08 June Tuesday

സുരേന്ദ്രനെ പിന്തുണക്കുന്നതിനെ ചൊല്ലി തര്‍ക്കം; സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ നിന്ന്‌ 'ഇറങ്ങിപ്പോയി'

സ്വന്തംലേഖകന്‍Updated: Tuesday Jun 8, 2021

കോഴിക്കോട്>  സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണക്കുന്നതിനെച്ചൊല്ലി ബിജെപി ജില്ലാകമ്മിറ്റിയോഗത്തില്‍ തര്‍ക്കം. അബ്കാരിയായ ധര്‍മ്മരാജനെ സംരക്ഷിക്കുന്ന നിലപാടിലും  വിമര്‍ശനവുമുണ്ടായി.

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു ശക്തമായ അഭിപ്രായവ്യത്യാസം. സുരേന്ദ്രനും ഔദ്യോഗിക പകക്ഷത്തിനുമെതിരെ പി കെ കൃഷ്ണദാസ് വിഭാഗക്കാരാണ് വിമര്‍ശനമുതിര്‍ത്തത്. ജില്ലാവൈസ്പ്രസിഡന്റ് അഡ്വ. പി സുധീര്‍ , ജനറല്‍ സെക്രട്ടറി എം മോഹനന്‍, ഉത്തരമേഖലാ സെക്രട്ടറി പി ജിജേന്ദ്രന്‍ എന്നിവര്‍ സുരേന്ദ്രന്റെ ഒറ്റയാന്‍ ശൈലിയാണ് പാര്‍ടിയെ പ്രതിസന്ധിയിലാക്കിയതെന്ന് പറഞ്ഞു.   

കോഴിക്കോട്ടുകാര്‍ക്കെല്ലാം 'നന്നായി' അറിയാവുന്ന ധര്‍മ്മരാജനെ ചുമതല ഏല്‍പിച്ചവരാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ ഉത്തരവാദിയെന്നും ചൂണ്ടിക്കാട്ടി. ഇതോടെ മറുപക്ഷത്തെ സി ബാലസോമന്‍, അജയ് നെല്ലിക്കോട്, കെ പി വിപിന്‍ എന്നിവര്‍ എതിര്‍ത്തു.സുരേന്ദ്രനെ ന്യായീകരിച്ച ഇവര്‍  ജില്ലാനേതൃത്വം പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റിനെ പിന്തുണക്കാതെ ആക്ഷേപപ്രചാരകരായെന്ന് കുറ്റപ്പെടുത്തി.

പ്രസ്ഥാനത്തിനൊപ്പമാണെന്നും  വ്യക്തിക്കൊപ്പമല്ലെന്നും ജില്ലാ നേതാക്കള്‍  പ്രചരിപ്പിച്ചു. അബ്കാരിക്കേസ് പ്രതിയെ   സംരക്ഷിക്കേണ്ട ബാധ്യത പാര്‍ടിക്കില്ലെന്ന്  പറഞ്ഞ് കൃഷ്ണദാസ് പക്ഷം തിരിച്ചടിച്ചു.

ബഹളം രൂക്ഷമായതോടെയാണ് സുരേന്ദ്രന്‍ പക്ഷക്കാരനായ    സംസ്ഥാന ജനറല്‍ സെക്രട്ടറി  സി കൃഷ്ണകുമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  അതേസമയം ദേശീയ സമിതി അംഗം പി കെ  കൃഷ്ണദാസും   സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനും യോഗത്തില്‍  പങ്കെടുത്തു.    കൊടകര കുഴല്‍പ്പണക്കേസിനെതിരെ  സമരം ആലോചിക്കാനായിരുന്നു യോഗം. ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ അധ്യക്ഷനായി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top