കാസർകോട്
തന്നെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തിയും രണ്ടര ലക്ഷം രൂപ തന്നുമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിച്ചതെന്ന് മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന കെ സുന്ദര ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നേരത്തേ ബദിയടുക്ക പൊലീസിൽ നൽകിയ മൊഴിയാണ് വ്യാഴാഴ്‌ച ആവർത്തിച്ചത്. പെർള ഷേണിയിലെ ബന്ധുവീട്ടിൽ താമസിക്കുന്ന സുന്ദരയുടെ മൊഴി ഇവിടെയെത്തിയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തിയത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ലെന്ന് സുന്ദര മൊഴി നൽകി. വാണിനഗറിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ബലംപ്രയോഗിച്ച് കാറിൽ കയറ്റി മഞ്ചേശ്വരം ജോഡ്‌ക്കലിലെ ബിജെപി ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വൈകിട്ടുവരെ തടങ്കലിൽവച്ചു. സ്ഥാനാർഥിത്വം പിൻവലിക്കാൻ വീണ്ടും ഭീഷണിപ്പെടുത്തി. 15 ലക്ഷം രൂപ വാഗ്‌ദാനം നൽകി. സുരേന്ദ്രൻ ജയിച്ചാൽ വീടും കർണാടകത്തിൽ വൈൻ ഷോപ്പും നൽകാമെന്ന് ഉറപ്പുനൽകി. എല്ലാം ശരിയാക്കാമെന്ന് ഫോണിൽ വിളിച്ച് സുരേന്ദ്രനും ഉറപ്പുനൽകി. തുടർന്ന്, തന്നെ വീട്ടിലെത്തിച്ച് സ്‌മാർട്ട് ഫോൺ നൽകി. രണ്ടര ലക്ഷം രൂപ അമ്മയുടെ കൈയിൽ കൊടുത്തുവെന്നും സുന്ദര മൊഴി നൽകി.
കൊടകര കുഴൽപ്പണക്കേസുമായി ബന്ധമുള്ള യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, സുരേഷ് നായിക്, അശോക്‌ഷെട്ടി എന്നിവരാണ് സുന്ദരയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇവരൊക്കയും കേസിൽ പ്രതികളാകും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് 171 –-ബി വകുപ്പനുസരിച്ചാണ് കോടതി ഉത്തരവ് പ്രകാരം നിലവിൽ സുരേന്ദ്രനെതിരെ കേസെടുത്തത്. സുന്ദരയുടെ മൊഴിപ്രകാരം തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽവയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ കുറ്റങ്ങളിലും സുരേന്ദ്രനും മറ്റ് മൂന്നുപേരും പ്രതികളാകും. കോടതിയിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് റിപ്പോർട്ടുനൽകും. തുടർന്ന്, അറസ്‌റ്റും ചോദ്യംചെയ്യലും ഉണ്ടാകുമെന്നാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..