10 June Thursday

സമൂഹ അടുക്കളയിലും 
ക്യാപ്‌റ്റന്റെ ഇന്നിങ്സ്‌

ജാഷിദ്‌ കരീംUpdated: Thursday Jun 10, 2021

സജന സജീവൻ സമൂഹ അടുക്കളയിൽ ഭക്ഷണം വിളമ്പുന്നു

മാനന്തവാടി > എതിരാളികളുടെ വിക്കറ്റ്‌ പിഴുതെടുക്കുന്ന ബൗളറും തുടർച്ചയായി ബൗണ്ടറികൾ പായിക്കുന്ന ബാറ്റ്‌സ്‌മാനും മാത്രമല്ല സജനയിപ്പോൾ. മഹാമാരിയോട്‌ പൊരുതുന്ന നാടിന്റെ നന്മയ്‌ക്ക്‌ ഒരുക്കിയ സമൂഹ അടുക്കളയിലെ ‘ഓൾ റൗണ്ടർ’ കൂടിയാണ്‌.  കേരള വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യൻ ചലഞ്ചർ ട്രോഫി പ്ലെയറുമായ സജന സജീവനിപ്പോൾ മാനന്തവാടി നഗരസഭ സമൂഹ അടുക്കളയിലെ നിറ സാന്നിധ്യമാണ്‌.
 
കേരള വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന ഒരു താരപരിവേഷവുമില്ലാതെയാണ് സജന നാടിനും നാട്ടുകാർക്കുവേണ്ടിയും സമൂഹ അടുക്കളയിൽ സജീവമാകുന്നത്‌. ഇലയിടാനും ചോറും കറികളും വിളമ്പാനും സജന സദാസമയവും സമൂഹ അടുക്കളയിലുണ്ടാവും.  
 
രാവിലെ മുതൽതന്നെ സമൂഹ അടുക്കള പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. യുപി സ്‌കൂളിൽ സജനയെത്തും. പിന്നെ കൈമെയ് മറന്നുള്ള പ്രവർത്തനം. ഭക്ഷണപ്പൊതിയാക്കി ജീപ്പിൽ കയറ്റുകയും നഗരത്തിലെ അശരണർക്കും കോവിഡ് രോഗികൾക്കെല്ലാം ഭക്ഷണമെത്തിക്കാനും മുൻപന്തിയിലുണ്ട്‌.
 
ക്യാപ്റ്റനെന്ന നിലയിൽ തന്റെ  ടീമിന്റെ ഉത്തരവാദിത്തം എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതുപോലെ തന്നെയാണ്  ഇക്കാര്യത്തിലും താൻ സഹകരിക്കുന്നതെന്നും സജന പറയുന്നു. 2020ലെ ലോക്ഡൗൺ കാലത്തും സജന അന്നത്തെ സമൂഹ അടുക്കളയിലും സജീവ സാനിധ്യമായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ നഗരസഭ കൗൺസിലറുമായ ശാരദ സജീവന്റെയും ഓട്ടോ ഡ്രൈവറായ സജീവന്റെയും മകളാണ് സജന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top