പാലക്കാട് > ടോക്യോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ലോങ് ജമ്പ് താരം ശ്രീശങ്കറിന് ഇനി പരിശീലനത്തിന് തടസ്സമില്ല. സ്‌പീക്കർ എം ബി രാജേഷ് ഇടപെടലിൽ പരിശീലന ഉപകരണങ്ങൾ പാലക്കാട്ടെത്തും. അപേക്ഷ നൽകി തൊട്ടടുത്തദിവസം ഉപകരണങ്ങൾ അനുവദിച്ച് കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ ഉത്തരവ് കിട്ടി. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് പരിശീലന ഉപകരണങ്ങൾ സ്‌പോർട്‌സ് കൗൺസിൽവഴി ശ്രീശങ്കറിന്റെ വീട്ടിലെത്തിക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഇത്ര പെട്ടെന്ന് നടപടിയെടുത്ത സ്‌പീക്കർ എം ബി രാജേഷിനും മന്ത്രിക്കും ശ്രീശങ്കർ നന്ദി അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പരിശീലനം ബുദ്ധിമുട്ടിലായി. ജിമ്മിലെ പരിശീലനം അത്യാവശ്യമായിവന്നു. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ 2015 നാഷണൽ ഗെയിംസിന് ശേഷം ഉപയോഗിക്കാതെ കിടന്ന പരിശീലന ഉപകരണങ്ങൾ ( വെയിറ്റ് പ്ലേറ്റസ്, ബാർബെൽ, പ്ലാറ്റ്‌ഫോം എന്നിവ)ഉണ്ടെന്ന് അറിഞ്ഞാണ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിലേക്ക് അപേക്ഷ നൽകിയത്.
പരിശീലന ഉപകരണങ്ങൾ ലഭിക്കാൻ കാലതാമസ്സമുണ്ടാകുമെന്ന് അറിഞ്ഞപ്പോഴാണ് ഇക്കാര്യം സ്‌പീക്കർ എം ബി രാജേഷിനെ അറിയിച്ചതെന്ന് ശ്രീശങ്കർ പറഞ്ഞു. ചൊവ്വാഴ്ച സ്‌പീക്കർക്ക് നിവേദനം നൽകി. പിറ്റേന്നുതന്നെ ഉപകരണങ്ങൾ അനുവദിച്ച് ഉത്തരവുമിറങ്ങി.
നാളിതുവരെ തനിക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാകുന്നതിൽ എംപിയായിരിക്കെതന്നെ എം ബി രാജേഷ് ഇടപെട്ടിരുന്നുവെന്നും ശ്രീശങ്കർ പറഞ്ഞു. ഇതിന് നന്ദി അറിയിച്ച് സ്‌പീക്കറെ വിളിച്ചപ്പോൾ പരിശീലനം നന്നായി തുടരാനും ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനും കഴിയട്ടെ എന്ന് ആശംസിച്ചുവെന്നും ശ്രീശങ്കർ പറഞ്ഞു. കായികമന്ത്രി വി അബ്ദുറഹിമാനും സർക്കാരിനും ശ്രീശങ്കർ നന്ദി അറിയിച്ചു.
പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലാണ് പുരുഷന്മാരുടെ ലോങ് ജമ്പിൽ 8.26 മീറ്റർ ചാടി ഒളിമ്പിക്സ് യോഗ്യത നേടിയത്. സ്വന്തം ദേശീയ റെക്കോഡ്(8.20 മീറ്റർ)പുതുക്കിയാണ് ശ്രീശങ്കർ ഒളിമ്പിക്‌സിന് ടിക്കറ്റെടുത്തത്. 8.22 മീറ്ററായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാദൂരം. അഞ്ചാമത്തെ ചാട്ടത്തിലാണ് ഈ ഇരുപത്തൊന്നുകാരൻ സ്വപ്‌നദൂരം താണ്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..