11 June Friday

സ്വര്‍ണക്കടത്തുകേസിലെ കള്ളത്തെളിവുണ്ടാക്കല്‍: ജൂഡീഷ്യല്‍ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു; പൊതുജനങ്ങള്‍ക്ക് പറയാനുള്ളതും കേള്‍ക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

ജസ്റ്റിസ് വി കെ മോഹനന്‍ (ഇടത്)

കൊച്ചി > സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കാന്‍ കള്ളത്തെളിവുണ്ടാക്കിയ സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യപടിയായി കമീഷന്‍ റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍  ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ഇതിന്റെ ഭാഗമായി നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു. അന്വേഷണ വിധേയമായ കാര്യങ്ങളില്‍ അറിവും താല്ലര്യവും ഉള്ളവര്‍, അതുമായി ബന്ധപ്പെട്ട സത്യവാങ്മുലമോ  നിര്‍ദ്ദേശങ്ങളോ ജൂണ്‍ 26ന് വൈകുന്നേരം 5നുള്ളില്‍ കിട്ടത്തക്കവിധം ഫോണ്‍ നമ്പര്‍ സഹിതം അയച്ചുതരണമെന്ന് കമീഷന്‍ അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതിനാല്‍ സംഭവത്തെക്കുറിച്ച് നേരിട്ടറിയുന്നവര്‍ കൃത്യമായും വീഴ്ചകൂടാതെയും തെളിവ് നല്‍കി സഹായിക്കണമെന്നും കമീഷന്‍ അറിയിച്ചു.

കമീഷന്റെ അന്വേഷണ നടപടികളില്‍ കക്ഷി ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാപനങ്ങളും സംഘടനകളും അതിനായി ജൂണ്‍26ന് വൈകുന്നേരം 5 മണിക്കുള്ളില്‍ നേരിട്ടോ അഭിഭാഷകര്‍ /അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ കമ്മീഷന്‍ മുന്‍പാകെ അപേക്ഷിക്കേണ്ടതാണ്. സത്യവാങ്മൂലം പത്രിക, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന വ്യക്തികള്‍ അതോടൊപ്പം അവര്‍ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്ന രേഖകളും വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങള്‍ കാണിക്കുന്ന പട്ടികയും നല്‍കേണ്ടതാണ്. കമീഷന്‍ മുന്‍പാകെ സത്യവാങ്മുലവും പത്രികയും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുള്ള വ്യക്തികളെ വിസ്തരിക്കും. കമീഷന്റെ സിറ്റിംഗ് എറണാകുളത്തും കൊല്ലത്തും, കമീഷന് യുക്തമെന്നും ആവശ്യമെന്നും തോന്നുന്ന സ്ഥലങ്ങളിലും നടത്തുന്നതാണ്. കമീഷന്റെ സിറ്റിംഗ് സ്ഥലം, തീയതി, സമയം മുതലായവ പിന്നിട് അറിയിക്കും. 

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി, അങ്ങനെ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top