14 June Monday

മതേതര ജനാധിപത്യ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടണം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021


മലപ്പുറം
വർഗീയ ഫാസിസ്‌റ്റ്‌ ശക്തികളെ ചെറുക്കാൻ രാജ്യത്തെ മതേതര –-ജനാധിപത്യ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ജനങ്ങളുടെ പൗരത്വംമുതൽ ഭക്ഷണശീലംവരെയുള്ള കാര്യങ്ങളിൽ ഇടപെട്ട്‌ സ്വൈര്യജീവിതം തകർക്കുകയാണ്‌ കേന്ദ്രസർക്കാർ. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങൾ ബിജെപിയുടെ ഹിംസാത്മക രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഇ എം എസ്‌ ജന്മദിനത്തിൽ സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്‌ബുക്ക്‌ പേജിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു കോടിയേരി.

മതനിരപേക്ഷ രാഷ്‌ട്രീയത്തിന്റെ ഉറച്ച വക്താക്കൾ ഇടതുപക്ഷമാണ്‌. ഇ എം എസ്‌ ഉൾപ്പെടെയുള്ള ആദ്യകാല നേതാക്കൾ കാട്ടിത്തന്ന പാതയിലൂടെയാണ്‌ ഇന്ത്യൻ ഇടതുപക്ഷം മുന്നോട്ടുപോകുന്നത്‌. മൂക്കാൽ നൂറ്റാണ്ട്‌  കേരള ചരിത്രത്തിന്റെ ഭാഗമായിരുന്ന ഇ എം എസ്‌  വിടവാങ്ങിയശേഷവും നമ്മുടെ സാമൂഹ്യ, രാഷ്‌ട്രീയ, സംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്‌. ഓരോ സാമൂഹിക പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോഴും നാം  ഇ എം എസിലേക്ക്‌ പിന്തിരിഞ്ഞ്‌ നോക്കുകയാണ്‌. അദ്ദേഹത്തിൽനിന്ന്‌ പഠിക്കുകയാണ്‌.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം കേരളമാകെ പ്രത്യാശയുടെ ഉന്മേഷം പകർന്നു. ക്ഷേമത്തിലും വികസനത്തിലും അധിഷ്ഠിതമായ  നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ. എല്ലാ ഫെഡറൽ മര്യാദകളെയും കാറ്റിൽപറത്തി  കേരളത്തെ ഞെരുക്കാൻ ശ്രമിക്കുകയാണ്‌ കേന്ദ്രത്തിലെ ബിജെപി സർക്കാർ. ഈ സമയത്തും കോവിഡ്‌ മഹാമാരിക്കെതിരെ മാതൃകാപരമായ പ്രതിരോധമൊരുക്കിയും പുത്തൻ വികസനമാതൃക സൃഷ്ടിച്ചും പിണറായി സർക്കാർ മുന്നോട്ടുപോകുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള 20,000 കോടി രൂപയുടെ കോവിഡ്‌ പ്രതിരോധ പാക്കേജ്‌ കേരളത്തിന്റെ ആരോഗ്യമേഖലയെ സുസ്ഥിരമായി ശക്തിപ്പെടുത്താനുള്ള പരിശ്രമമാണ്‌.
ജനപങ്കാളിത്തത്തോടെയുള്ള വികസന നയമാണ്‌ സർക്കാരിനുള്ളത്‌. സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക്‌ ജനങ്ങളെക്കൂടി അണിനിരത്തി പരിഹാരം കണ്ടെത്തുന്നു. ഈ ആശയം 1957 മുതൽ നാം മുന്നോട്ടുവയ്‌ക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top