08 June Tuesday

കുഴല്‍പ്പണക്കേസ്: കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 8, 2021

തൃശൂര്‍> കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്.ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ നല്‍കണമെന്നുമാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.

അതിനിടെ കൊടകര കുഴല്‍പ്പണ കേസിലെ 15-ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുകയാണ്. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.

ഷിഗില്‍ ബംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം ധര്‍മ്മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മ്മരാജന്‍ ഇവരെയെല്ലാം വിളിച്ചതായും പൊലീസ് പറയുന്നു.

കേസില്‍ അന്വേഷണം ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിട്ടുണ്ട്. കേസിലെ പ്രതിയായ ധര്‍മ്മരാജനെ സുരേന്ദ്രന്റെ മകന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നു പൊലീസ് പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top