തിരുവനന്തപുരം
കൊച്ചി– --ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണെന്ന് വ്യവസായമന്ത്രി പി രാജീവിനുവേണ്ടി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കൊച്ചിയിൽ തുടങ്ങി പാലക്കാട്ട് അവസാനിക്കുന്ന പദ്ധതിയാണ് ഇത്. ഈ മേഖലയിൽ അനുയോജ്യമായ സ്ഥലങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് ഉൽപ്പാദന ക്ലസ്റ്ററുകൾ രൂപീകരിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പാലക്കാട്, കണ്ണമ്പ്ര, പുതുശേരി സെൻട്രൽ ആൻഡ് ഈസ്റ്റ് എന്നിവിടങ്ങളിലായി 1720 ഏക്കർ ഭൂമി കണ്ടെത്തി. ഡിസംബറോടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കും.
കൊച്ചിയിൽ സ്ഥാപിക്കുന്ന ഗിഫ്റ്റ് സിറ്റിക്ക് ജില്ലയിലെ അയ്യമ്പുഴയിൽ 543 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹ്യ ആഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതി യാഥാർഥ്യമാകുമ്പോൾ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പ്രത്യക്ഷ തൊഴിലവസരവും 20,000 പരോക്ഷ തൊഴിലവസരവും അഞ്ചുവർഷത്തിനുള്ളിൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കെ എൻ ഉണ്ണിക്കൃഷ്ണൻ, എ സി മൊയ്തീൻ, പി മമ്മിക്കുട്ടി, കെ ബാബു (നെന്മാറ), എ പ്രഭാകരൻ, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..