ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ വാക്സിനേഷനെ പ്രോത്സാഹിപ്പിക്കാന്‍ സൗജന്യ അരി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. വാക്സിന് സ്വീകരിക്കുന്ന 45 വയസിന് മുകളിലുള്ള എല്ലാവർക്കും 20 കിലോ വരെ അരിയാണ് സൗജന്യമായി പ്രഖ്യാപിച്ചത്.
ഈ പദ്ധതിയിലൂടെ പ്രദേശവാസികള്‍ക്കിടയില്‍ വാക്സിനേഷനുമായി (Covid Vaccine) ബന്ധപ്പെട്ട് പരക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. ഈ ഓഫർ പ്രഖ്യാപിച്ച ശേഷം 80 ഓളം പേര്‍ കഴിഞ്ഞദിവസം കാല്‍നടയായെത്തി വാക്സിന് സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഈ ഓഫർ നൽകുന്നത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയാണ്. അരിവിതരണം ഇനിയും തുടരുമെന്നും എന്നാൽ ഇനി 20 കിലോക്ക് പകരം 10 കിലോ ആയിരിക്കുമെന്നും അധികൃതര്‍ പറയുന്നു. പ്രദേശത്ത് വാക്സിനേഷന് നപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ തങ്ങൾ സ്വീകരിക്കുന്നതായി യസാലി സര്‍ക്കിള്‍ ഓഫിസര്‍ താഷി വാങ്ചുക് തോങ്ഡോക് (Tashi Wangchuk Thongdok) പറഞ്ഞു.
കഴിഞ്ഞദിവസം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ 80 പേര്‍ വാക്സിന് സ്വീകരിച്ചുവെന്നും ജൂണ്‍ അവസാനത്തോടെ നൂറുശതമാനം വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
1399 പേരാണ് യസാലി സര്‍ക്കിളില്‍ 45 വയസിന് മുകളിലുള്ളത്. കാല്‍നടയായി കിലോമീറ്ററുകളോളം നടന്നാണ് പലരും വാക്സിന് സ്വീകരിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ വീടുകള്‍ കയറിയിറങ്ങി (Door-to-Door) വാക്സിന് നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും തോങ്ഡോക് പറഞ്ഞു.
വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ (Vivekananda Kendra Vidyalaya) രണ്ടു പൂര്‍വ വിദ്യാര്‍ഥികളാണ് അരി വിതരണം ചെയ്യുന്നതിനായി സംഭാവന നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.