കൊച്ചി> മുഖപുസ്‌തകത്തിലെ ഒരു ചെറുകുറിപ്പിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ച കരുതലിന് ഇന്ന് എലിസബത്ത് ആന്റണിക്ക് ജീവന്റെ വിലയുണ്ട്. കിടപ്പുരോഗിയായ ഭർത്താവ് ജോർജ് പൗലോസിന് കോവിഡ് വാക്‌സിന്റെ ഒന്നാംഡോസ് ലഭിക്കാൻ ബുദ്ധിമുട്ടിയ കാര്യം ഞായറാഴ്ച എലിസബത്ത് എഫ്‌ബിയിലെഴുതി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത് സാധാരണക്കാരിയായ തന്റെ ഒരാവശ്യമെത്തിയാൽ ന്യായമാണെങ്കിൽ പരിഹരിക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് പോസ്‌റ്റിടുന്നതെന്നും അവർ കുറിച്ചു. തിങ്കളാഴ്‌ചതന്നെ നടപടിയുണ്ടായി, വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ ജോർജ് പൗലോസിന് കോവിഷീൽഡിന്റെ ആദ്യഡോസ് നൽകി.
അനശ്വര നടൻ പി ജെ ആന്റണിയുടെ മകളാണ് കടവന്ത്ര വിദ്യാനഗർ സ്വദേശിനി അഡ്വ. എലിസബത്ത് ആന്റണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ, തന്നെ നേരിട്ടുവിളിച്ചതായി തുടർന്ന് മറ്റൊരു പോസ്‌റ്റിൽ എലിസബത്ത് കുറിച്ചു. സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വാക്‌സിനേഷന് സഹായങ്ങളൊരുക്കിയ മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, കോർപറേഷൻ കൗൺസിലർ പി ആർ റെനീഷ് എന്നിവർക്കും എഫ്‌ബി കുറിപ്പിൽ നന്ദി അറിയിച്ചിട്ടുണ്ട്.
‘എന്റെ മടിയിൽ കനമില്ല. എനിക്ക് വഴിയിൽ ഭയവുമില്ല. എന്റെ കൈകൾ ശുദ്ധമാണ്’. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളാണ് എലിസബത്ത് ആന്റണിക്ക് എറ്റവും പ്രിയം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..