16 June Wednesday

ഇന്ത്യ- കുവൈറ്റ് ഗാര്‍ഹിക തൊഴില്‍ കരാര്‍ ചരിത്രപരമായ നടപടി : ഇന്ത്യന്‍ സ്ഥാനപതി

സാം പൈനുംമൂട്Updated: Wednesday Jun 16, 2021

 കുവൈറ്റ് സിറ്റി> ഇന്ത്യയും കുവൈറ്റും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹിക തൊഴില്‍ കരാര്‍ ചരിത്രപരമായ നടപടിയെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്വങ്ങളില്‍ സുതാര്യത കൈവരിക്കാനാവശ്യമായ ചട്ടങ്ങള്‍ ധാരണാപത്രം ഒപ്പുവെച്ചതിലൂടെ സാധ്യമായതായി അദ്ദേഹം വ്യക്തമാക്കി.

ധാരണാ പത്രവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരം ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്ഥാനപതി. കുവൈറ്റില്‍ ജോലിക്കെത്തുന്ന ഇന്ത്യയില്‍ നിന്നുമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കും എന്നതാണ് ധാരണാപത്രം കൊണ്ടുള്ള പ്രധാന നേട്ടം.

 നിലവില്‍ കുടിയേറ്റ നിയമത്തിന്റെ പരിതിയിലാണ് ഗാര്‍ഹിക തൊഴിലാളികള്‍.നിലവില്‍ കുവൈറ്റില്‍ 3 , 43 , 350 ഇന്ത്യക്കാര്‍ ഗാര്‍ഹിക മേഖലയില്‍ പണിയെടുക്കുന്നു. അതില്‍ 71 ശതമാനം പുരുഷന്മാരും 29 ശതമാനം സ്ത്രീകളുമാണ്. ഭൂരിപക്ഷം തൊഴിലാളികളും ആന്ധ്ര , കേരളം , തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നുമുളളവരാണ്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യുട്ടി മന്ത്രി മജ്ദി അഹമദ് അല്‍ ദാഫിരിയുമായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

പോയവാരം ഇന്ത്യാ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ  അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനം. പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയരായിക്കൊണ്ടിരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ ഗാര്‍ഹിക തൊഴില്‍ കരാര്‍ പ്രകാരം നിയമത്തിന്റെ പൂര്‍ണ പരിരക്ഷ ലഭിക്കും.

കരാര്‍ നിബന്ധപ്രകാരം തൊഴിലാളിയുടെ പേരില്‍ , തൊഴിലുടമ ബാങ്കുകളില്‍ സാലറി അക്കൗണ്ട് ആരംഭിക്കണം. എല്ലാ മാസവും ശബളം തൊഴിലാളിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. പ്രതിദിനം 8 മണിക്കൂര്‍ വിശ്രമം തൊഴിലാളികള്‍ക്ക് അനുവദിക്കണം.തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ചികിത്സാ ചെലവ് തൊഴിലുടമ വഹിക്കണം.സൗജന്യ ആരോഗ്യ - അപകട ഇന്‍ഷുറന്‍സ് നല്‍കണം. ജോലി നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക തുക ഈടാക്കുവാന്‍ ഏജന്‍സികളെ അനുവദിക്കില്ലെന്നും ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കുവാന്‍ പ്രത്യേകം സംവിധാനം ഒരുക്കുന്നതായും സ്ഥാനപതി വ്യക്തമാക്കി.

വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സംയുക്ത കമ്മിറ്റി രൂപികരിക്കാനും ധാരണയായി.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂറും ലഭ്യമായ ഹെല്‍പ്പ് ഡെസ്‌ക് ഇന്ത്യന്‍ എംബസിയിലും കുവൈറ്റ് ഗവണ്‍മെന്റിന്റെ കീഴിലും ആരംഭിക്കും.

തൊഴിലുടമയുമായി തര്‍ക്കത്തിലാകുന്ന ഗാര്‍ഹിക തൊഴിലാളികളെ പാര്‍പ്പിക്കുവാനായി എംബസിയുടെ നേതൃത്വത്തില്‍ രണ്ട് അഭയ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ 9 സ്ത്രീകളും 3 പുരുഷന്മാരുമാണ് അഭയ കേന്ദ്രങ്ങളില്‍ ഉള്ളത്. എത്രയും വേഗത്തില്‍ ഇവരെ മാതൃരാജ്യത്ത് എത്തിക്കാനുള്ള സത്വര നടപടികള്‍ എംബസി എടുക്കുന്നുണ്ട്. അഭയാര്‍ത്ഥികളായി കഴിയുന്നവരെ കാണാന്‍ സ്ഥാനപതി പോയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാ സൗകര്യങ്ങളും അഭയകേന്ദ്രങ്ങളില്‍ ലഭ്യമാണ്. തൊഴില്‍ തര്‍ക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ എംബസിയുമായി ബന്ധപ്പെടണം. നല്ല ഭക്ഷണവും താമസ സൗകര്യവും സുരക്ഷിതത്വവും എംബസി ഉറപ്പാക്കിയിട്ടുണ്ട്. തൊഴിലുടമയുമായി തര്‍ക്കമുണ്ടായില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗജന്യ നിയമ സഹായം എംബസി ലഭ്യമാക്കും. പരിഹാരം കാണുന്നതുവരെയുള്ള കാലയളവില്‍ ആനുകൂല്യങ്ങളും ലഭിക്കും. 100 കുവൈറ്റീ ദിനാറാണ് കുറഞ്ഞ വേതന നിരക്ക്. വാര്‍ഷിക അവധിക്ക് പോകുന്നവര്‍ക്ക് വേതനത്താടു കൂടിയ ഒരു മാസത്തെ അവധി ലഭിക്കും പ്രതിവര്‍ഷം.

ഗാര്‍ഹിക തൊഴിലാളി വിഷയങ്ങള്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുമായി നിരന്തരം എംബസി ബന്ധപ്പെടുന്നുണ്ടെന്നും ചൂഷണം ചെയ്യുന്ന ഏജന്റെമാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി.

പുതിയ ധാരണാ പത്രം കൊണ്ട് എന്ത് നേട്ടമെന്ന് വ്യക്തമാക്കാന്‍ പത്ര സമ്മേളനം സഹായിച്ചു . ചരിത്രപരമായ നീക്കമെന്നും  സ്ഥാനപതി വിശേഷിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top