തിരുവനന്തപുരം
നിയമസഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരിക തർജമയായി അംഗീകരിച്ചാൽ അവ സഭയുടെ രേഖയാക്കാനാകുമെന്ന് സ്‌പീക്കർ എം ബി രാജേഷ് പറഞ്ഞു. അതുവരെ നിലവിൽ മലയാളം പരിഭാഷയുടെ ആമുഖത്തിൽ ചേർത്തിരിക്കുന്ന സ്റ്റാറ്റ്യൂട്ടറി പ്രസ്താവന ഒഴിവാക്കാൻ കഴിയില്ലെന്ന് സ്‌പീക്കർ റൂളിങ് നൽകി. സഭാ ചട്ടങ്ങളുടെ മലയാള പരിഭാഷയുടെ ആമുഖത്തിന്റെ അവസാനം "ഇത് മൂലഭാഷയായ ഇംഗ്ലീഷിലുള്ള ചട്ടങ്ങളുടെ പരിഭാഷ മാത്രമായതിനാൽ നിയമപ്രകാരമുള്ള ഒരു ആധികാരിക രേഖയല്ല' എന്നതിനെക്കുറിച്ച് എ പി അനിൽകുമാർ ഉന്നയിച്ച ക്രമപ്രശ്‌നത്തിനാണ് സ്‌പീക്കറുടെ റൂളിങ്.
സഭ അംഗീകാരം നൽകിയ ചട്ടങ്ങൾ ഇംഗ്ലീഷ് ഭാഷയിലാണ്. അതിനാലാണ് ഇന്നും സഭാചട്ടങ്ങളുടെ ആധികാരിക രേഖ ഇംഗ്ലീഷായത്. മലയാള ഭാഷയിൽ ഉപയോഗിച്ചുവരുന്നത് ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തത് മാത്രമാണ്. അത് ആധികാരികമാണെന്ന് പറയാനാകില്ല. നിയമ വകുപ്പ് തയ്യാറാക്കിയ പരിഭാഷയുടെ ഏതെങ്കിലും വ്യവസ്ഥ വ്യാഖ്യാനിക്കുമ്പോൾ ശരിക്കുള്ള ടെക്‌സ്‌റ്റുമായി വൈരുധ്യം ഉണ്ടായാൽ ഇംഗ്ലീഷ് ടെക്‌സ്‌റ്റിനായിരിക്കും മുൻതൂക്കമെന്ന നിയമപരമായ മുന്നറിയിപ്പാണ് മലയാളം പരിഭാഷയുടെ ആമുഖത്തിൽ ചേർത്തത്. ഔദ്യോഗിക ഭാഷയായ മലയാളത്തിന്റെ പ്രാധാന്യത്തെയോ പ്രാമുഖ്യത്തെയോ ഈ പ്രയോഗം ഒരു തരത്തിലും ഹനിക്കില്ല.
കേരള ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് പി എ മുഹമ്മദ് കമീഷൻ റിപ്പോർട്ട് ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സഹിതം തൊട്ടടുത്ത സമ്മേളനത്തിൽത്തന്നെ സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന ഉറപ്പിനെത്തുടർന്ന് സി ആർ മഹേഷിന്റെ ക്രമപ്രശ്നം തീർപ്പാക്കിയതായും സ്‌പീക്കർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..