16 June Wednesday

തെരഞ്ഞെടുപ്പു കോഴ: ബിജെപി സുന്ദരയ്‌ക്കു നൽകിയ 70,000 രൂപകൂടി കണ്ടെത്തി

സന്തം ലേഖകൻUpdated: Wednesday Jun 16, 2021

കാസർകോട്‌ > നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനപ്രസിഡന്റ്‌  കെ സുരേന്ദ്രനുവേണ്ടി സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ ബിജെപി നേതാക്കൾ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയ്ക്ക് നൽകിയ  പണത്തിൽ 70,000 രൂപകൂടി കണ്ടെത്തി. ഇതോടെ കണ്ടെത്തിയ തുക 1,70,000 രൂപയായി. രണ്ടര‌ ലക്ഷം രൂപയും സ്‌മാർട്ട്‌ഫോണുമാണ്‌  ബിജെപി നേതാക്കൾ  സുന്ദരയ്‌ക്ക്‌ നൽകിയിരുന്നത്‌. സുന്ദര ബന്ധുക്കൾക്ക്‌ നൽകിയ പണമാണ്‌ ജില്ലാ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയത്‌.

ഒരുലക്ഷം നേരത്തെ സുന്ദരയുടെ സുഹൃത്തിന്റെ അക്കൗണ്ടിൽ കണ്ടെത്തിയിരുന്നു. കുറച്ച്‌ തുക  വീട്‌ അറ്റകുറ്റപണിക്ക്‌ ചെലവഴിച്ചെന്നും പാവപ്പെട്ട ബന്ധുക്കൾക്ക്‌ നൽകിയെന്നും‌ സുന്ദര മൊഴി നൽകിയിരുന്നു. തുടർന്നാണ്‌ അന്വേഷകസംഘം പണംലഭിച്ച ബന്ധുക്കളെ കണ്ടത്‌. പണം ലഭിച്ചവരിൽനിന്ന്‌ മൊഴിയെടുക്കുന്നുമുണ്ട്‌.

ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ്‌  അന്വേഷണം. ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌–-2 മുമ്പാകെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കൽ സാങ്കേതിക കാരണങ്ങളാൽ ചൊവ്വാഴ്‌ച നടന്നില്ല. ഫോൺ വാങ്ങിനൽകിയ ബിജെപി പ്രവർത്തകനെ ഉടൻ ചോദ്യംചെയ്‌തേക്കും. ഇതോടെ ഇയാളെ ചുമതലപ്പെടുത്തിയ നേതാക്കളെ കണ്ടെത്താനാകും. സുന്ദരയുടെ വീട്ടിലെത്തി പണം നൽകിയ ബിജെപി നേതാക്കളെയും ചോദ്യംചെയ്യും. ഇവരാണ്‌ സുന്ദരയെ മഞ്ചേശ്വരം ജോഡ്‌കല്ലിലെ ബിജെപി ഓഫീസിലേക്ക്‌ തട്ടിക്കൊണ്ടുപോയി സ്ഥാനാർഥിത്വം പിൻവലിപ്പിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top