപ്പെടുത്തിയ അൽവാരോ മൊറാട്ടയും ഡാനി ഒൽമോയും ലക്ഷ്യബോധമില്ലാതെ വലഞ്ഞു. ഇരുവരും അവസരങ്ങൾ തുലയ്‌ക്കുന്നതിൽ മത്സരിച്ചു. ലക്ഷ്യത്തിലേക്ക്‌ അഞ്ചുവട്ടംമാത്രമാണ്‌ അവർക്ക്‌ പന്തയക്കാനായുള്ളു. സ്വീഡൻ ഗോൾകീപ്പർ റോബിൻ ഒൽസെന്റെ രക്ഷപ്പെടുത്തലുകളും സ്‌പെയ്‌നിനെ തടഞ്ഞു.

ആദ്യപകുതിയിൽ 419 പാസുകളാണ്‌ സ്‌പെയ്‌ൻ പൂർത്തിയാക്കിയത്‌. യൂറോയിലെ റെക്കോഡ്‌. പെഡ്രിയും ക്യാപ്‌റ്റൻ ജോർഡി ആൽബയുമായിരുന്നു സ്‌പെയ്‌നിനായി മിന്നിക്കളിച്ചത്. ആൽബ അവസരങ്ങൾ ഒരുക്കുന്നതിലും മുന്നിലായിരുന്നു. പക്ഷേ, ബോക്‌സിൽ എല്ലാം തികഞ്ഞ മുന്നേറ്റക്കാരൻ ഇല്ലാതെപോയി.

പോയസീസണിൽ വിയ്യാറയലിനായി 30 ഗോളടിച്ച ജെറാർഡ്‌ മൊറേനൊയെ കളിയവസാനമാണ്‌ എൻറിക്വെ പരീക്ഷിച്ചത്‌. പരിക്കുസമയം മൊറേനൊയുടെ ഹെഡറിലൂടെയുള്ള ശ്രമം ഒൽസെൻ തടഞ്ഞു.

സ്വീഡനും കളിപിടിക്കാൻ സന്ദർഭമുണ്ടായി. അലെക്‌സാണ്ടർ ഇസാക്‌ തൊടുത്ത പന്ത്‌ മാർകോസ്‌ ലൊറന്റെ തടഞ്ഞു. മാർകസ്‌ ബെർജും ഗോളിമാത്രം മുന്നിൽനിൽക്കേ പന്ത്‌ പുറത്തടിച്ചുകളഞ്ഞു.
19ന്‌ പോളണ്ടുമായാണ്‌ സ്‌പെയ്‌നിന്റെ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top