തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. 24ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ച സമ്മേളനം 12 ദിവസമാണ് ചേർന്നത്. പുതിയ സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്, നയപ്രഖ്യാപനം, ബജറ്റ് എന്നിവ അവതരിപ്പിച്ച് പാസാക്കി. രണ്ട് സർക്കാർ പ്രമേയം ഏകകണ്‌ഠമായി പാസാക്കി. ഒരു ബിൽ നിയമമാക്കി. സത്യപ്രതിജ്ഞ ചെയ്‌ത ഒരംഗം രണ്ടാമതും സത്യപ്രതിജ്ഞ ചെയ്‌തു. ഭരണഘടനാ വ്യവസ്ഥ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്‌തതിനാൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയില്ലാത്ത ആദ്യ നിയമസഭയെന്ന പ്രത്യേകതയും 15–-ാം കേരള നിയമസഭയ്‌ക്കുണ്ട്. അതിനാൽ നിയമസഭയുടെ അംഗസംഖ്യ 141ൽനിന്ന് 140 ആയി പരിമിതപ്പെടുത്തിയതായി സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു.
ഒന്നാം സമ്മേളന കാലയളവിൽ ഏഴ് അടിയന്തരപ്രമേയ നോട്ടീസും 14 ശ്രദ്ധക്ഷണിക്കൽ നോട്ടീസും 89 സബ്മിഷനും സഭ പരിഗണിച്ചു. എല്ലാവർക്കും സൗജന്യമായി കോവിഡ്- വാക്സിൻ നൽകേണ്ട ആവശ്യകത സംബന്ധിച്ചും കേരളീയർക്ക് ഏറ്റവും ആത്മബന്ധമുള്ള കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും രണ്ട് സർക്കാർ പ്രമേയം ഏകകണ്‌ഠമായി പാസാക്കി.120 നക്ഷത്രച്ചിഹ്നമിട്ട ചോദ്യവും 1034 നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യവും അനുവദിച്ചു. 14 ചോദ്യത്തിന് മന്ത്രിമാർ വാക്കാൽ മറുപടി നൽകി. സഭാതലത്തിൽ 109 ഉപചോദ്യം ഉന്നയിച്ചു. മന്ത്രിമാർ അവയ്ക്ക് മറുപടി നൽകി. തദ്ദേശസ്വയംഭരണവും ഗ്രാമവികസനവും എക്സൈസുംമന്ത്രി, വൈദ്യുതി മന്ത്രി, സഹകരണവും രജിസ്ട്രേഷനും മന്ത്രി എന്നിവർ എല്ലാ ചോദ്യത്തിനും മറുപടി ലഭ്യമാക്കി. നിയമനിർമാണത്തിനായി ലഭ്യമായ സമയം ഉപയോഗപ്പെടുത്തി കാലിക പ്രാധാന്യമുള്ള 2021 ലെ കേരള സാംക്രമികരോഗ ബിൽ സഭയിൽ അവതരിപ്പിക്കുകയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കാതെ തന്നെ ഏകകണ്‌ഠമായി പാസാക്കി.
ദേവികുളം എംഎൽഎ എ രാജയാണ് രണ്ടാമതും സത്യപ്രതിജ്ഞ ചെയ്‌തത്. ആദ്യ ദിവസം പ്രോട്ടെം സ്‌പീക്കർ പി ടി എ റഹീമിന് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യാതിരുന്ന വി അബ്‌ദു റഹിമാൻ, കെ ബാബു (നെൻമാറ), എം വിൻസെന്റ് എന്നിവർ പിന്നീട് സ്‌പീക്കർക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്‌തു.
ധനവിനിയോഗ ബിൽ പാസാക്കി
നടപ്പു സാമ്പത്തികവർഷത്തെ വോട്ട് ഓൺ അക്കൗണ്ടും ധന വിനിയോഗ ബില്ലുകളും നിയമസഭ പാസാക്കി. ആഗസ്‌ത്, സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലെ ധനവിനിയോഗ ബില്ലാണ് അംഗീകരിച്ചത്. 36,072 കോടി രൂപയുടെ ചെലവിനുള്ള അനുമതിയാണ് സർക്കാരിന് നൽകിയത്. ഇതിൽ 32,542 കോടി രൂപ റവന്യൂ ചെലവിനും 3530 കോടി രൂപ മൂലധന ചെലവിനും വിനിയോഗിക്കാനുള്ള അനുവാദം ആവശ്യപ്പെട്ട ബിൽ 35ന് എതിരെ 90 വോട്ടിന് സഭ അംഗീകരിച്ചു.
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം ചേരുന്നതിലെ അനിശ്ചിതത്വം കണക്കിലെടുത്ത് മൂന്നു മാസത്തേക്കുകൂടി മുൻകരുതലെന്ന നിലയിലാണ് ധന വിനിയോഗത്തിന് അംഗീകാരം നൽകിയത്. ജൂലൈയിൽ വീണ്ടും നിയമസഭാ സമ്മേളനം ചേർന്ന് സമ്പൂർണ ബജറ്റ് പാസാക്കുന്ന നിലയിലുള്ള സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ ഇത് സാധ്യമായില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിക്ക് കാരണമായേക്കാം. സർക്കാർ ചെലവുകൾക്ക് സാധ്യമല്ലാത്ത സ്ഥിതി വരും. അത്തരം സാഹചര്യം ഒഴിവാക്കാനാണ് മുൻകരുതൽ.
ധനമന്ത്രി കെ എൻ ബാലഗോപാൽ ബിൽ അവതരിപ്പിച്ചു. വി ജോയി, കെ ഡി പ്രസേനൻ, വാഴുർ സോമൻ, ആന്റണി ജോൺ, ജോബ് മൈക്കിൾ, സേവ്യർ ചിറ്റിലപ്പിള്ളി, എ രാജ, മാത്യു ടി തോമസ്, കെ പ്രേംകുമാർ, ഡോ. സുജിത് വിജയൻപിള്ള, സി സി മുകുന്ദൻ, ദലീമ, അബ്ദുൾ ഹമീദ്, ടി ജെ വിനോദ്, എൽദോസ് കുന്നപ്പിള്ളിൽ, മഞ്ഞളാംകുഴി അലി, കെ കെ രമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും മറുപടി പറഞ്ഞു.
ധനബില്ലും പാസാക്കി
ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ നികുതി സംബന്ധമായ നിർദേശങ്ങൾ അടങ്ങിയ ധനബിൽ ശബ്ദ വോട്ടോടെ സഭ അംഗീകരിച്ചു. ധന ബിൽ അവതരിപ്പിച്ചെങ്കിലും, പാസാക്കാതെയാണ് 14–-ാം നിയമസഭ പിരിഞ്ഞത്. പഴയ സഭയിൽ അവതരിപ്പിച്ച ബിൽ വീണ്ടും പുതിയ സഭയുടെ പരിഗണനയ്‌ക്ക് എത്തിയതാണ്. ഒപ്പം, കേന്ദ്ര ചരക്കുസേവന നികുതി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾക്ക് അനുസൃതമായി സംസ്ഥാന നികുതി നിയമത്തിൽ മാറ്റത്തിനുള്ള നിർദേശങ്ങളും സഭ അംഗീകരിച്ചു. സി കെ ഹരീന്ദ്രൻ, കെ യു ജനീഷ് കുമാർ, സനീഷ് കുമാർ ജോസഫ്, പി ബാലചന്ദ്രൻ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, കെ പി മോഹനൻ, മോൻസ് ജോസഫ്, പി ഉബൈദുള്ള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ധനമന്ത്രി മറുപടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..