കൽപ്പറ്റ
രാഹുൽ ഗാന്ധി എം പിയുടെ വയനാട്ടിലെ പരിപാടികൾക്ക് വാഹനം വിട്ടുകൊടുത്തതായി മുട്ടിൽ മരമുറി കേസിലെ പ്രതി മാംഗോഫോൺ ഉടമ ആന്റോ അഗസ്‌തിൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ടി സിദ്ദിഖിനും പി ടി തോമസിനും ഉമ്മൻചാണ്ടിക്കും വേണ്ടി അവരുടെ മണ്ഡലങ്ങളിൽ വോട്ട് ചോദിച്ചിട്ടുണ്ടെന്നും ചാനൽ ചർച്ചയിൽ ആന്റോ വ്യക്തമാക്കി. ജോസഫ് വിഭാഗം കേരള കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന നിലയിൽ യുഡിഎഫിൽ സജീവമാണെന്നും ആന്റോ പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിഷയങ്ങൾ പുറത്തുവന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കോൺഗ്രസ് നേതാക്കൾ കാത്തുനിൽക്കുകയായിരുന്നു. കോൺഗ്രസുകാർ നുണയന്മാരാണ്. ഒരു കോടി രൂപയുടെ മാംഗോ ഫോണുകൾ കോൺഗ്രസുകാർക്ക് നൽകിയിട്ടുണ്ടെന്നും ആന്റോ പറഞ്ഞു.
ലോക്‌സഭയിൽ സ്ഥാനാർഥിയാക്കാൻ
എൻഡിഎ ശ്രമിച്ചു
മുട്ടിൽ മരംമുറി കേസിലെ പ്രതിക്ക് ബിജെപി നേതാക്കളുമായും അടുത്ത ബന്ധം. ന്യൂനപക്ഷ മോർച്ച നേതാവായിരുന്ന ആന്റോയെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും എൻഡിഎ നീക്കംനടത്തി . ബിഡിജെഎസിന്റെ സീറ്റിൽ ആന്റോയെ മത്സരിപ്പിക്കാനായിരുന്നു ശ്രമം. സ്ഥാനാർഥിയായേക്കുമെന്ന് മാധ്യമങ്ങളെ ആന്റോതന്നെ വിളിച്ചറിയിക്കുകയും ചെയ്‌തു. എന്നാൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ വന്നതോടെ നടന്നില്ല.
കേന്ദ്ര മന്ത്രിമാരും എം പിമാരും ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇയാളുടെ സന്തതസഹചാരികളായിരുന്നു. മുട്ടിൽ വാഴവറ്റയിലെ കൊട്ടാര സദൃശമായ ബംഗ്ലാവിൽ നേതാക്കളെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ ആന്റോ സജീവമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ആന്റോ കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം സെക്രട്ടറിയായത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോടെ ആ പാർടിയുടെ സംസ്ഥാന സെക്രട്ടറിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..