14 June Monday

ലോകം ഉറ്റുനോക്കുന്നു ; ആനകളുടെ 
‘ലോങ്‌മാർച്ച്‌ ’

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

videograb image


ബീജിങ്
മൗ സെദൊങ്  നയിച്ച ഐതിഹാസികമായ ലോങ്‌മാർച്ചിന്റെ നാട്ടിൽ നിന്ന് കേള്‍ക്കുന്ന ആനക്കാര്യത്തിനു പിന്നാലെയാണ് ലോകം ഇപ്പോള്‍. എങ്ങോട്ടെന്നോ എന്തിനെന്നോ ആര്‍ക്കും സൂചനയൊന്നും നല്‍കാതെ ഒരുകൂട്ടം ആനകള്‍ നടന്നുനീങ്ങുന്നു. കോവിഡ് മഹാമാരിക്കെതിരെ ലോകം അടച്ചിടൽ തുടങ്ങിയ 2020 മാര്‍ച്ചില്‍ ചൈന–-- മ്യാന്മര്‍ അതിര്‍ത്തിയിലുള്ള ഷിസുവാന്‍ബന്നയിലെ സംരക്ഷിത വനമേഖലയില്‍നിന്ന് വടക്കോട്ട് നടന്നുതുടങ്ങിയതാണിവര്‍.  തുടക്കത്തിൽ  17 ആനകൾ ഉണ്ടായിരുന്നതായും രണ്ടെണ്ണം  കൂട്ടംതെറ്റി പോയെന്നും, അതല്ല 16 ആനകളിൽ ഒന്ന്‌ പിന്നിലായിപ്പോയതാണെന്നും 14 ആനകള്‍ ഉണ്ടായിരുന്ന സംഘത്തിലേക്ക് വഴിമധ്യേ ഒരു കുട്ടിക്കുറുമ്പന്‍കൂടി പിറന്നു വീണെന്നുമൊക്കെ പലതരത്തിൽ വാര്‍ത്തയുണ്ട്. ഏതായാലും നിലവില്‍ ആറ് ആണും മൂന്ന് പെണ്ണും ആറ് കുട്ടിയാനകളും ഉള്‍പ്പെടുന്ന സംഘം കാടുംമേടും നാടുംന​ഗരവുമൊക്കെ നടന്നുകണ്ട്  500 കിലോ മീറ്ററിലധികം പിന്നിട്ട് യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുമിങ്ങിന്റെ പരിസരത്താണിപ്പോള്‍. വിശക്കുമ്പോള്‍ വീടുകളില്‍നിന്നും കൃഷിയിടങ്ങളില്‍ നിന്നുമൊക്കെ ഭക്ഷണവും വെള്ളവും അകത്താക്കി പോകുന്നു. തിരക്കേറിയ ഹൈവേകള്‍ മുറിച്ചുകടക്കുകയും യാത്രാമധ്യേ കൂട്ടംചേര്‍ന്ന് നീണ്ടുനിവര്‍ന്ന്‌ ഉറങ്ങുകയുമൊ ക്കെ ചെയ്യുമ്പോഴും ആനകൾ ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്ല.

പുതിയ ആവാസവ്യവസ്ഥകൾ തേടിയുള്ള ദേശാടനങ്ങള്‍ പലയിനം പക്ഷികളിലും മൃ​ഗങ്ങളിലും സാധാരണമാണെങ്കിലും ഏഷ്യന്‍ ആനകള്‍ക്ക് ഈ പതിവില്ലെന്നതാണ് യാത്രയെ അസാധാരണമാക്കുന്നത്. ഒരേസമയം കൗതുകവും ആശങ്കയുമുണര്‍ത്തുന്ന ആനയാത്രയ്ക്ക് സംരക്ഷണമേകി ചൈനീസ് സംവിധാനങ്ങൾ ഒപ്പമുണ്ട്. ഒമ്പത്‌ ഡ്രോണുകള്‍ ഇവയെ മുഴുവന്‍ സമയവും നിരീക്ഷിച്ചുവരുന്നു. 

ജനവാസമേഖലകളിലേക്ക് ആനക്കൂട്ടം കടക്കുന്നത് ഒഴിവാക്കാന്‍ വഴിതിരിച്ചുവിടാൻ ശ്രമങ്ങളുണ്ട്‌ എന്നല്ലാതെ  യാത്ര മുടക്കാൻ ചൈന ഒരുക്കമല്ല. ആനകളുടെ യാത്രയ്‌ക്ക് ചൈനയ്ക്ക് ഇതുവരെ ഏഴു കോടി രൂപയിലധികം ചെലവായിട്ടുണ്ട്. മുളങ്കാടുകള്‍ തിങ്ങിനിറഞ്ഞ ഷിസുവാന്‍ബന്ന വിട്ടുപോകാന്‍ കാരണമെന്ത്‌, മടക്കയാത്രയുണ്ടാകുമോ എന്നൊക്കെ പലതട്ടുകളില്‍ ആനക്കൂട്ടത്തിനുവേണ്ടി ലോകം തലപുകയ്ക്കുമ്പോള്‍ ഇതൊന്നുമറിയാതെ അവര്‍ മുന്നോട്ടുനീങ്ങുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top