ലണ്ടൻ
ലോകമെമ്പാടും കോവിഡ് വാക്സിൻ ലഭ്യമാക്കാനുള്ള ചെലവ് ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി 7 രാജ്യങ്ങൾ വഹിക്കണമെന്ന് മുൻ ലോകനേതാക്കൾ. വെളളിയാഴ്ച തുടങ്ങുന്ന ജി 7 സമ്മേളനത്തിന് മുന്നോടിയായാണ് 100 മുൻ പ്രധാനമന്ത്രിമാരും വിദേശമന്ത്രിമാരും ഒപ്പിട്ട കത്ത് നൽകിയത്. മഹാമാരി നിർവ്യാപനത്തിൽ 2020ൽ ജി 7 പരാജയപ്പെട്ടെന്നും 2021ൽ ഉണർന്ന് പ്രവർത്തിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാക്കിയില്ലെങ്കിൽ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിക്കുകയും അപകടകരമായ സ്ഥിതി ഉണ്ടാകുകയും ചെയ്യുമെന്നും മുൻ നേതാക്കൾ ഓർമിപ്പിച്ചു.
മഹാമാരിയെ ചെറുക്കാൻ അടുത്ത രണ്ടുവർഷത്തേക്ക് 3000 കോടി ഡോളർ വീതം ചെലവാകും. ഇത് നൽകാൻ സമ്മേളനത്തിൽ തീരുമാനം എടുക്കണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നത് കാരുണ്യപ്രവർത്തനമല്ല, സ്വന്തം സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് ജി 7 രാഷ്ട്രങ്ങൾ ഓർമിക്കണം–- കത്തിൽ പറഞ്ഞു.
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ഗോർഡൻ ബ്രൗൺ, ടോണി ബ്ലെയർ, മുൻ യുഎൻ സെക്രട്ടറി ജനറൽ ബാന്‍ കി മൂൺ തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..