മൊഹമ്മദ് ഷമീമിന്‍റെ കുടുംബത്തിൽ മൂന്നുപേരുണ്ട്. പക്ഷേ വെയിറ്റിംഗ് ലിസ്റ്റിലുള്ള പേരുകളിൽ ഒരാൾക്കെങ്കിലും ഉറപ്പുള്ള ടിക്കറ്റ് കിട്ടാൻ‌വേണ്ടിയാണ് അയാൾ റെയിൽ‌വേ ടിക്കറ്റ് ഏജന്‍റിനോട് കെഞ്ചുന്നത്. “എന്‍റെ ഭാര്യയ്ക്കെങ്കിലും ഒരു സീറ്റ് കിട്ടിയാൽ മതി” എന്ന് പറയുന്നു അയാൾ. “ഞാനെങ്ങിനെയെങ്കിലും കയറിക്കൂടും. എനിക്ക് ഏതവസ്ഥയിലും യാത്ര ചെയ്യാനറിയാം. കഴിഞ്ഞതവണത്തെപ്പോലെ സ്ഥിതി വഷളാവുന്നതിനുമുൻപ് വീട്ടിലെത്തണം”. ഉത്തർപ്രദേശിലെ ഗ്രാമത്തിലെത്താൻ ശ്രമിക്കുന്ന ഷമീം പറഞ്ഞു.

“സീറ്റ് ഉറപ്പാക്കാൻ 1,600 രൂപയാണ് ഏജന്‍റ്  ചോദിക്കുന്നത്. 1,400 രൂപയിലേക്ക് എത്തിച്ചിട്ടുണ്ട് ഞാൻ” അയാൾ കൂട്ടിച്ചേർത്തു. “ഒരു ഉറപ്പുള്ള സീറ്റ് കിട്ടിയാൽ ഞങ്ങൾ വണ്ടിയിൽ കയറും. പിന്നെ പിഴയോ മറ്റോ അടയ്ക്കേണ്ടിവന്നാലും സാരമില്ല“ മുംബൈയിൽനിന്ന് ഉത്തർപ്രദേശിലേക്കുള്ള ഏറ്റവും താഴ്ന്ന ടിക്കറ്റ്നിരക്ക് 380-നും 500 രൂപയ്ക്കും ഇടയിലാണ്. ഫൈസബാദ് ജില്ലയിലെ മസോധ ബ്ലോക്കിലെ അബ്ബൂ സരായ് ഗ്രാമത്തിൽ അയാളുടെ രണ്ട് മൂത്ത സഹോദരന്മാരും ഭൂവുടമകളുടെ കീഴിൽ കർഷകത്തൊഴിലാളികളായി ജോലിയെടുക്കുകയാണ്. കൃഷിയുടെ സമയത്ത് മാത്രമേ ജോലിയുണ്ടാവൂ.

കോവിഡ്-19-ന്‍റെ രണ്ടാം വരവിനെ നേരിടാൻ ഫാക്ടറികൾ അടച്ചും, നിർമ്മാണമേഖലയിലെ തൊഴിലുകൾ നിർത്തിവെച്ചും മഹാരാഷ്ട്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ, 22 വയസ്സുള്ള ഷമീമിനും പതിനായിരക്കണക്കിന് കുടിയേറ്റ ജോലിക്കാർക്കും പത്ത് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോവേണ്ടിവന്നിരിക്കുന്നത്.

പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ 14-ന് നിലവിൽ വരുന്നതിനുമുൻപ് ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും തിരിച്ചുപോകാൻ ഏപ്രിൽ 11, 12 തീയതികളിൽ ആയിരക്കണക്കിന് കുടിയേറ്റത്തൊഴിലാളികളാണ് ബാന്ദ്ര ടെർമിനസും ലോകമാന്യതിലക് ടെർമിനസും അടക്കമുള്ള വലിയ റെയിൽ‌വേ സ്റ്റേഷനുകളിൽ കാത്തുകെട്ടിക്കിടക്കുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കുമെന്ന പേടിയിൽ, ഇനിയും ധാരാളമാളുകൾ പോകാൻ തയ്യാറെടുക്കുകയുമാണ്.

ശിവസേന ഭരിക്കുന്ന സർക്കാർ അടച്ചുപൂട്ടലിനെ കർഫ്യൂ എന്നോ നിയന്തണങ്ങൾ എന്നോ വിശേഷിപ്പിച്ചിട്ടില്ലെങ്കിലും, ഷമീം ഈ പദക്കസർത്തുകളെ തള്ളിക്കളയുന്നു. “ഞങ്ങൾക്കിത് രണ്ടാമത്തെ തവണയാണ് ശമ്പളം നഷ്ടപ്പെടുന്നത്. അത് ഇതിനകം ബാധിച്ചിട്ടുമുണ്ട്”

PHOTO • Kavitha Iyer

മൊഹമ്മദ് ഷമീമും , ഗൗസിയയും മകനും: “ ഒരു സീറ്റ് കിട്ടിയാൽ ഞങ്ങൾ വണ്ടിയിൽ കയറും. പിന്നെ പിഴയോ മറ്റോ അടയ്ക്കേണ്ടിവന്നാലും സാരമില്ല”

അയാൾ ജോലി ചെയ്യുന്ന വസ്ത്രനിർമ്മാണശാല ഏപ്രിൽ 13-ന് ചൊവ്വാഴ്ച അടച്ചു. “അടുത്തൊന്നും പണി വീണ്ടും തുടങ്ങാനാകുമെന്ന് സേഠ് കരുതുന്നില്ല. 13 ദിവസത്തെ കൂലി തന്നു”, അയാൾ പറഞ്ഞു. കൈയ്യിൽ ആകെയുള്ളത് ആ പണം - 5000 രൂപയിൽത്താഴെ - മാത്രമാണ്. ലോകമാന്യതിലക് ടെർമിനസ്സിൽനിന്ന് ഫൈസബാദിലേക്ക് പോകുന്ന വണ്ടിയിൽ രണ്ട് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾക്കായി അയാൾ 780 രൂപ കൊടുത്തുകഴിഞ്ഞു. “മുറിയുടെ ഉടമസ്ഥന് കഴിഞ്ഞയാഴ്ചയാണ് 5,000 രൂപ ഒരു മാസത്തെ മുൻ‌കൂർ വാടകയായി കൊടുത്തത്. ഞങ്ങളിനി കുറച്ചുമാസം ഇവിടെ ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടും ഒരു പൈസപോലും അയാൾ തിരിച്ചുതരാൻ തയ്യാറല്ല”.

കഴിഞ്ഞ കൊല്ലം മാർച്ചിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചപ്പോൾ, വലിയ നഗരങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകാൻ റെയിൽ‌വേ ഒരുക്കിയ ‘ശ്രമിക് സ്പെഷ്യൽ’ വണ്ടിയിലാണ് എങ്ങിനെയൊക്കെയോ ഇവർ മുംബൈയിൽനിന്ന് നാട്ടിൽ പോയത്.

അന്ന്, മേയ് അവസാനമാണ് ഉത്തർപ്രദേശിലേക്കുള്ള ടിക്കറ്റ് ശരിയായിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള റെയിൽ‌വേയുടെ സന്ദേശം ഷമീമിന്‍റെ ഫോണിൽ വന്നത്. “കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടലിലെ ആദ്യത്തെ രണ്ടു മാസത്തെ വാടകയ്ക്കും വെള്ളത്തിനും കറന്‍റിനുമായി 10,000 രൂപയാണ് കൊടുക്കാനുണ്ടായിരുന്നത്. അന്ന്, നാല് മാസത്തോളം പണിയുണ്ടായിരുന്നില്ല. ശമ്പളത്തിന്‍റെ വകയിൽ കിട്ടാനുണ്ടായിരുന്ന 36,000 രൂപ നഷ്ടപ്പെട്ടു. ഇപ്പോൾ വീണ്ടും 5000 രൂപ കൈയ്യിൽനിന്ന് പോയി”, ഷമീം പറഞ്ഞു. ഓരോ പൈസയ്ക്കും വിലയുള്ള ഈ കാലത്ത്, വല്ലാത്തൊരു പ്രഹരമായിരുന്നു അയാൾക്കത്.

ഷമീമിന്‍റെ ഭാര്യ, 20 വയസ്സുള്ള ഗൗസിയ ക്ഷീണിതയാണ്. വടക്കൻ മുംബൈയിലെ ബാന്ദ്രയിലുള്ള നർഗ്ഗീസ് ദത്ത് നഗർ എന്ന ചേരിയിലെ കുടുസ്സുമുറി വീട്ടിൽ, എട്ട് മാസം പ്രായമുള്ള മകൻ ഗുലാം മുസ്തഫ മോണ കാട്ടി ചിരിച്ച് കളിക്കുന്നു. അപരിചിതർ കൈയ്യിലെടുക്കുമ്പോൾ അവന്‍റെ മുഖത്ത് ആഹ്ളാദം. കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടൽ കഴിഞ്ഞ് ഓഗസ്റ്റിൽ മുംബൈയിൽ തിരിച്ചുവരുമ്പോൾ അവന് ഒരുവയസ്സ് തികഞ്ഞിരുന്നില്ല. “ഏതാനും ആഴ്ചകൾ അവന് തീരെ സുഖമുണ്ടായിരുന്നില്ല. പനിയും വയറിളക്കവും. ചിലപ്പോൾ ചൂട് കാരണമായിരിക്കും” ഗൗസിയ പറഞ്ഞു. “ഇപ്പോൾ ഇതാ വീണ്ടും കെട്ടിപ്പൂട്ടി തിരിച്ചുപോകേണ്ടിവന്നിരിക്കുന്നു. ഞങ്ങൾക്ക് വേറെ നിവൃത്തിയില്ല. സ്ഥിതിയൊക്കെ മെച്ചപ്പെട്ടാൽ ഞങ്ങൾ തിരിച്ചുവരും”.

നല്ല ദിവസങ്ങൾ തിരിച്ചുവന്നാൽ മതിയെന്നായിരിക്കുന്നു കുടുംബത്തിന്. കഴിഞ്ഞ ഓഗസ്റ്റിൽ മുംബൈയിൽ തിരിച്ചുവന്നപ്പോൾ പടിഞ്ഞാറൻ സാന്താക്രൂസിലുള്ള വർക്ക്ഷോപ്പിൽ ഷർട്ടുകൾ പാക്ക് ചെയ്യുന്ന ജോലിയിലേക്ക് ഷമീം തിരിച്ചുപോയി. ഈ വർഷം ഫെബ്രുവരിയിൽ, 1000 രൂപ കൂടുതൽ കിട്ടുമെന്ന് കേട്ട്, അഞ്ച് വർഷം ജോലിചെയ്ത ആ പഴയ പണിസ്ഥലം വിട്ട്, സാന്താക്രൂസ് ഈസ്റ്റിലുള്ള ഒരു ചെറിയ വസ്ത്രനിർമ്മാണ കമ്പനിയിൽ ചേർന്നതാണ് അയാൾ. ഇവിടെ മാസം, 10,000 ശമ്പളമാണ് കിട്ടിക്കൊണ്ടിരുന്നത്.

PHOTO • Kavitha Iyer

മോണിനിസ്സയും കുടുംബവും ഇതുപോലെ , ഫൈസബാദിലെ ഗ്രാമത്തിലേക്ക് പോകാൻ ആലോചിക്കുകയാണ്. 2020-ലെ അടച്ചുപൂട്ടൽ കാലത്ത്, അവരുടെ ഭർത്താവ് ഒരു വസ്ത്രനിർമ്മാണശാലയിൽ പാക്കിംഗ് ജോലിയിലായിരുന്നു ഇപ്പോൾ ചെയ്യുന്ന ഡ്രൈവർ ജോലിയും അയാൾക്ക് നഷ്ടമായിരിക്കുന്നു.

നർഗീസ്ദത്ത് നഗറിലെ ചേരിയിൽത്തന്നെ ഏതാനും വാതിലുകൾക്കപ്പുറത്ത് വേറൊരു കുടുംബവും പോകാൻ ഒരുങ്ങിനിൽക്കുകയാണ്. മോണിനിസ്സയും ഭർത്താവ് മൊഹമ്മദ് ഷാനവാസും. “കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടലിന് മുൻപ്, സാന്താക്രൂസ് വെസ്റ്റിലെ ഒരു വസ്ത്രനിർമ്മാണ ഫാക്ടറിയിൽ, 6,000 രൂപയ്ക്ക് വസ്ത്രം പാക്ക് ചെയ്യുന്ന ജോലിയായിരുന്നു എന്‍റെ ഭർത്താവിന്. “പക്ഷേ നാട്ടിൽനിന്ന് തിരിച്ചുവന്നപ്പോൾ ജോലി നഷ്ടമായി”, മേയ് അവസാനം ഒരു ശ്രമിക് സ്പെഷ്യൽ തീവണ്ടിയിൽ നാട്ടിൽ പോയി ഓഗസ്റ്റിലാണ് തിരികെയെത്തിയത്. “അതിനാൽ, മൂന്ന് മാസം മുമ്പ് ബാന്ദ്രയിലെ ഒരു വീട്ടിൽ ഡ്രൈവറായി ജോലിക്ക് കയറി. എല്ലാ ദിവസവുമൊന്നും ജോലിയുണ്ടാവില്ല. അവർ 5000 രൂപയാണ് കൊടുക്കുന്നത്” മോണിനിസ്സ പറഞ്ഞു. “ഇനി ഡ്രൈവറെ ആവശ്യമില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നത്. ഈ കാലത്ത് എങ്ങിനെ വേറെ ജോലി കണ്ടെത്തും?”

ഇതേ ചേരിയിൽ, ഇക്കൊല്ലവും, വിവിധ തൊഴിൽമേഖലയിലുള്ള നിരവധി കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ തൊഴിലുകൾ നഷ്ടപ്പെട്ടപ്പോൾ, നാട്ടിലുള്ള ബന്ധുക്കളുടേയും അകന്ന ബന്ധത്തിലുള്ളവരുടേയും കാരുണ്യത്തിലാണ് അവർ ആശ്രയം കണ്ടെത്തിയത്. ഇത്തവണ അങ്ങിനെ പോകേണ്ടിവന്നാൽ, വീണ്ടും അവരെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് സഫിയ പറയുന്നു.

“കുറച്ച് ദിവസം അമ്മയുടെ കൂടെ, പിന്നെ ഒരു സഹോദരന്‍റെ കൂടെ, പിന്നെ മറ്റൊരു സഹോദരന്‍റെ കൂടെ. അങ്ങിനെ ഒന്നുരണ്ട് മാസം തള്ളിനീക്കേണ്ടിവരും”. നാല് മക്കളും ഭർത്താവുമായി 100 ചതുരശ്രയടിയുള്ള വീട്ടിൽ കഴിയുന്ന 30-കാരിയായ സഫിയ പറഞ്ഞു. “ഗ്രാമത്തിൽ ഞങ്ങൾക്ക് ഭൂമിയോ തൊഴിലോ ഒന്നുമില്ല. അതിനാൽ, കഴിഞ്ഞ അടച്ചിടൽ കാലത്ത് അവിടേക്ക് പോയില്ല”, മൂന്ന് വയസ്സുള്ള മകനെ പൊതുശൗചാലയത്തിലേക്ക് കൊണ്ടുപോകാൻ 14 വയസ്സുള്ള മൂത്ത മകളെ അയച്ച്, സഫിയ കൂട്ടിച്ചേർത്തു. മകൾ നൂർ ബാനോ സ്കൂളിൽ പോയിട്ട് ഒരു കൊല്ലമായി. പരീക്ഷയില്ലാതെ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചതിന്‍റെ സന്തോഷത്തിലാണ് അവൾ.

ബാന്ദ്രയിലെ ബാസാർ റോഡിൽ തുണിവിൽ‌പ്പനയാണ് സഫിയയുടെ ഭർത്താവിന്. ഏപ്രിൽ 5-നുശേഷം, മഹാരാഷ്ട്ര സർക്കാർ, രാത്രിയിൽ കർഫ്യൂവും പകൽ‌സമയത്ത് കടകളും തെരുവുവിൽ‌പ്പനകളും തുറക്കുന്നതിന് നിരോധനവും പ്രഖ്യാപിച്ചതിനുശേഷം ഭർത്താവിന്‍റെ ദിവസവരുമാനം 100-150 ആയി കുറഞ്ഞിരിക്കുന്നു. 2020-ൽ റമദാനുമുമ്പ് ദിവസവും 600 രൂപ സമ്പാദിച്ചിരുന്നു അയാൾ. “കഴിഞ്ഞ അടച്ചുപൂട്ടൽ കാലത്ത്, രാഷ്ട്രീയക്കാരും സംഘടനകളും കൊണ്ടുവന്ന് തന്നിരുന്ന റേഷൻ കഴിച്ചാണ് ഞങ്ങൾ ജീവിച്ചത്” “പകൽസമയത്ത് എന്തെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞലേ രാത്രി ഭക്ഷണം കഴിക്കാൻ പറ്റൂ. ഒന്നും കിട്ടിയില്ലെങ്കിൽ രാത്രി പട്ടിണി കിടക്കണം”.

PHOTO • Kavitha Iyer

വടക്കൻ സംസ്ഥാനങ്ങളിലേക്ക് പോകാൻ ഈയാഴ്ച ലോകമാന്യതിലക് ടെർമിനസ്സിന്‍റെ പുറത്ത് കാത്തിരിക്കുന്ന കുടിയേറ്റത്തൊഴിലാളികൾ

സഫിയയുടെ കുടുംബം അവളെ ജോലിക്ക് പോകാൻ അനുവദിക്കില്ല. നർഗീസ്ദത്ത് നഗർ കോളണിയിലെ പൊതുവായ സ്ഥിതി അതാണ്. ബാന്ദ്ര റിക്ലമേഷൻ മേൽ‌പ്പാലത്തിന്‍റെ ചുവട്ടിലും ചുറ്റുവട്ടത്തുമായി സ്ഥിതി ചെയ്യുന്ന ഈ കോളണിയിൽ ഏതാണ്ട് 1200 കുടുംബങ്ങളാണ് (അവിടെ താ‍മസിക്കുന്നവരുടെ കണക്കുപ്രകാരം) ജീവിക്കുന്നത്. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ, അവരുടെ ഗ്രാമത്തിന്‍റെ തൊട്ടടുത്തുള്ള മറ്റൊരു ഗ്രാമത്തിലെ ‘പ്രധാൻ’ (തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രതിനിധി) ബസ്സ് അയക്കാൻ പോകുന്നുണ്ടെന്ന് അവരോട് ആരോ പറഞ്ഞിട്ടുണ്ടത്രെ. തന്‍റെ കുടുംബത്തിന് അതിൽ പോകാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

“ഗോണ്ടയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിനാൽ ആ ഗ്രാമത്തിലെ ആളുകൾ അപ്പോഴേക്കും നാട്ടിലെത്തണമെന്നാണ് അയാൾ പറയുന്നത്. ഹൽധർമാവു ബ്ലോക്കിലെ അവളുടെ സ്വന്തം ഗ്രാമമായ അഖാഡേരയിലും തിരഞ്ഞെടുപ്പുണ്ടോ എന്ന് അവർക്കറിയില്ല. പക്ഷേ ഇത്തവണ മുംബൈയിൽനിന്ന് പോകാനാവുമെന്നാണ് സഫിയയുടെ പ്രതീക്ഷ. “മറ്റൊരു അടച്ചുപൂട്ടലിൽ ഇവിടെ കഴിയാൻ പറ്റില്ല. അന്തസ്സ് സംരക്ഷിക്കണ്ടേ?”

മുൻ‌കൂട്ടി തീരുമാനിച്ചതുപ്രകാരം ഈ കോളണിയിൽനിന്ന് പോകുന്ന ചുരുക്കം ചിലർ, ഇനി, അടച്ചുപൂട്ടൽ കഴിഞ്ഞതിനുശേഷമേ തിരിച്ചുവരൂ എന്ന് പറയുന്നു. മേയ് 5-ന് ടിക്കറ്റ് ശരിയായിട്ടുണ്ടെന്ന് പറഞ്ഞു, ചാപ്പിയ ബ്ലോക്കിലെ ബഭാനൻ ഗ്രാമത്തിലെ 20 വയസ്സുകാരനായ സന്ദീപ് ബിഹാരിലാൽ ശർമ്മ. “കുടുംബത്തിൽ ഒരു കല്ല്യാണമുണ്ട്. അച്ഛനും ഒരു സഹോദരിയും കഴിഞ്ഞ ആഴ്ചതന്നെ പോയി. എന്തായാലും ജോലി ഉണ്ടാകുമെന്ന് അറിഞ്ഞാൽ മാത്രമേ ഇനി തിരിച്ചുവരൂ”. അയാൾ പറഞ്ഞു.

വീട്ടുസാമാനങ്ങൾ നിർമ്മിക്കുന്ന ഒരാളുടെ സഹായിയായിട്ടാണ് സന്ദീപ് ജോലി ചെയ്യുന്നത്. ബധായി സമുദായത്തിലെ അംഗമാണ് അയാൾ. വിദഗ്ദ്ധരായ ആശാരിമാരുടെ സമുദായമാണത്. “ഇപ്പോൾ പണിയൊന്നുമില്ല. ആരും ഇപ്പോൾ പുതിയ വീട്ടുസാമാനങ്ങൾ വാങ്ങുകയോ, വീട് മോടിപിടിപ്പിക്കുകയോ ഒന്നും ചെയ്യുന്നില്ല “അയാൾ പറയുന്നു. “വീണ്ടും ഒരു അടച്ചുപൂട്ടൽ പ്രഖ്യാപിക്കാൻ സർക്കാരിന് എങ്ങിനെ കഴിയുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞങ്ങൾ പാവങ്ങൾക്ക് ഇതുമൂലമുണ്ടാവുന്ന നഷ്ടമൊന്നും ഇവർക്ക് മനസ്സിലാവുന്നില്ലേ?”

ഈ മാർച്ചിൽ ജോലിയും ശമ്പളവുമൊക്കെ ഒന്ന് പൂർവ്വസ്ഥിതിയിലാവുമ്പോഴേക്കാണ് കോവിഡ്-19-ന്‍റെ രണ്ടാം വരവുണ്ടായത്.

PHOTO • Kavitha Iyer

സംസ്ഥാന സർക്കാരിന്‍റെ പുതിയ നിയന്ത്രണങ്ങൾ വരുന്നുണ്ടെന്നറിഞ്ഞ് , വടക്കൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും പോകാൻ ഈയാഴ്ച ലോകമാന്യതിലക് ടെർമിനസ്സിന്‍റെയും ബാന്ദ്ര ടെർമിനസ്സിന്‍റെയും പുറത്ത് കാത്തിരിക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക്

സ്വയംതൊഴിൽ ചെയ്യുന്നവരും ബുദ്ധിമുട്ടിലാണ്. മൂന്ന് ദശാബ്ദങ്ങളായി നർഗീസ്ദത്ത് നഗറിൽ താമസിക്കുന്ന 35 വയസ്സുള്ള സൊഹൈൽ ഖാൻ അത്തരത്തിലൊരാളാണ്. വെർസോവ മത്സ്യച്ചന്തയിൽനിന്ന് മീൻ വാങ്ങി തന്‍റെ ചേരിയിലും ചുറ്റുവട്ടത്തും വിറ്റ് ജീവിക്കുന്നയാളാണ് സൊഹൈൽ. “റമദാൻ കാലത്ത് സ്വാഭാവികമായും വൈകിട്ടാണ് കച്ചവടം നടക്കുക. പക്ഷേ 7 മണിയാകുമ്പോഴേക്കും പൊലീസ് റോന്ത് ചുറ്റാൻ വരും. സ്റ്റാളുകളൊക്കെ അടപ്പിക്കുകയും ചെയ്യും”, ദേഷ്യത്തോടെ അയാൾ പറഞ്ഞു. “ഞങ്ങൾക്ക് ഫ്രിഡ്ജോ മറ്റ് സൗകര്യങ്ങളോ ഒന്നുമില്ല. അതുകൊണ്ട് വിൽക്കാൻ പറ്റാത്ത മീനുകളൊക്കെ അഴുകിപ്പോവും”.

മഹാരാഷ്ട്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചപ്പോൾത്തന്നെ ഖാൻ അയാളുടെ ഭാര്യയെ ഗോണ്ടയിലെ അഖാഡേര ഗ്രാമത്തിലേക്ക് അയച്ചു. അല്പം കൂടി കാത്തിരിന്ന് കാണാമെന്ന് തീരുമാനിച്ചിരിക്കുകയാണ് അയാളും സഹോദരൻ അസമും.

രണ്ട് വർഷം മുമ്പാണ് സൊഹൈലിന്‍റെ ഇളയ അനിയൻ അസം ഖാൻ സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങിയത്. മാസം‌തോറുമുള്ള 4000 രൂപ തിരിച്ചടവ് ബുദ്ധിമുട്ടായിരിക്കുകയാണ്. “ജോലിയില്ലെങ്കിലും തിരിച്ചടവ് മുടക്കാൻ പറ്റില്ലല്ലോ. ഓട്ടോകൾക്ക് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. പക്ഷേ യാത്ര ചെയ്യാൻ ആളുകൾക്ക് അനുവാദമില്ലെങ്കിൽ എങ്ങിനെ പണം കിട്ടും?” സൊഹൈൽ ചോദിക്കുന്നു.

“കഴിഞ്ഞ തവണ ചെയ്തതുപോലെ, തിരിച്ചടവുള്ളവർക്ക് സംസ്ഥാനസർക്കാർ സഹായം പ്രഖ്യാപിക്കണം”, അയാൾ പറയുന്നു. “സ്ഥിതി ഇതുപോലെ തുടരുകയാണെങ്കിൽ, കഴിഞ്ഞ തവണ ചെയ്തതുപോലെ ഞങ്ങളും ഗോണ്ടയിലേക്ക് തിരിച്ചുപോവും. സർക്കാരിന്‍റെ സഹായം കാത്തിരിക്കുകയാണ് വീണ്ടും ഞങ്ങൾ“.

പരിഭാഷ: രാജീവ് ചേലനാട്ട്

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer