ന്യൂഡൽഹി
കേരളത്തിലെ തെരഞ്ഞെടുപ്പുതോൽവിയും കുഴൽപ്പണ വിവാദവും ഉലയ്‌ക്കുന്നതിനിടെ കേന്ദ്ര നേതൃത്വം വിളിപ്പിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹിയിൽ ‘ഒളിവിൽ’. സാധാരണ ഡൽഹിയിൽ എത്തിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന സുരേന്ദ്രൻ ബുധനാഴ്‌ച രാത്രിവരെ ആരുമായും കൂടിക്കാഴ്‌ച നടത്താതെ സഹമന്ത്രി വി മുരളീധരന്റെ വസതിയിൽ കഴിഞ്ഞു. കേന്ദ്ര നേതൃത്വം വിളിപ്പിച്ചിട്ട് വന്നതല്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം.
വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ അടക്കം ചില കേന്ദ്രമന്ത്രിമാരെ കാണാൻ എത്തിയതാണെന്ന് സുരേന്ദ്രൻ ക്യാമ്പ് പ്രചരിപ്പിക്കുന്നുണ്ട്. മുട്ടിൽ മരംമുറി വിഷയം ജാവ്‌ദേക്കറുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യമത്രെ. എന്നാൽ, മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിൽ ഉള്ളപ്പോൾ സുരേന്ദ്രൻ ഇക്കാര്യത്തിനായി എന്തിന് വരണമെന്ന ചോദ്യമുയർന്നു.
തെരഞ്ഞെടുപ്പുതോൽവി, കുഴൽപ്പണ വിവാദം തുടങ്ങിയ വിഷയങ്ങളിൽ കൃഷ്‌ണദാസ്–- ശോഭ സുരേന്ദ്രൻ പക്ഷങ്ങളിൽനിന്നായി നാൽപ്പതോളം പരാതി കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിരുന്നു. കുഴൽപ്പണം ദേശീയതലത്തിൽ വാർത്തയായതും ബിജെപിക്ക് ക്ഷീണമായി. തുടർന്ന് ഇ ശ്രീധരൻ, ജേക്കബ് തോമസ്, സി വി ആനന്ദബോസ്, സുരേഷ് ഗോപി തുടങ്ങി ബിജെപിയുമായി ചേർന്നുനിൽക്കുന്ന നിരവധി പേരിൽനിന്നായി കേന്ദ്ര നേതൃത്വം വിവരങ്ങൾ ആരാഞ്ഞു. തെരഞ്ഞെടുപ്പുഫണ്ട് ക്രമക്കേടടക്കം ചൂണ്ടിക്കാട്ടി ഇവർ സമർപ്പിച്ച റിപ്പോർട്ടും സുരേന്ദ്രന് കെണിയായി.
നിലവിലെ ഭാരവാഹികളെ പിരിച്ചുവിടണമെന്ന നിർദേശമടക്കം കേന്ദ്ര നേതൃത്വത്തിനു ലഭിച്ച റിപ്പോർട്ടുകളിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഡൽഹിക്ക് എത്താൻ സുരേന്ദ്രന് നിർദേശം ലഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവർ സുരേന്ദ്രനിൽനിന്ന് വിവരങ്ങൾ ആരായും. ഇതിനു ശേഷമാകും നേതൃമാറ്റം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..