ന്യൂഡൽഹി
ഓണ്‍ലൈന്‍ നിക്ഷേപ ആപ് വഴി രാജ്യവ്യാപകമായി അഞ്ചുലക്ഷത്തിലേറെ പേരില്‍ നിന്നായി 350 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 12 പേര്‍ അറസ്റ്റിൽ. ഡൽഹി സൈബര്‍ സെല്‍ 11 പേരെയും ഉത്തരാഖണ്ഡ് പൊലീസിൻറെ പ്രത്യേക അന്വേഷണ സംഘം ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. ചൈനയിൽ നിന്നുള്ളവരാണ് തട്ടിപ്പിന്റെ സൂത്രധാരന്‍മാരെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് പൊലീസ് യുപിയിലെ നോയിഡ സെക്ടര്‍ 99 ല്‍ നിന്ന് അറസ്റ്റ് ചെയ്ത പവന്‍കുമാര്‍ പാണ്ഡെ എന്നയാളിൽ നിന്ന് 19 ലാപ്ടോപ്, അഞ്ചു മൊബൈല്‍ ഫോൺ, 592 സിം കാര്‍ഡ് എന്നിവ പിടിച്ചെടുത്തു. ദേശീയതലസ്ഥാന മേഖലയിൽ നിന്നും ബംഗാളിൽ നിന്നും ഡൽഹി സൈബര്‍ സെൽ അറസ്റ്റ് ചെയ്തവരിൽ രണ്ടുപേര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരാണ്. പവര്‍ ബാങ്ക് എന്ന ആപ്പുവഴിയാണ് തട്ടിപ്പ് നടത്തിയത്. മെയ് 12ന് ശേഷം ആപ് ഗൂഗിൾ പ്ലേസ്റ്റോറില്‍നിന്ന് അപ്രത്യക്ഷമായതോടെയാണ് വഞ്ചിക്കപ്പെട്ടതായി നിക്ഷേപകര്‍ക്ക് മനസ്സിലായത്. വിവിധ സ്കീമുകളിലായി ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നിക്ഷേപമായി ലഭിച്ച പണം തട്ടിപ്പ് കമ്പനികളിലൂടെ വിദേശത്തേക്ക് മാറ്റി.
കൂടുതല്‍ അന്വേഷണത്തിന് സിബിഐയുടെയും ഇഡിയുടെയും സഹായം തേടിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡിൽ മാത്രം 25 പരാതി ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..