08 June Tuesday

നഫ്‌താലി ബെനറ്റ് ഇസ്രയേലിലെ പുതിയ നെതന്യാഹു

ജോസഫ് ആന്റണിUpdated: Tuesday Jun 8, 2021

photo from wikimedia commons.org

ഇസ്രയേലിന്റ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം പ്രധാനമന്ത്രിയായിരുന്ന ലിക്കുഡ് പാർടിനേതാവ് ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ ജീവിതത്തിന്‌ തിരശീല വീഴുകയാണോ? നെതന്യാഹുവിന്റെ പിന്മടക്കം ഇസ്രയേലി രാഷ്ട്രീയത്തിലും പശ്ചിമേഷ്യയിലും എന്തെങ്കിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമോ?  കഴിഞ്ഞ പന്ത്രണ്ടുവർഷമായി പ്രധാനമന്ത്രി പദവി വഹിച്ചുകൊണ്ട് ഇസ്രയേൽ രാഷ്ട്രീയത്തിന്റെതന്നെ ജാതകം മാറ്റിക്കുറിച്ച വ്യക്തിയെന്ന ചരിത്രവും പേറിയാകും ‘ബീബി’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നെതന്യാഹു പടിയിറങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നടന്ന നാലു തെരഞ്ഞെടുപ്പിലും ആർക്കും ഭൂരിപക്ഷം കിട്ടാതിരുന്നപ്പോൾ, ജയിച്ചുവന്ന വലതുപക്ഷ പാർടികളുടെയെല്ലാം പിന്തുണയോടെയാണ് നെതന്യാഹു വീണ്ടും വീണ്ടും പ്രധാനമന്ത്രിയായത്. ഇനി നെതന്യാഹു ഭരണം വേണ്ടാ എന്ന പൊതുവികാരമാണ് പുതിയ കൂട്ടുകക്ഷിമന്ത്രിസഭയുടെ നേതാക്കളെ ഒരുമിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മുന്നണിയിൽ വലതുപക്ഷവും മധ്യപക്ഷവും ഇടതുപക്ഷവും അതോടൊപ്പം അറബിവിഭാഗങ്ങളുടെ പാർടിയും അണിചേർന്നിട്ടുണ്ട്.

2021 മാർച്ച് 23ലെ ഇസ്രയേലിലെ 120 അംഗ പാർലമെന്റായ നെസെറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലെപ്പോലെ ആർക്കും ഭൂരിപക്ഷം കിട്ടിയിരുന്നില്ല. ബഹുകക്ഷി സമ്പ്രദായം നിലനിൽക്കുന്ന ഇസ്രയേലിൽ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായത്തിലാണ് തെരഞ്ഞെടുപ്പ്. അതിനാൽ ഒരുകക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാറില്ല. അതുകൊണ്ടുതന്നെ മുപ്പതുസീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ്പാർടിയുടെ നേതാവായ നെതന്യാഹുവിനാണ് മന്ത്രിസഭ രൂപീകരിക്കാനുള്ള ആദ്യ ക്ഷണം ലഭിച്ചത്. അതിൽ പരാജയപ്പെട്ടപ്പോഴാണ് പതിനേഴു സീറ്റിൽ ജയിച്ച,  മധ്യമാർഗം പിന്തുടരുന്ന യേഷ് അതീദ് പാർടിയുടെ യെയിർ ലപീദിനെ മന്ത്രിസഭാ രൂപീകരണത്തിനായി പ്രസിഡന്റ് റൂവൻ റിവ്ലിൻ ക്ഷണിച്ചത്. മന്ത്രിസഭാ രൂപീകരണത്തിനുള്ള സമയം ജൂൺ രണ്ടിന്‌ തീരാനിരിക്കെയാണ് തികച്ചും വ്യത്യസ്തങ്ങളായ നിലപാടുകളും താൽപ്പര്യങ്ങളുമുള്ള കക്ഷികളെല്ലാം ചേർന്ന് പാർലമെന്റിൽ വെറും ഏഴ് അംഗങ്ങൾ മാത്രമുള്ള തീവ്ര വലതുപക്ഷപാർടിയായ യാമിനയുടെ നേതാവായ നഫ്താലി ബെനറ്റിന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകരണം വിജയത്തിലെത്തിയത്. ഇപ്പോഴത്തെ ധാരണപ്രകാരം ആദ്യത്തെ ഇരുപത്തെട്ടുമാസം ബെനറ്റ് പ്രധാനമന്ത്രിസ്ഥാനം വഹിക്കും. ശേഷിക്കുന്ന കാലം യെയിർ ലപീദ് ആ സ്ഥാനത്തെത്തും.

നഫ്താലി ബെനറ്റിനെ പ്രധാനമന്ത്രിയാക്കി സഖ്യകക്ഷി സർക്കാർ രൂപീകരിക്കുമെന്ന് യെയിർ ലപീദ് പ്രഖ്യാപിച്ചതിനു പിന്നാലെ, അതിനെ തടയാൻ നെതന്യാഹു കൈയിലുള്ള എല്ലാ ആയുധവും എടുത്തു പ്രയോഗിച്ചു. ഏതുവിധേനയും പ്രധാനമന്ത്രിസ്ഥാനത്തു തുടർന്നുകൊണ്ട് തന്റെ രാഷ്ട്രീയഭാവി ഉറപ്പിക്കുക, അധികാരം നഷ്ടപ്പെട്ടാൽ, കോടതികളിൽ നിലനിൽക്കുന്ന കൈക്കൂലി, വഞ്ചന, എന്നീ കുറ്റങ്ങളുടെ വിചാരണയിലൂടെ ജയിലിൽ പോകുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു നെതന്യാഹു ലക്ഷ്യമിട്ടത്. ഇതിനായി ഇസ്രയേലികളെ ഏറ്റവുമധികം ആകർഷിക്കുന്ന, രാഷ്ട്ര സുരക്ഷയാണ് ആദ്യം ഉയർത്തിയത്. യാമിന പാർടിയുടെ നേതാവ് യെയിർ ലപീദിന്റെ നേതൃത്വത്തിൽ പുതിയ സഖ്യകക്ഷിസർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തെ "നൂറ്റാണ്ടിലെ ചതി' എന്ന് വിശേഷിപ്പിച്ചുകൊണ്ട്, നെതന്യാഹു പറയുന്നത്,  പുതുതായി വരാൻ പോകുന്നത്  ഇടതുപക്ഷ മന്ത്രിസഭയാണെന്നും അത്  ഇസ്രയേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നുമാണ്.


 

പിന്നീട്, ഇസ്രയേലിന്റെ അടിസ്ഥാന നിയമം ചൂണ്ടിക്കാട്ടി,  മന്ത്രിസഭ രൂപീകരിക്കാൻ പ്രസിഡന്റ് റൂവൻ റിവ്ലിൻ ക്ഷണിച്ചിരിക്കുന്നത് ലപീദിനെയാണെന്നും അതിനാൽ നഫ്താലിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനാകില്ലെന്നുമായിരുന്നു വാദം. ആ വാദഗതി ഇസ്രയേൽ പ്രസിഡന്റ് തള്ളിക്കളഞ്ഞു. തന്നെ ഒഴിവാക്കിയുള്ള മന്ത്രിസഭാ രൂപീകരണം തടയാൻ ലപീദിനും നഫ്താലിക്കും  അവരോടൊപ്പം നിൽക്കുന്ന ന്യൂ ഹോപ് പാർടിയിലെ ഗിഡിയോൺ സാറിനുവരെ പ്രധാനമന്ത്രിപദം വാഗ്ദാനംചെയ്ത നെതന്യാഹുവാണ് ഈ തടസ്സവാദം ഉന്നയിച്ചതെന്നുകൂടി ഓർക്കണം. പുതിയ സഖ്യകക്ഷി തീരുമാനം സ്വർഗത്തിനെതിരായ പാപ പ്രവർത്തിയാണെന്നുവരെ വാദിക്കാൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ഒരുകക്ഷി തയ്യാറായി. അൽ അഖ്സ ദേവാലയത്തിനുനേരെ ആക്രമണം നടത്തി പലസ്തീനികളെ പ്രകോപിപ്പിച്ച് പത്തുദിവസം നീണ്ടുനിന്ന ഇസ്രയേൽ പലസ്തീൻ സംഘർഷം  സൃഷ്ടിച്ചതും,  അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള അവസാന അടവിന്റെ ഭാഗമായിരുന്നെന്നും കരുതുന്നവരുണ്ട്. 

പുതുതായി മന്ത്രിസഭ രൂപീകരിക്കാൻ മുന്നോട്ടു വന്നിരിക്കുന്ന കക്ഷികളെല്ലാം പൊതുവായി യോജിക്കുന്നത് ഒരുകാര്യത്തിൽ മാത്രമാണ്. അത്, ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രിയായി തുടരുന്നതിലുള്ള എതിർപ്പാണ്. ബാക്കിയുള്ള കാര്യങ്ങളിൽ, ലേബർ പാർടിയും ഇസ്ലാമിക് പാർടിയും ഒഴികെയുള്ളവരെല്ലാം, നെതന്യാഹു നടത്താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അങ്ങനെ തന്നെയോ അതിനേക്കാൾ തീവ്രതയോടെയോ നടപ്പാക്കണമെന്ന് വാദിക്കുന്നവരാണ്. അതിനാൽ, വിരുദ്ധദിശയിൽ സഞ്ചരിക്കുന്ന ഈ കക്ഷികളുടെ മഴവിൽസഖ്യം അൽപായുസ്സാകാനാണ് സാധ്യത. 120 അംഗ സഭയിൽ വെറും 61 അംഗങ്ങളാണ് പുതിയ മുന്നണിയെ പിന്തുണയ്ക്കുന്നത്. ഇപ്പോൾത്തന്നെ പാർടികൾക്കകത്ത് അഭിപ്രായവ്യത്യാസങ്ങൾ മുള പൊട്ടിയിട്ടുണ്ട്. പാർടികളിലെ പിളർപ്പും പുതിയ പാർടി രൂപീകരണവുമൊന്നും പുത്തരിയല്ലാത്ത ഇസ്രയേലിൽ ഒന്നോ രണ്ടുപേർ കൂറുമാറിയാൽ മന്ത്രിസഭാ രൂപീകരണം പൊളിക്കാൻ  നെതന്യാഹുവിന് വലിയ പ്രയാസമില്ലതാനും.  ഈ പരീക്ഷണം പൊളിഞ്ഞാൽ, പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ നെതന്യാഹുവിനാകും. ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പിൽ  കൂടുതൽ കരുത്തോടെ നെതന്യാഹുതന്നെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താനും സാധ്യതയുണ്ട്. കാരണം, ഇപ്പോഴും ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള ഒറ്റക്കക്ഷി, നെതന്യാഹുവിന്റെ ലിക്കുഡ് പാർടിയാണ്.

ഇപ്പോൾ വിരുദ്ധാശയങ്ങൾ പിന്തുടരുന്ന വിവിധ കക്ഷികളുടെ മുന്നണിയെ നയിക്കാനെത്തുന്ന നാൽപ്പത്തൊമ്പതുകാരനായ നഫ്താലി ബെനറ്റിന്റെ രാഷ്ട്രീയ നിലപാടുകൾ സർക്കാരിന്റെ ഭാവിയെ നിർണയിക്കുന്ന ഒരു ഘടകമായിരിക്കും. ഇസ്രയേൽ സൈന്യത്തിലെ മുൻ കമാൻഡോയായിരുന്നു നഫ്താലി ബെനറ്റ്. തൊണ്ണൂറുകളിൽ നടന്ന പല സൈനിക നീക്കങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മേജർ പദവിവഹിച്ചുകൊണ്ട് ബെനറ്റ് ഇപ്പോഴും ഇസ്രയേൽ റിസർവ്സേനയുടെ ഭാഗമായിത്തുടരുന്നുമുണ്ട്. ബെനറ്റ് ഇപ്പോൾ പുറത്താക്കാൻ ശ്രമിക്കുന്ന നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായാണ് രാഷ്ട്രീയപ്രവേശനം. പിന്നാലെ ലിക്കുഡ്പാർടിയിൽനിന്ന്‌ രാജിവച്ച് ജ്യുയിഷ് ഹോം എന്ന പാർടി രൂപീകരിച്ചു. അവിടെനിന്നാണ് ഇപ്പോഴത്തെ യാമിന കക്ഷിയിലെത്തിയത്. ഹീബ്രൂ ഭാഷയിൽ "യാമിന' എന്ന വാക്കിന്റെ അർഥംതന്നെ  "വലത്തേക്ക്' എന്നാണ്. 2013 മുതൽ 2019 വരെ നെതന്യാഹു മന്ത്രിസഭയിൽ പ്രതിരോധ, വിദ്യാഭ്യാസ വകുപ്പുകളടെ ചുമതലയും വഹിച്ചിരുന്നു.

ജൂത കുടിയേറ്റത്തെ അനുകൂലിക്കുന്ന  നേതാവായ ബെനറ്റ്, 1967ലെ യുദ്ധത്തിൽ പിടിച്ചെടുത്ത വെസ്റ്റ്ബാങ്ക്, കിഴക്കൻ ജെറുസലേം, ഗോലാൻ കുന്നുകൾ തുടങ്ങിയ പ്രദേശങ്ങളെല്ലാം മതപരമായും ചരിത്രപരമായും ഇസ്രയേലിന് പ്രാധാന്യമുള്ളതാണെന്നും അതിനാൽ അവ യഹൂദരാജ്യത്തിന്റെ ഭാഗമാകേണ്ടതാണെന്നും ശക്തമായി വാദിക്കുന്നയാളാണ്. പലസ്തീൻരാഷ്ട്രം എന്ന ആശയത്തോടുപോലും എതിർപ്പുള്ളയാളുമാണ്. ട്രംപ് ഭരണകൂടത്തിന്റെ അവസാനകാലത്ത് വെസ്റ്റ്ബാങ്കിലെ നിർമാണ പ്രവർത്തനങ്ങളുമായി നെതന്യാഹു മുന്നോട്ടുപോയപ്പോൾ ശക്തമായി പിന്തുണയ്ക്കുകയും അവ ഒരു സെക്കൻഡുപോലും നിർത്തിവയ്ക്കരുതെന്ന നിലപാടുകാരൻ കൂടിയായിരുന്നു ബെനറ്റ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, നെതന്യാഹുവിനെ  കൂടുതൽ വലതുപക്ഷ നിലപാടിലേക്ക് തള്ളിവിടുന്നത് നഫ്താലി ബെനറ്റാണെന്ന് ‘ന്യൂയോർക് ടൈംസ്’ ദിനപ്പത്രത്തിലെ ജോഡി റുഡോറെൻ 2012ൽത്തന്നെ  എഴുതുകയുണ്ടായി.

രാജ്യത്തെ ഒരു വലിയ രാഷ്ട്രീയ ദുരന്തത്തിൽനിന്ന്‌  രക്ഷപ്പെടുത്താൻ രാഷ്ട്രീയ എതിരാളികൾക്കൊപ്പം ചേരുന്നുവെന്നു പറഞ്ഞാണ് നഫ്താലി ബെനറ്റ് പുതിയ സർക്കാരിന് നേതൃത്വം കൊടുക്കാനിറങ്ങുന്നത്. പക്ഷേ, പലസ്തീനികൾക്കെതിരായ സ്വന്തം നിലപാടുകളും, അതിനെ എതിർക്കുന്നവരുമൊക്കെച്ചേരുന്ന വൈരുധ്യങ്ങളുടെ ഈ അവിയൽ മുന്നണിതന്നെ  ഒരു രാഷ്ട്രീയദുരന്തമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബൈബിളിലെ പഴയനിയമത്തിലും ഒരു നഫ്താലിയുണ്ട്. പഴയ നിയമപ്രകാരം ഇസ്രയേൽ വംശസ്ഥാപകനായ യാക്കോബിന് തന്റെ ഭാര്യ റാഹേലിന്റെ പരിചാരികയിലുണ്ടായ മകനാണ് നഫ്താലി. ആ പുത്രൻ ജനിച്ചപ്പോൾ വന്ധ്യയായിരുന്ന റാഹേൽ പറഞ്ഞു: “എന്റെ  സഹോദരിയുമായി കടുത്ത മത്സരം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതിനാൽ അവൾ അവനെ നഫ്താലി എന്നുവിളിച്ചു. കടുത്ത രാഷ്ട്രീയ വടംവലിയിൽ, നഫ്താലി ബെനറ്റ്,  സ്വന്തം രാഷ്ട്രീയ ഗുരുവായിരുന്ന നെതന്യാഹുവിനെ മലർത്തിയടിച്ചു. ഇനി കാണേണ്ടത്‌ ഈ ജയത്തിന്റെ ആയുസ്സാണ്.

എട്ടുകക്ഷിയുടെ ഐക്യമുന്നണി സർക്കാർ രൂപീകരിക്കപ്പെടുന്നതിലൂടെ ഇസ്രയേൽ അടുത്ത കാലത്തു കണ്ട ഏറ്റവും തന്ത്രശാലിയായ നേതാവായി കരുതപ്പെടുന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ നീണ്ട രാഷ്ട്രീയജീവിതത്തിന്‌ തിരശീല വീണേക്കാം. പക്ഷേ, ഇസ്രയേലി രാഷ്ട്രീയത്തെ  തീവ്രവലതുപക്ഷത്തേക്കു നയിച്ചതിൽ  മുഖ്യ പങ്കുവഹിച്ചുകൊണ്ടാണ് നെതന്യാഹു അധികാരക്കസേര വിട്ടൊഴിയുന്നത്. ഇസ്രയേൽ–-പലസ്തീൻ സമാധാന പദ്ധതികളെ മാത്രമല്ല, പശ്ചിമേഷ്യൻ സമാധാനത്തെയും അടിമുടി അട്ടിമറിച്ചിട്ടാണ് നെതന്യാഹു പടിയിറങ്ങുന്നത്.  നെതന്യാഹു കളം വിട്ടൊഴിഞ്ഞാലും, അദ്ദേഹം അഴിച്ചുവിട്ട തീവ്രവലതുപക്ഷ, പലസ്തീൻ വിരുദ്ധ രാഷ്ട്രീയം ഇസ്രയേലിൽ ഏറെനാൾ തുടരുകതന്നെ ചെയ്യും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, നെതന്യാഹുവിനെയും കടത്തിവെട്ടുന്ന തീവ്രവലതുപക്ഷ നിലപാടുകാരനായ  നഫ്താലി ബെനറ്റിന്റെ അധികാരാരോഹണം. ഇസ്രയേൽ പലസ്തീൻ പ്രശ്നപരിഹാരത്തിനും  പൊതുവിൽ പശ്ചിമേഷ്യൻ സമാധാനത്തിനും ഒട്ടും ആശ്വാസം നൽകുന്നതല്ല നഫ്താലി ബെനറ്റിന്റെ നയപരിപാടികൾ.

(കേരള സർവകലാശാല അന്താരാഷ്ട്ര മാർക്സിയൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top