13 June Sunday

ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡനം : പ്രതിയുടെ സാമ്പത്തിക 
സ്രോതസ്സുകളെക്കുറിച്ച്‌ അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021


കൊച്ചി
യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക സ്രോതസ്സുകളിലേക്ക്‌ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മാർട്ടിന്റെ പണമിടപാടുവിവരങ്ങൾ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് നൽകി. എവിടെനിന്നെല്ലാം പണം ലഭിച്ചെന്നും ഇതെങ്ങനെ ചെലവഴിച്ചെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുമായി പണമിടപാട്‌ നടത്തിയവരെയും ചോദ്യം ചെയ്യും.

മണി ചെയിൻ, ക്രിപ്‌റ്റോ കറൻസി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇയാൾ പണം സമ്പാദിച്ചിരുന്നതെന്ന്‌ പ്രാഥമികാന്വേഷണത്തിൽ പൊലീസിന് ബോധ്യമായിട്ടുണ്ട്. കൂടുതൽ തെളിവുകൾ അക്കൗണ്ട് പരിശോധിക്കുമ്പോൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പലിശയ്ക്ക് കൊടുക്കാനുള്ള പണം എവിടെനിന്ന് ലഭിച്ചുവെന്നും അന്വേഷിക്കും. ലഹരി–-മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മാർട്ടിൻ ലഹരി ഉപയോഗിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണിത്‌.

പീഡനത്തിന്‌ ഇരയാക്കി അശ്ലീലദൃശ്യങ്ങൾ പകർത്തിയെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഈ ദൃശ്യങ്ങൾ സംബന്ധിച്ച വിവരങ്ങളും പൊലീസ്‌ തേടുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതിയെ തുടരന്വേഷണത്തിനായി വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട് തിങ്കളാഴ്ച എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകും. വ്യാഴാഴ്ച രാത്രി പിടിയിലായ പ്രതിയെ വെള്ളിയാഴ്ച കോടതി റിമാൻഡ്‌ ചെയ്തതോടെ കാര്യമായ ചോദ്യം ചെയ്യൽ നടന്നിട്ടില്ല. യുവതിയെ പൂട്ടിയിട്ട മറൈൻഡ്രൈവിലെ ഫ്ലാറ്റിലും ഒളിവിൽ കഴിഞ്ഞ സ്ഥലത്തും എത്തിച്ച്‌ തെളിവെടുക്കും.

മാർട്ടിന്റെ ജീവിതരീതിയും വരുമാനമാർഗവും ദുരൂഹമാണെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ പൊലീസിന് ബോധ്യമായിരുന്നു. മറൈൻഡ്രൈവിൽ മാസം 43,000 രൂപ വാടകയുള്ള ആഡംബര ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഓഹരിവിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ ഇയാൾ വാങ്ങിയിരുന്നു. മാസം 40,000 രൂപ ലാഭമാണ്‌ വാഗ്ദാനം ചെയ്‌തിരുന്നത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ഒരു സ്വിഫ്റ്റ് കാർ, ബിഎംഡബ്ല്യു കാർ, ഒരു ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top