തിരുവനന്തപുരം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സി കെ ജാനുവിന് പണം കൈമാറിയ തിരുവനന്തപുരത്തെ ഹോട്ടലിലെ 503–-ാം നമ്പർ മുറി ബുക്ക് ചെയ്തത് ബിജെപി സംസ്ഥാന കമ്മിറ്റി. ഹോട്ടൽ ബില്ലിൽ മുറിയുടെ നമ്പരും ബിജെപി എന്ന പേരും വ്യക്തം. പണം കൈമാറിയെന്ന് പ്രസീത അഴീക്കോട് പറഞ്ഞതും ഇതേ തീയതിയാണ്. മുറിയും ഇതുതന്നെ. മാർച്ച് ആറിന് മുറിയെടുത്തു, എട്ടിന് ഒഴിഞ്ഞു എന്നാണ് ബിൽ.
സുരേന്ദ്രൻ ഇതേ ദിവസം ഇവിടെ ഉണ്ടായിരുന്നതായി ബിജെപിയുടെ ചില നേതാക്കൾ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ, രണ്ടുമാസം കഴിഞ്ഞതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നാണ് അറിയുന്നത്. ഫോൺ ലൊക്കേഷൻ അടക്കം ഡിജിറ്റൽ തെളിവുകളിലൂടെ ഇത് വ്യക്തമാകും. പണം കൈമാറിയിട്ടില്ലെന്നും ജാനുവിനെ ഈ പറയുന്ന ദിവസങ്ങളിൽ കണ്ടിട്ടില്ലെന്നുമുള്ള വാദങ്ങൾ ഇതോടെ പൊളിയുകയാണ്. ജാനു എത്തിയ സമയത്ത് മുറി ഏതെന്ന് സുരേന്ദ്രൻ ചോദിച്ചതും മറുപടി പറഞ്ഞതുമടക്കമുള്ള ശബ്ദരേഖകൾ കഴിഞ്ഞ ദിവസം പ്രസീത പുറത്തുവിട്ടിരുന്നു. സി കെ ജാനുവിന്റെ പാർടിയെ എൻഡിഎയിൽ എത്തിക്കാൻ പത്ത് ലക്ഷം രൂപ കൈമാറാമെന്ന് സുരേന്ദ്രൻ സമ്മതിക്കുന്ന ശബ്ദരേഖ നേരത്തേ ഇവർ പുറത്തുവിട്ടിരുന്നു. കൽപ്പറ്റയിൽവച്ച് പണം കൈമാറിയതടക്കം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് പ്രസീത പറഞ്ഞിട്ടുണ്ട്. ഇതിനിടെ, മംഗലാപുരത്തേക്ക് പോയതടക്കം സുരേന്ദ്രന്റെ ചില യാത്രകൾ സംബന്ധിച്ചും സംശയങ്ങളുയരുന്നുണ്ട്. കുഴൽ, കോഴ കേസുകൾവഴി കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ സംഘത്തിന്റെ പതനം ഉറപ്പായ സാഹചര്യത്തിൽ കൃഷ്ണദാസ് പക്ഷം പാർടിയിൽ പിടിമുറുക്കി. ദുർബലമായ വാദങ്ങൾ ഉയർത്തിയാണ് പ്രതിരോധമെങ്കിലും സുരേന്ദ്രന്റെ ചെയ്തികളെ ന്യായീകരിക്കാൻ അവർ തയ്യാറാകുന്നില്ല.
സംസ്ഥാന സർക്കാർ ബിജെപിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നു കാണിച്ച് ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ കണ്ട് നിവേദനം നൽകി.
വയനാട്ടിൽ 200ഓളം ബിജെപിക്കാർ രാജിക്ക്
ഇന്നോവ കാറിന്റെ സ്‌റ്റെപ്പിനി ടയറിന്റെ അടിയിൽ ഒളിപ്പിച്ച് കുഴൽപ്പണം ചുരം കയറ്റിയ വാർത്ത പുറത്തായതോടെ ബിജെപി ജില്ലാ ഘടകത്തിൽ വൻ പൊട്ടിത്തെറി. 200ഓളം ബിജെപി പ്രവർത്തകർ രാജിസന്നദ്ധത അറിയിച്ചു. ആർഎസ്‌എസ് നേതൃത്വം ഇടപെട്ട് തൽക്കാലം പ്രവർത്തകരെ അനുനയിപ്പിച്ച് നിർത്തിയിരിക്കുകയാണ്.
വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും നേതാക്കൾക്കെതിരെ വിമർശം ശക്തമാണ്. മാർച്ച് 24ന് കാസർകോട് കരന്തക്കാട് ബിജെപി ഓഫീസിൽനിന്നും ഒരു കോടി 5 ലക്ഷം രൂപ ബത്തേരിയിൽ എത്തിച്ചെന്നാണ് വിവരം. 72,25,000 രൂപ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്നാണ് പ്രവർത്തകർക്ക് ബിജെപി നേതൃത്വം നൽകിയ കണക്ക്. അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് 35 ലക്ഷത്തിലധികം രൂപയും ചെലവിട്ടു. എന്നാൽ പോസ്‌റ്ററുകളടിക്കാനോ പ്രചാരണത്തിനോ കാര്യമായ സഹായമൊന്നും ബിജെപി നൽകിയില്ലെന്ന് സി ശക ജാനുവിന്റെ ജെആർപി ആരോപിച്ചിരുന്നു.
കെ സുരേന്ദ്രനെ അറിയിച്ചിട്ടും പ്രതികരണമുണ്ടായില്ല. സംസ്ഥാന നേതാവും ജനറൽ സെക്രട്ടറിയും അടക്കം മൂന്ന് പേരാണ് ഫണ്ട് കൈകാര്യം ചെയ്‌തത്. ഫണ്ട് വീതം വെയ്‌ക്കുന്നത് സംബന്ധിച്ച് നേതാക്കൾ തമ്മിൽ വാക്‌പോരും കൈയാങ്കളിയും നടന്നിരുന്നു. ജനറൽ സെക്രട്ടറിയെ കൈയേറ്റം ചെയ്‌ത യുവമോർച്ച നേതാവിപ്പോൾ സസ്‌പെൻഷനിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..