16 June Wednesday

VIDEO - ഐഎസ്: മുഖ്യമന്ത്രിക്കെതിരെ വ്യാജവാര്‍ത്ത ചമച്ച് മാധ്യമങ്ങള്‍; ഏറ്റെടുത്ത് സംഘപരിവാര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021

കൊച്ചി > ഭീകരസംഘടനയായ ഐഎസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ 'പോരാളികള്‍' എന്നുവിശേഷിപ്പിച്ചതായി വ്യാജപ്രചരണം. മലയാള മനോരമ, മാതൃഭൂമി എന്നിവയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിലും പിടിഐ, റിപബ്ലിക് ടിവി, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലുമാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍, ഐഎസില്‍ ചേരാന്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോയി അഫ്ഗാന്‍ ജയിലില്‍ അകപ്പെട്ട 4 മലയാളി യുവതികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചിരുന്നു. യുവതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് എന്തെന്നുമായിരുന്നു ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ ഐ എസ് എന്ന വാക്കുപോലും ഇല്ല. എന്നിട്ടും  മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ചു.

'ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടത്. ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. ഇപ്പോള്‍ ജയിലിലുള്ളവര്‍ ഇങ്ങോട്ട് വരാന്‍ തയ്യാറുണ്ടോ, അവരുടെ കുടുംബത്തിന്റെ അഭിപ്രായം ഇവയൊക്കെ അറിയേണ്ടതുണ്ട്. അങ്ങനെ ഒരു പൊതുവായ നിലപാട് അക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്'-ഇതായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ എവിടെയും പറയാത്ത പ്രയോഗമാണ് മാധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വ്യാജവാര്‍ത്ത ചമച്ചത്. ദേശീയമാധ്യമങ്ങളായ പിടിഐ ഉള്‍പ്പെടെ വ്യാജവാര്‍ത്ത നല്‍കിയതോടെ പ്രചരണം സംഘപരിവാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് നിരവധി സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലും വ്യാജവാര്‍ത്ത ആവര്‍ത്തിച്ചുവന്നു.

തെറ്റായ വാര്‍ത്ത നല്‍കിയ പിടിഐയുടെ ട്വിറ്റര്‍ ഹാന്റിലില്‍ പിണറായി വിജയനും കേരളത്തിനുമെതിരെ പോര്‍വിളികള്‍ നിറയുകയാണ്. മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ പറഞ്ഞത് വീഡിയോ സഹിതം തെളിവായി നില്‍ക്കുമ്പോഴാണ്  നുണവാര്‍ത്തകള്‍ സൃഷ്ടിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top