10 June Thursday

മുട്ടിൽ മരംമുറി: അന്വേഷണം 
തുടരാമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കൊച്ചി   
മുട്ടിൽ വനംകൊള്ള കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രതികളിലൊരാളായ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ഹർജി ഹൈക്കോടതി കൂടുതൽ വാദത്തിന്‌ മാറ്റി. ജസ്റ്റിസ് നാരായണ പിഷാരടിയാണ് ഹർജി പരിഗണിച്ചത്

അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വൻതോതിൽ മരം മുറിച്ചതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി കോടതിയെ അറിയിച്ചു. ഉന്നതബന്ധമുള്ള കേസാണെന്നും  റവന്യൂ ഉദ്യോഗസ്ഥർ സസ്പെൻഷനിലാണെന്നും സർക്കാർ അറിയിച്ചു. 37 കേസുകൾകൂടി രജിസ്റ്റർ ചെയ്തതായും വിശദീകരിച്ചു. 

ഉത്തരവ്‌ പിൻവലിച്ചെന്ന്‌ സർക്കാർ
പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബറിൽ ഉത്തരവിട്ടത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിന്‌ നിർദേശം നൽകി. ഉത്തരവ് നിയമപരമല്ലെന്ന്‌ വിലയിരുത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ നിർദേശം.നിയമപരമല്ലാത്ത ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടോയെന്ന് വ്യക്തമാക്കാനും നിർദേശിച്ചു. ഉത്തരവ് പിൻവലിച്ചതായി സർക്കാർ അറിയിച്ചു. മുറിച്ചിട്ട മരങ്ങൾ കണ്ടുകെട്ടാൻ വനംവകുപ്പ് നടപടി സ്വീകരിക്കുന്നുവെന്ന്‌ പരാതിപ്പെട്ട് കാസർകോട് നെട്ടിഗെ സ്വദേശി ലിസമ്മ സെബാസ്‌റ്റ്യൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top