കൊച്ചി > സിനിമാ പ്രവർത്തകയും ആക്‌ടിവിസ്‌റ്റുമായ ആയിഷ സുൽത്താന ബംഗ്ലാദേശുകാരിയാണെന്ന വ്യാജ പ്രചാരണവുമായി സംഘപരിവാരം. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട് കഷ്‌ടപ്പെടുന്നുണ്ടെന്നും ചെത്‍ലാത്ത് ദ്വീപിൽ ജനിച്ചു വളർന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും, വ്യാജപ്രചാരണത്തിനെതിരെ കേസ് നൽകുമെന്നും അവർ പ്രതികരിച്ചു.
ബിജെപി നൽകിയ പരാതിയിൽ ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് ആയിഷയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചാരണം കൊഴുക്കുന്നത്. ഒന്നിലേറെ വെബ്സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് പ്രചാരണം. 1984ൽ ബംഗ്ലദേശിലെ ജെസ്സോറിൽ ജനിച്ച ആയിഷ 2008ൽ ലഹോറിലുള്ള ബീക്കൺഹൗസ് നാഷണൽ യൂണിവേഴ്സിറ്റിയിൽനിന്ന് കലാപഠനത്തിൽ പിജി ഡിപ്ലോമ നേടിയെന്നാണ് ഒരു വെബ്സൈറ്റിലുള്ളത്. നാലു ദിവസംമുമ്പാണ് വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ സ്ക്രീൻ ഷോട്ടെടുത്ത് വാട്സാപ്പിലൂടെയും പ്രചരിപ്പിക്കുന്നു.
എന്നാൽ ചെത്‍ലാത്ത് ദ്വീപിലാണ് തന്റെ ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളർന്നതെന്ന് ആയിഷ പറയുന്നു. മിനിക്കോയിലാണ് ഏഴാം ക്ലാസുവരെ പഠിച്ചത്. ഹൈസ്കൂൾ പഠനം ചെത്‍ലാത്തിൽ. പ്ലസ്ടു പഠിച്ചത് കടമത്ത് ദ്വീപിലും കോഴിക്കോടും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ബിരുദപഠനം. തുടർന്നാണ് സിനിമാ പ്രവർത്തകയായതെന്നും ആയിഷ സുൽത്താന വ്യക്തമാക്കി.
ലക്ഷദ്വീപിൽ ബിജെപി ഒറ്റപ്പെട്ട നിലയിലാണ്. ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധിപേർ ഇതിനകം പാർടിയിൽനിന്ന് രാജിവച്ചു. രാജി തുടരുന്നതിനിടെയാണ് സംഘപരിവാരം ഐഷയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് വ്യാജപ്രചാരണം തുടങ്ങിയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..