തൃശൂർ
കൊടകരയിൽ ബിജെപിയുടെ കുഴൽപ്പണം കവർന്നകേസിൽ പൊലീസ് കണ്ടെടുത്ത പണം തിരികെയാവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജി കോടതി തള്ളി. പണവും വാഹനവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആർഎസ്‌എസ് നേതാവായ ധർമരാജൻ, ഇയാളുടെ ഡ്രൈവർ ഷംജീർ, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽനായിക് എന്നിവർ ചേർന്ന് നൽകിയ ഹർജിയാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളിയത്. മൂവരുടെയും പേരുകൾ ഹർജിയിലുണ്ടെങ്കിലും ധർമരാജൻ മാത്രമാണ് ഒപ്പിട്ടിട്ടുള്ളത്. ഇത് നിയമപരമായി നിലനിൽക്കില്ല. ഒറ്റ ഹർജിയായി പരിഗണിക്കാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ധർമരാജൻ ഹർജിയിൽ പറഞ്ഞതും പൊലീസിന് നൽകിയ മൊഴിയിലുമുള്ള വൈരുധ്യം പുറത്തുവന്നിരുന്നു. പണം തന്റേതും സുനിൽ നായിക്കിന്റേതുമാണെന്നാണ് ഹർജിയിലുള്ളത്. എന്നാൽ പണം കൊണ്ടുവരിക മാത്രമാണ് ചെയ്‌തതെന്നാണ് അന്വേഷകസംഘത്തിനും കോടതിയിലും മൊഴി നൽകിയത്. കാറിലുണ്ടായിരുന്ന പണം ധർമരാജന് കൈമാറാനാണെന്നായിരുന്നു പരാതി നൽകിയ ഷംജീറിന്റെ ആദ്യമൊഴി. തുടർന്ന് ചാലക്കുടി ഡിവൈഎസ്‌പി പണത്തിന്റെ ഉറവിടം കാണിക്കാൻ ധർമരാജന് നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാക്കിയിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..