11 June Friday

തർക്കം മുറുകുന്നു; 
യോഗി ഡൽഹിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

photo from yogi adityanath official twitter


ന്യൂഡൽഹി
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെച്ചൊല്ലി ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കൂടുതൽ ചർച്ചകൾക്കായി ഡൽഹിയിൽ. ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി ആദിത്യനാഥ്‌ ഒന്നരമണിക്കൂറോളം ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരെ വെള്ളിയാഴ്‌ച കാണും.

ആദിത്യനാഥ്‌ ഡൽഹിയിൽ എത്തുന്നതിനു തൊട്ടുമുമ്പാണ്‌ ജിതിൻ പ്രസാദയെ കോൺഗ്രസിൽനിന്ന്‌ ബിജെപി ചാടിച്ചത്‌. പ്രസാദ ബിജെപിയിൽ ചേരുമെന്ന്‌ രണ്ട്‌ വർഷമായി അഭ്യൂഹമുണ്ടെങ്കിലും ഈ സമയം അതിനായി തെരഞ്ഞെടുത്തത്‌ നിർണായകമാണ്‌. താക്കൂർ വിഭാഗത്തിൽപ്പെട്ട ആദിത്യനാഥിനെതിരെ ബ്രാഹ്‌മണസംഘടന രൂപീകരിച്ച്‌ പ്രചാരണം നടത്തുകയായിരുന്നു പ്രസാദ. ആദിത്യനാഥിന്റെ ഭരണത്തിൽ ബ്രാഹ്‌മണർക്ക്‌ രക്ഷയില്ലെന്ന്‌ പരസ്യമായി പറഞ്ഞ നേതാവാണ്‌ പ്രസാദ. ഇദ്ദേഹത്തെ വൻപ്രാധാന്യത്തോടെ ബിജെപിയിലേക്ക്‌ സ്വീകരിച്ചത്‌ ആദിത്യനാഥിനുള്ള വ്യക്തമായ സന്ദേശമാണ്‌.

പ്രധാനമന്ത്രിയുടെ വിശ്വസ്‌തനും ഗുജറാത്ത്‌ കേഡറിലെ മുൻ ഐഎഎസ്‌ ഉദ്യോഗസ്ഥനുമായ എ കെ ശർമയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തോട്‌ പുറംതിരിഞ്ഞുനിൽക്കുകയാണ്‌ ആദിത്യനാഥ്‌. ആർഎസ്‌എസ്‌ നേതൃത്വം ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല. ബിജെപി എംഎൽമാരും എംപിമാരും ആദിത്യനാഥിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കെ ആദിത്യനാഥിനെ മാറ്റാൻ ബിജെപി തയ്യാറാകില്ല. അതേസമയം,  ആദിത്യനാഥിനെ മെരുക്കാനുള്ള തീരുമാനങ്ങൾ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top