12 June Saturday
തൊഴിലാളികളുടെ ഡാറ്റാബേസ്‌ തയ്യാറാക്കൽ എവിടെ വരെയെത്തിയെന്ന്‌ കോടതി

‘ഒരു രാജ്യം, ഒരു റേഷൻകാർഡ്‌’ പദ്ധതി നടപ്പാക്കണം ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


ന്യൂഡൽഹി
സംസ്ഥാനങ്ങള്‍ ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്‌’ പദ്ധതി നടപ്പാക്കണമെന്ന്‌ സുപ്രീംകോടതി.  അതിഥിത്തൊഴിലാളികൾക്ക്‌ രാജ്യത്തെവിടെയും റേഷൻ കിട്ടാന്‍ പദ്ധതി സഹായകമാകുമെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി നടപ്പാക്കിയെന്ന്‌ മഹാരാഷ്ട്രയും പഞ്ചാബും അറിയിച്ചു. സാങ്കേതികപ്രശ്‌നം കാരണം പദ്ധതി നടപ്പാക്കാനായില്ലെന്ന് ബംഗാൾ അറിയിച്ചു. ഒഴികഴിവുകൾക്കുള്ള സമയമല്ലെന്നും പദ്ധതി എല്ലായിടത്തും വേഗം നടപ്പാക്കണമെന്നും ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ നിർദേശിച്ചു. കോവിഡ്‌കാലത്ത് അതിഥിത്തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ സ്വമേധയാ എടുത്ത കേസിലാണ്‌ സുപ്രീംകോടതിയുടെ നിരീക്ഷണം.

രജിസ്‌റ്റർ ചെയ്യാത്ത തൊഴിലാളികൾക്ക്‌ ആനുകൂല്യം ലഭ്യമാകുന്നില്ലെന്ന്‌ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവേ ചൂണ്ടിക്കാട്ടി. രജിസ്‌റ്റർ ചെയ്‌തിട്ടില്ലാത്ത തൊഴിലാളികൾക്ക്‌ പിഎം ഗരീബ്‌ കല്യാൺ യോജന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നുണ്ടെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. എട്ട്‌ ലക്ഷം ടൺ ഭക്ഷ്യധാന്യം സംസ്ഥാനങ്ങൾക്ക്‌ നല്‍കിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും പറഞ്ഞു. എന്നാൽ, എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ ചുമലിലിടുന്നത്‌ ശരിയല്ലെന്ന്‌ ദുഷ്യന്ത്‌ ദവേ ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ തൊഴിലാളികളുടെ ഡാറ്റാബേസ്‌ തയ്യാറാക്കൽ എവിടെ വരെയെത്തിയെന്ന്‌ കോടതി ആരാഞ്ഞു. പുരോഗമിക്കുകയാണെന്ന്‌ കേന്ദ്രം പ്രതികരിച്ചു. അതിഥിത്തൊഴിലാളി വിഷയം കോടതി വിധി പറയാൻ മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top