11 June Friday
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സൗജന്യം , മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്ക്‌

വിദ്യാർഥികൾക്ക്‌ 
സൗജന്യനിരക്കിൽ ഇന്റർനെറ്റ്‌ ; ഉന്നതതല കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


തിരുവനന്തപുരം
ഓൺലൈൻ പഠനത്തിന്‌ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്‌ സൗജന്യമായും അല്ലാത്തവർക്ക്‌ കുറഞ്ഞ ചെലവിലും ഇന്റർനെറ്റ്‌ ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി പ്രത്യേക സ്‌കീം തയ്യാറാക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്ഥാനത്തെ  മുഴുവൻ പ്രദേശത്തും ഇന്റർനെറ്റ് ലഭ്യമാക്കാൻ ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി നാല്  ദിവസത്തിനകം പ്രവർത്തന രൂപരേഖ തയ്യാറാക്കും. കോവിഡിന്റെ മൂന്നാം തരംഗവും പ്രതീക്ഷിക്കുന്നതിനാൽ  ഓൺലൈൻ പഠനം കുറച്ചുകാലം തുടരേണ്ടി വരും. പട്ടികവർഗ വിഭാഗത്തിൽ 86,423 കുട്ടികളുണ്ട്. ഇതിൽ 20,493 പേർക്ക് കണക്ടിവിറ്റി ഇല്ലാത്തതുകൊണ്ട്  ക്ലാസ്‌ നൽകാനാകുന്നില്ല.  പട്ടികവർഗ കോളനികളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത്‌ ഉറപ്പ് വരുത്തണം. ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം സാധ്യമായ ഇടങ്ങളിലെല്ലാം നൽകണം. വൈ-ഫൈ കണക്‌ഷൻ നൽകുന്നതിനുള്ള മൊബൈൽ ടവറുകളും മറ്റ് സംവിധാനങ്ങളുമൊരുക്കണം. യോഗത്തിൽ  എല്ലാ സേവന ദാതാക്കളും  അനുഭാവപൂർവം സംസാരിച്ചത് സർക്കാരിന് കരുത്ത് പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, വി  ശിവൻകുട്ടി, പ്രൊഫ. ആർ ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി പി  ജോയ്, ഐടി  പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും ബിഎസ്‌എൻഎൽ, ടെലികമ്യൂണിക്കേഷൻ വകുപ്പ്, ബിബിഎൻഎൽ, വൊഡാഫോൺ, ഭാരതി എയർടെൽ, ടാറ്റാ കമ്യൂണിക്കേഷൻ, റിലയൻസ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എടിസി ടെലകോം, ഇൻഡസ് ടവേഴ്സ് ലിമിറ്റഡ്, കേരള വിഷൻ ബ്രോഡ്ബാൻഡ്‌ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top