15 June Tuesday

ബ്യൂട്ടിപാർലർ വെടിവയ്പ് : ലീന മരിയ പോളിന്‌ 
ഭീഷണി സന്ദേശം ; ശ്രദ്ധകിട്ടാൻ വേണ്ടിയാണെന്ന്‌ 
കരുതുന്നതായി അന്വേഷണസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021


കൊച്ചി
നടി ലീന മരിയ പോളിന് ബ്യൂട്ടിപാർലർ വെടിവയ്പ് കേസിലെ മുഖ്യ സൂത്രധാരനും പിടികിട്ടാപ്പുള്ളിയുമായ നിസാം സലീമിന്റെ ഭീഷണി സന്ദേശം. വിദേശത്ത് ഒളിവിലുള്ള പ്രതി കൊച്ചിയിലെ മാധ്യമപ്രവർത്തകനാണ് ഭീഷണി സന്ദേശം അയച്ചത്. വാട്‌സാപ്പിൽ രണ്ട്‌ ശബ്ദസന്ദേശങ്ങളായാണ്‌ ഭീഷണി മുഴക്കിയത്‌. ശബ്‌ദസന്ദേശത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. ലീന മരിയ പോൾ എവിടെ പോയി ഒളിച്ചാലും ട്രാക്ക്‌ ചെയ്യുമെന്ന്‌ സന്ദേശത്തിലുണ്ട്‌. തരാനുള്ള പണമാണ്  ലീനയോട്‌ ചോദിച്ചതെന്നും കിട്ടാനുള്ള പണം കിട്ടിയേ തീരൂവെന്നും സന്ദേശത്തിൽ പറയുന്നു.

ലീന മരിയ തരാനുള്ളത്‌ 25 കോടി രൂപയാണ്‌. ഇവരും ഭർത്താവ് സുകേഷും ചേർന്ന്‌ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തീഹാർ ജയിലിൽ കിടപ്പുണ്ട്. ലീന മരിയ പോളിനെ സിബിഐ അന്വേഷിക്കുന്നുണ്ട്‌. എന്നിട്ടും കേരളത്തിൽ കൊണ്ടുവന്ന് തെളിവെടുക്കാതെ വീഡിയോ കോളാണോ ചെയ്യുന്നത്‌. കേസിൽ ഇപ്പോൾ പിടിയിലായ രവി പൂജാരി ഫോൺ വിളിച്ചതേ ഉള്ളൂ. പണി എടുക്കുന്നതും എടുപ്പിക്കുന്നതും ഞാൻതന്നെയാണ്‌. അതുകൊണ്ട് ലീന മരിയ പോളിനെ വിടില്ല. രവി പൂജാരിയുടെ ആവശ്യം ഇനിയില്ല–- ശബ്‌ദസന്ദേശം പറയുന്നു.

കേസിലെ അഞ്ചാംപ്രതിയായ നിസാം സലീം പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബ്‌ദസന്ദേശം അയച്ചതെന്നാണ്‌ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സന്ദേശം ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. ലീന മരിയ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്‌പ് കേസിലെ പ്രതിയല്ല, പരാതിക്കാരിയാണ്. അതിനാല്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യേണ്ടതില്ലെന്നും ക്രൈംബ്രാഞ്ച്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top