15 June Tuesday

മിന്നുംതുടക്കം. ; നെയ്‌മറിന്റെ ബൂട്ടിൽ ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

ബ്രസീലിയ
കോപ അമേരിക്ക ഫുട്‌ബോളിൽ ബ്രസീലിന്‌ മിന്നുംതുടക്കം. ഗ്രൂപ്പ്‌ എ യിൽ വെനസ്വേലയെ മൂന്ന്‌ ഗോളിന്‌ ചാമ്പ്യൻമാർ തകർത്തു. സൂപ്പർ താരം നെയ്‌മർ തകർപ്പൻ പ്രകടനം പുറത്തെടുത്തു. പെനൽറ്റിയിലൂടെ ഒരു ഗോൾ നേടിയ നെയ്‌മർ മറ്റൊന്നിന്‌ അവസരമൊരുക്കി. മാർക്വിന്യോസ്‌, ഗബ്രിയേൽ ബാർബോസ എന്നിവരാണ്‌  മറ്റ്‌ ഗോൾ നേട്ടക്കാർ.

കോവിഡ്‌ കാരണം പരിചയസമ്പത്തില്ലാത്ത നിരയുമായാണ്‌ വെനസ്വേല ഇറങ്ങിയത്‌. അരമണിക്കൂറിൽത്തന്നെ ബ്രസീൽ മുന്നിലെത്തി. പ്രതിരോധക്കാരൻ മാർക്വിന്യോസ്‌ ഗോളടിച്ചു. തുടർന്ന്‌ നിരവധി അവസരങ്ങൾ കിട്ടി. പക്ഷേ, ബ്രസീലിന്‌ എണ്ണം കൂട്ടാനായില്ല. റിച്ചാർലിസൺ പന്ത്‌ വലയിലാക്കിയെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിളിച്ചു. നെയ്‌മറും ഗബ്രിയേൽ ജെസ്യൂസും അവസരങ്ങൾ പാഴാക്കി.

രണ്ടാംപകുതിയിൽ നെയ്‌മർ പെനൽറ്റിയിലൂടെ ലീഡ്‌ വർധിപ്പിച്ചു. ഇതോടെ നെയ്‌മർക്ക്‌ ആകെ 67 ഗോളായി. ഇതിഹാസതാരം പെലെയേക്കാൾ 10 ഗോൾമാത്രം പിന്നിൽ. 89–-ാം മിനിറ്റിൽ നെയ്‌മറുടെ നീക്കത്തിൽ ബാർബോസ പട്ടിക തികച്ചു.മറ്റൊരു മത്സരത്തിൽ കൊളംബിയ 1–-0ന്‌ പരാഗ്വേയെ തോൽപ്പിച്ചു.പതിനെട്ടിന്‌ പെറുവുമായാണ്‌ ബ്രസീലിന്റെ അടുത്ത മത്സരം. കോവിഡ്‌ കാരണം ഒരുവർഷം നീട്ടിവച്ച ടൂർണമെന്റ്‌ വേദിമാറ്റങ്ങൾക്കൊടുവിലാണ്‌ ബ്രസീലിൽ തുടങ്ങിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top