15 June Tuesday

വലിയങ്ങാടിക്ക് മേലാപ്പായി, വെയിലും മഴയും ഇനി പുറത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

മഴയിൽ കുതിർന്ന സ്വപ്നങ്ങൾ അടച്ചുപൂട്ടലിന്റെ കാർക്കശ്യത്തിന് ഇളവ് കിട്ടിയപ്പോൾ വലിയ പ്രതീക്ഷയോടെയാണ് കട തുറന്നത്. മഴ പെയ്തതോടെ പ്രതീക്ഷകളൊക്കെ കുത്തിയൊലിച്ചുപോയി. കോഴിക്കോട് കോർട്ട്റോഡിൽനിന്നുള്ള ദൃശ്യം ഫോട്ടോ: ജഗത് ലാൽ

 
കോഴിക്കോട്‌> മലബാറിന്റെ കച്ചവടവഴിയിലെ ചരിത്ര കേന്ദ്രമായ വലിയങ്ങാടിയിലെ തൊഴിലാളികൾക്ക്‌ ഇനി വെയിലും മഴയും ഏൽക്കാതെ പണിയെടുക്കാം. അലൂമിനിയം ഷീറ്റുകൊണ്ടുള്ള മേലാപ്പിന്റെ പണി പൂർത്തിയായി. 388 മീറ്റർ ദൂരത്തിലാണ്‌ കോർപറേഷൻ നേതൃത്വത്തിൽ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മേലാപ്പ്‌ പണിതത്‌. മഴവെള്ളം താഴോട്ട്‌ ഒഴുക്കാനുള്ള പൈപ്പ്‌ ഇടൽ പ്രവൃത്തി മാത്രമാണ്‌ ഇനി ശേഷിക്കുന്നത്‌. ഇത്‌ രണ്ടാഴ്‌ചക്കകം പൂർത്തിയാകും. 
 
ലോറിയിൽ നിന്ന്‌ സാധനങ്ങൾ ഇറക്കുന്ന അട്ടിമറി തൊഴിലാളികളാണ്‌ വലിയങ്ങാടിയിൽ കഠിന വെയിൽ കൊണ്ട്‌ ചുമട്‌ ഇറക്കേണ്ടത്‌. താൽക്കാലികമായി വ്യാപാരികളും തൊഴിലാളികളും ചേർന്ന്‌ ഷീറ്റിട്ടിരുന്നെങ്കിലും മഴകൊണ്ട്‌ നാശമായി. പിന്നീടാണ്‌ സ്ഥിര മേലാപ്പിനായി കോർപറേഷനോട്‌ ആവശ്യമുന്നയിച്ചത്‌. ഒട്ടും കാലതാമസം കൂടാതെ വിവിധ ബജറ്റുകളിൽ ഇതിനായി പണം മാറ്റിവെച്ചാണ്‌ കോർപറേഷൻ പ്രവൃത്തി നടത്തിയത്‌.
 
രണ്ട്‌ ഘട്ടങ്ങളിലായി 2.75 കോടി രൂപയാണ്‌ ചെലവിട്ടത്‌. 2019 സെപ്‌തംബറിൽ 105 മീറ്ററിൽ  ആദ്യഘട്ട പ്രവൃത്തി തുടങ്ങി. 283 മീറ്ററിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ആഗസ്‌തിലാണ്‌ ആരംഭിച്ചത്‌. തീരുമാനിച്ചതിലും വേഗം ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തീകരിച്ചു. അഞ്ചര മീറ്റർ ഉയരത്തിൽ  മൊത്തം 42 തൂണുകളാണുള്ളത്‌. മഴ വെള്ളം ഓടയിലേക്ക്‌ ഇറക്കാനായി ഓരോ തൂണുകളിലും പൈപ്പ്‌ ഘടിപ്പിക്കുന്നുണ്ട്‌. ചെറൂട്ടി റോഡ്‌ ഭാഗത്തേക്ക്‌ 100 മീറ്റർ ദൂരത്തിൽ കൂടി മേലാപ്പ്‌ ഒരുക്കാൻ ആലോചനയുണ്ട്‌. അടുത്ത ഘട്ടത്തിലായി നടപ്പാക്കിയേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top