16 June Wednesday

ചങ്ങനാശേരി എസ്‌ബി കോളേജിന്‌ സെഞ്ച്വറി

പി സി പ്രശോഭ്‌Updated: Wednesday Jun 16, 2021

നൂറ് വയസ് പൂർത്തിയാകുന്ന ചങ്ങനാശേരി എസ് ബി കോളേജ്

കോട്ടയം>ക്രൈസ്‌തവ സഭകൾ വിദ്യാഭ്യാസ മേഖലയിൽ നൽകിയ മഹത്തായ സംഭാവനകളുടെ ഉദാഹരണങ്ങളിൽ ഒന്നാണ്‌ ചങ്ങനാശേരിയിലെ സെന്റ്‌ ബർക്ക്‌മാൻസ്‌ കോളേജ്‌ എന്ന എസ്‌ബി കോളേജ്‌. നാടിന്‌ വിദ്യപകർന്ന ഒരു നൂറ്റാണ്ടിനിടെ മഹാരഥൻമാർ പലരും ഇവിടെ പഠിച്ചിറങ്ങി. കാലത്തിനൊപ്പം വളർന്ന കോളേജ്‌ ഇന്ന്‌ അക്കാദമിക്‌ രംഗത്ത്‌ അനന്യമായ നേട്ടങ്ങളുമായി തലയുയർത്തി നിൽക്കുന്നു. നൂറാം വാർഷത്തിലേക്ക്‌ പ്രവേശിക്കുന്നതിന്റെ ഭാഗമായി ഒരു ശതാബ്ദി സ്‌മാരക ഹോസ്‌റ്റൽ കെട്ടിടം ഇവിടെ നിർമിക്കുകയാണ്‌.
 
27 വർഷത്തെ കാത്തിരിപ്പ് 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കത്തോലിക്കാ സഭ പഴയ കൂറ്റെന്നും പുത്തൻ കൂറ്റെന്നും വിഭജിക്കപ്പെട്ടു. പഴയ കൂറ്റുകാരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കാൻ ബിഷപ്പ്‌ ലിയോ മൊയ്‌റീനെ മാർപ്പാപ്പ ഒരു കമീഷനെ കേരളത്തിലേക്കയച്ചു. ഇദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം പഴയ കൂറ്റുകാർക്ക്‌ കോട്ടയത്തും തൃശ്ശൂരും പുതിയ വികാരിയാത്തുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഇതിന്റെ ആവശ്യത്തിനായി കോട്ടയത്തേക്ക്‌ ഫ്രാൻസുകാരനായ ഡോ. ചാൾസ്‌ ലവീഞ്ഞിനെ അയച്ചു. അദ്ദേഹം ഇവിടെ എല്ലാവർക്കും വേണ്ടി ഒരു "നാഷണൽ കോളേജ്‌' സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചു. അദ്ദേഹമാണ്‌ സെന്റ്‌ ബർക്ക്‌മാൻസ്‌ ഹൈസ്‌കൂൾ സ്ഥാപിച്ചത്‌. പിന്നീട്‌ 1895ൽ കോളേജിനു വേണ്ടി വെടിക്കുന്നിൽ സ്ഥലവും വാങ്ങി തറക്കല്ലിട്ടു. 
 
 പിന്നീട്‌ 27 വർഷം കടന്നു പോയെങ്കിലും സാമ്പത്തിക പരാധീനത മൂലം കോളേജ്‌ തുടങ്ങാനായില്ല. 1922ൽ പാറേലിൽ പുതുതായി കോളേജ്‌ തുടങ്ങാൻ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ അനുമതി ലഭിച്ചു. ജൂൺ 19ന്‌ 125 വിദ്യാർഥികളുമായി ജൂനിയർ ഇന്റർമീഡിയേറ്റ്‌ ആരംഭിച്ചുകൊണ്ട്‌ സെന്റ്‌ ബർക്ക്‌മാൻസ്‌ കോളേജ്‌ യാഥാർഥ്യമായി. ആദ്യ പ്രിൻസിപ്പലായി ഫാ. മാത്യു പുരയ്‌ക്കലിനെ നിയമിച്ചപ്പോൾ, പണമുണ്ടാക്കി കോളേജ്‌ നടത്തിക്കൊള്ളണമെന്നായിരുന്നു മെത്രാൻ മാർ തോമസ്‌ കുര്യാളശ്ശേരി നൽകിയ നിർദ്ദേശം. 150 പേരെ ഒരു മുറിയിൽ ഞെക്കിക്കൊള്ളിച്ചാണ്‌ ആദ്യം ക്ലാസുകൾ നടത്തിയിരുന്നത്‌. ഇതിൽ ഒരാളായിരുന്ന വി വി ജോൺ പിന്നീട്‌ രാജസ്ഥാനിലെ ജോധ്‌പുർ സർവകലാശാലയുടെ വൈസ്‌ ചാൻസലറായി.
 
  ദൂരദേശങ്ങളിൽനിന്ന്‌ വരുന്ന വിദ്യാർഥികൾക്കു വേണ്ടി എക്കാലത്തും മികച്ച ഹോസ്‌റ്റൽ സൗകര്യവും എസ്‌ബി ഒരുക്കാറുണ്ടായിരുന്നു. ഇതിൽ താമസിച്ചവരിൽ അനശ്വര നടൻ പ്രേംനസീറുമുണ്ട്‌.
 
 വളർച്ചയുടെ ഘട്ടങ്ങൾ
1922ൽ തുടങ്ങിയ ഇന്റർമീഡിയേറ്റ്‌ ക്ലാസ്‌ അടുത്ത വർഷം സീനിയർ ഇന്റർമീഡിയേറ്റായി. 1927ൽ ഡിഗ്രി ക്ലാസുകൾ ആരംഭിച്ചതോടെ ഗ്രാജുവേറ്റ്‌ ഘട്ടമായി. സയൻസ്‌ വിഷയങ്ങളിലാണ്‌ ആദ്യം ഡിഗ്രി തുടങ്ങിയത്‌. ലബോറട്ടറിയും മറ്റുമായി പണച്ചെലവ്‌ ഏറെയുണ്ടായി. പ്രിൻസിപ്പൽ ഫാ. മാത്യു പുരയ്‌ക്കൽ, തിരുവിതാംകൂർ രാജകൊട്ടാരത്തിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. കൊട്ടാരത്തിലെ കുട്ടികൾക്ക്‌ ഇംഗ്ലീഷ്‌ ട്യൂഷൻ എടുത്തിരുന്ന കുളന്തസ്വാമി പിള്ള അന്ന്‌ എസ്‌ബിയിൽ ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു. കൊട്ടാരത്തിലെ അദ്ദേഹത്തിന്റെ സ്വാധീനവും സഹായം ലഭിക്കാൻ സഹായകമായി. 1937ൽ സയൻസ്‌ ബിൽഡിങ്‌ നിർമിച്ചു. 1957ൽ ഇക്കണോമിക്‌സ്‌ എംഎ ആരംഭിച്ചതാടെ എസ്‌ബിയിൽ പിജി കാലഘട്ടത്തിന്‌ തുടക്കമായി. അടുത്ത 28 വർഷത്തിനിടെ 11 പോസ്‌റ്റ്‌ ഡിഗ്രി കോഴ്‌സുകൾ ഇവിടെ ആരംഭിച്ചു.
 
  കോളേജിന്‌ അന്താരാഷ്‌ട്ര അംഗീകാരങ്ങളും തേടിയെത്തി. 1977ൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ എസ്‌ബിയെ ലീഡ്‌ കോളേജായി അംഗീകരിച്ചു. 2014ൽ എസ്‌ബി കോളേജ്‌ കേരളത്തിലെ ആദ്യ സ്വയംഭരണ കോളേജായി. 
 
തൂപ്പു ജീവനക്കാരി 
അധ്യാപക പദവിയിൽ
തൂപ്പു ജീവനക്കാരിയായിരുന്ന മറിയാമ്മ ചേട്ടത്തിയെ അധ്യാപികയാക്കിയും എസ്‌ബി ചരിത്രമെഴുതി. 1997ൽ മലയാളം ഡിപ്പാർട്ട്‌മെന്റ്‌ വിളിച്ചു ചേർത്ത സദസ്സിൽവച്ച്‌ മാനേജർ ഫാ. ജോസ്‌ പി കൊട്ടാരം മറിയാമ്മ ചേട്ടത്തിയെ നാടോടി വിജ്‌ഞാന വിദഗ്‌ധയായി പ്രഖ്യാപിച്ച്‌ മലയാളം ഡിപ്പാർട്ട്‌മെന്റിലെ കസേരയിൽ ഇരുത്തി.  പുസ്‌തകങ്ങളിൽ പോലും കാണാത്ത നാടോടിപ്പാട്ടുകൾ മറിയാമ്മക്ക്‌ അറിയാമായിരുന്നു. അധ്യാപികയായ ശേഷം കേരളത്തിലെ സാംസ്‌കാരിക–-സാഹിത്യ സംഘടനകൾ മറിയാമ്മ ചേട്ടത്തിയുടെ ക്ലാസിനായി തിരക്കുകൂട്ടി.
 
സ്‌മാരകത്തിന്‌ മാർ ജോസഫ്‌ പെരുന്തോട്ടം ശിലയിടും
ജൂൺ 19 രാവിലെ 10ന്‌ കോളേജിന്റെ രക്ഷാധികാരിയും ചങ്ങനാശേരി അതിരൂപത മെത്രാപോലീത്തായുമായ മാർ ജോസഫ് പെരുന്തോട്ടം ശതാബ്ദി സ്മാരകമായി നിർമിക്കുന്ന പുതിയ ഹോസ്റ്റൽ കെട്ടിടത്തിന്‌ ശിലാസ്ഥാപനം നടത്തും. പകൽ 2.30ന് ആരംഭിക്കുന്ന പൊതുയോഗം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും.  പരിപാടികൾ കോളേജിന്റെ ഔദ്യോഗിക യുട്യൂബ് ചാനലായ ബിടിവിയിലൂടെ തത്സമയം കാണാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top