ഒന്നുകിൽ കെ സുധാകരന്റെയും സതീശന്റെയും നേതൃത്വത്തിൽ ഓരോ ഗ്രൂപ്പുകൾ രൂപംകൊള്ളും
അല്ലെങ്കിൽ എ, ഐ ഗ്രൂപ്പുകളെ നേരിടാൻ ഇരുവരും
ചേർന്ന് പുതിയ സമവാക്യം തീർക്കും
തിരുവനന്തപുരം
കെ സുധാകരനെ കെപിസിസി അധ്യക്ഷനായി അവരോധിച്ചതോടെ എ, ഐ ഗ്രൂപ്പുകൾക്കുമേൽ ഹൈക്കമാൻഡ് വിജയം അസന്ദിഗ്‌ധമായി. എന്നാലും ഗ്രൂപ്പുകളുടെ തകർച്ച ആരും പ്രതീക്ഷിക്കുന്നില്ല. പകരം പരമ്പരാഗത ഗ്രൂപ്പുകളും കെട്ടിയേൽപ്പിച്ച നേതൃത്വവും തമ്മിലുള്ള തുറന്ന യുദ്ധമാണ് കേരളത്തിലെ കോൺഗ്രസിനെ കാത്തിരിക്കുന്നത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കഴിയാത്തത് അക്രമോത്സുകത മുഖമുദ്രയാക്കിയ കെ സുധാകരന് എങ്ങനെ സാധ്യമാകും എന്നതാണ് ചോദ്യം.
കെപിസിസി തലപ്പത്ത് തലമുറമാറ്റം ഉദ്‌ഘോഷിച്ചവരെല്ലാം കെ സുധാകരന്റെ വരവോടെ അക്കാര്യം മറന്നു. എഴുപത്താറുകാരനായ മുല്ലപ്പള്ളിയെ മാറ്റി മൂന്ന് വയസ്സ് കുറവുള്ള കെ സുധാകരനെ പകരംവച്ചതിൽ എന്ത് തലമുറമാറ്റമെന്ന ചോദ്യം സ്വാഭാവികം. ഗ്രൂപ്പുകളുടെ അമർഷവും തലമുറമാറ്റം ‘തലവെട്ടലിൽ’ ഒതുങ്ങിയതും കോൺഗ്രസിനെ കൂടുതൽ അസ്വസ്ഥമാക്കും. ഗ്രൂപ്പുകൾക്ക് അതീതമായി ഒറ്റക്കെട്ടായി നയിക്കുമെന്നാണ് കെ സുധാകരൻ രാഹുൽ ഗാന്ധിക്ക് നൽകിയ ഉറപ്പ്.
ഗ്രൂപ്പുകൾക്കുമീതെ ഹൈക്കമാൻഡ് രംഗത്തിറക്കിയ വി എം സുധീരൻ പാതിവഴിയിൽ പിൻവാങ്ങി. ശരിക്കും ഹൈക്കമാൻഡ് നോമിനിയായി വന്ന മുല്ലപ്പള്ളി രാമചന്ദ്രനാകട്ടെ ചങ്ക് കലങ്ങിയാണ് ഇന്ദിരാഭവന്റെ പടിയിറങ്ങിയത്. സുധീരനും മുല്ലപ്പള്ളിക്കും കടക്കാൻ കഴിയാത്ത കടമ്പ കെ സുധാകരൻ എങ്ങനെ മറികടക്കും?
പ്രതിപക്ഷ നേതാവിന്റെ നിയമനത്തിലൂടെ ചെന്നിത്തലയാണ് അപമാനിതനായതെങ്കിൽ ഇപ്പോൾ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഒരുപോലെ മുറിവേറ്റു. കെ സുധാകരനു മുമ്പിലുള്ള പ്രധാന വെല്ലുവിളിയും ഇവരെ നേരിടുകയെന്നതാണ്.
കളിച്ചത് കെ സി
സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരാതിരിക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ആവുന്ന പണിയെല്ലാം എടുത്തു. മുല്ലപ്പള്ളിക്കു പകരം ആരുടെയും പേര് നിർദേശിക്കാതെ അമർഷം വെളിവാക്കിയെങ്കിലും അത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചതേയുള്ളൂ. ഏറ്റവും ഒടുവിൽ കൊടിക്കുന്നിൽ സുരേഷ് ആയാലും തരക്കേടില്ലെന്ന ധ്വനി ഇരുവരും നൽകിയെങ്കിലും അതും ഹൈക്കമാൻഡ് ചെവിക്കൊണ്ടില്ല. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും മൗനം കെ സി വേണുഗോപാൽ ആയുധമാക്കി.
ആഴത്തിൽ മുറിവേറ്റ് നേതാക്കൾ
ഗ്രൂപ്പുകളെ വെട്ടിനിരപ്പാക്കിയെന്ന അവകാശവാദം മുഴങ്ങുമ്പോഴും കാര്യങ്ങൾ അത്ര എളുപ്പമല്ല. ആഴത്തിൽ മുറിവേറ്റ് രക്തംവാർന്ന് നിൽക്കുന്ന ചെന്നിത്തലയും ഉമ്മൻചാണ്ടിയും തൽക്കാലം പരസ്യയുദ്ധത്തിന് മുതിരില്ല. അവസരം പാർത്ത് അടിക്കാനായിരിക്കും ഇരു ഗ്രൂപ്പുകളുടെയും ശ്രമം. ഒന്നുകിൽ കെ സുധാകരന്റെയും സതീശന്റെയും നേതൃത്വത്തിൽ ഓരോ ഗ്രൂപ്പ് രൂപംകൊള്ളും. അല്ലെങ്കിൽ എ, ഐ ഗ്രൂപ്പുകളെ നേരിടാൻ ഇരുവരും ചേർന്ന് പുതിയ സമവാക്യം തീർക്കും.
സ്ഥാനമോഹികൾ എന്തുചെയ്യും
വർക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ കെ വി തോമസ് ഉയർത്തുന്ന വെല്ലുവിളിയാണ് മറ്റൊന്ന്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കെ വി തോമസ് കോൺഗ്രസ് വിടുമെന്ന സൂചന പുറത്തുവന്നപ്പോഴാണ് അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. മൂന്നുമാസംപോലും ആ സ്ഥാനത്ത് തുടരാൻ അനുവദിച്ചില്ല.
കെപിസിസി അധ്യക്ഷസ്ഥാനമോഹികളായ ബെന്നി ബഹനാൻ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരെല്ലാം സുധാകരനു മുന്നിലെ വിലങ്ങുതടിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..