തിരുവനന്തപുരം
പിഎസ്‌സി നിയമന ശുപാർശ ലഭിച്ച അധ്യാപകരെ സ്‌കൂൾ തുറക്കുന്നതിന് മുമ്പുതന്നെ നിയമിച്ചേക്കും. നിയമനത്തിന് സ്‌കൂൾ തുറക്കുന്നതുവരെ കാത്തിരിക്കണമെന്ന നിലപാട് സർക്കാർ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.കോവിഡ് കഴിഞ്ഞ് സ്‌കൂൾ തുറന്നാൽ അധ്യാപക നിയമനം എന്നായിരുന്നു സർക്കാർ കഴിഞ്ഞതവണ എടുത്ത നിലപാട്. എന്നാൽ കോവിഡ് നമ്മോടൊപ്പം തന്നെയുള്ളതിനാൽ ഇത് പുനഃപരിശോധിക്കും. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ 2513 അധ്യാപകരും ലാബ് അസിസ്‌റ്റന്റ് അടക്കമുള്ള അനധ്യാപകരുമടക്കം 3300 പേർക്ക് നിയമനം ലഭിക്കും.
എല്ലാവരെയും
നിയമിക്കും
പിഎസ്‌സി ശുപാർശ അയച്ച ആരുടെയും നിയമനം തടസ്സപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാർ നയം. പ്രതീക്ഷിക്കുന്ന ഒഴിവും മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. നിയമനങ്ങൾ പരമാവധി പിഎസ്‌സി മുഖേന നടത്തണമെന്നതാണ് നയമെന്നും പി സി വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കാരണം മാറ്റിയ പിഎസ്‌സി പരീക്ഷയും ഇന്റർവ്യൂവും രോഗതീവ്രത കുറഞ്ഞാൽ പുനരാരംഭിക്കും.
ഒഴിവ് റിപ്പോർട്ട്
ചെയ്‌തില്ലെങ്കിൽ നടപടി
കോവിഡ് വ്യാപനത്തെ തുടർന്ന് മത്സര പരീക്ഷ നടത്താൻ പിഎസ്‌സിക്ക് കഴിയുന്നില്ല. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമന ശുപാർശ നൽകുന്നതിലും ഇത് ബാധിക്കുന്നില്ല. ഫെബ്രുവരി അഞ്ചിനും ജൂലൈ മൂന്നിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് പട്ടികയുടെ കാലാവധി ജൂലൈ എട്ട്‌വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സമയത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് പരിശോധന നടത്തുന്നുണ്ട്. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ സമിതിയുമുണ്ട്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.
പ്രൊമോഷൻ തസ്‌തിക
പിഎസ്‌സി
കേഡറിലേക്ക് മാറ്റും
സീനിയോറിറ്റി തർക്കം, പ്രൊമോഷനായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷൻ തടസ്സപ്പെടുന്നവ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് തലവന്മാർക്ക് നിർദേശം നൽകി. ഈ തസ്തികകളെ, പിഎസ്‌സി റാങ്ക് പട്ടിക നിലവിലുള്ള കേഡറിലേക്ക് മാറ്റി നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..