KeralaLatest NewsNews

ബി.ജെ.പിയെ വെട്ടിലാക്കാന്‍ കരുക്കള്‍ നീക്കി സി.പി.എം, അഴിമതിക്കേസില്‍ അബ്ദുള്ള കുട്ടിയെ കുരുക്കുമെന്ന് എം.വി.ജയരാജന്‍

കണ്ണൂര്‍: ബി.ജെ.പിയെ വീണ്ടും വെട്ടിലാക്കാന്‍ കരുക്കള്‍ നീക്കുകയാണ് സി.പി.എം നേതാക്കള്‍. കണ്ണൂര്‍ കോട്ടയിലെ ലൈറ്റ്ആന്‍ഡ് സൗണ്ട് ഷോ അഴിമതിയില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ള കുട്ടിക്കെതിരെ നീങ്ങാനാണ് പൊലീസിന്റേയും സി.പി.എമ്മിന്റേയും ശ്രമം. അബ്ദുള്ളക്കുട്ടിക്ക് ആരോപണത്തില്‍ കൈകഴുകി രക്ഷപ്പെടാന്‍ കഴിയില്ലെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

Read Also : മോദി നോട്ട് നിരോധനം നടപ്പാക്കിയത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനല്ല കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടാനാണ് : പിണറായി വിജയന്‍

കുറ്റക്കാരനെന്ന് വന്നപ്പോള്‍ കൂട്ടുപ്രതിയുടെ മേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമമെന്ന് ജയരാജന്‍ ആരോപിച്ചു. അഴിമതി നടന്നുവെന്ന കാര്യം വിജിലന്‍സിന് മുന്‍പാകെ തന്നെ അബ്ദുള്ളക്കുട്ടി സമ്മതിച്ചിട്ടുണ്ട്. അഴിമതിയില്‍ മുന്‍ ടൂറിസം മന്ത്രിക്കും, എം.എല്‍എയ്ക്കും പങ്കുണ്ടെന്നും പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഇവര്‍ നടത്തിയത് കൂട്ടുകൃഷിയാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.

അന്നത്തെ ടൂറിസം മന്ത്രിയും കണ്ണൂര്‍ എംഎല്‍എ.യും കോണ്‍ഗ്രസ് പാര്‍ട്ടിക്കാരായിരുന്നു. അന്നത്തെ കണ്ണൂര്‍ എംഎല്‍എ, പിന്നീട് ബിജെപിയില്‍ ചേക്കേറി. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിലായാലും അഴിമതിക്കാര്യത്തില്‍ രണ്ടുകൂട്ടര്‍ക്കുമുള്ള പങ്ക് നിഷേധിക്കാനാവില്ലെന്ന് എം.വി.ജയരാജന്‍ പറയുന്നു.

2016 ല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന്റെ തലേന്നാളായിരുന്നു അന്നത്തെ മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലയില്‍ മാരത്തോണ്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിച്ചത്. അതിലൊന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉദ്ഘാടനമായിരുന്നു. ഏകദിന ഷോ മാത്രം നടത്തുകയും ഉപകരണങ്ങള്‍ മുഴുവനെടുത്തു കൊണ്ടുപോവുകയും ചെയ്തു.

‘യു.ഡി.എഫ് സ്വന്തം ഇഷ്ടക്കാരനെ പുതിയ ഡിടിപിസി സെക്രട്ടറിയായി നിയമിച്ചതോടെ അന്നത്തെ കണ്ണൂര്‍ എംഎല്‍എ.ക്ക് ‘ചാകര’യായിരുന്നുവെന്ന് എം.വി. ജയരാജന്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ക്ക് വന്‍ തുക കണക്കില്‍ കാണിച്ചു. കരാര്‍ തുക 3.58 കോടി രൂപയായിരുന്നു. 50 ശതമാനം തുക അഡ്വാന്‍സ് കരാര്‍ കമ്പനിക്ക് നല്‍കിയത് അന്നത്തെ എംഎല്‍എ നിര്‍ബന്ധിച്ചതുകൊണ്ടാണെന്ന് ഡിടിപിസി ഫയലുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുമെന്നും കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button