08 June Tuesday

സുരേന്ദ്രൻ തെറിക്കും , അധ്യക്ഷനാകാൻ എ എൻ രാധാകൃഷ്ണൻ ; മുരളീധരനും വെട്ട്‌

ദിനേശ്‌ വർമUpdated: Monday Jun 7, 2021


തിരുവനന്തപുരം
കുഴൽപ്പണ –- കോഴക്കേസുകൾ ഒന്നിനു പുറകെ ഒന്നായി പുറത്തായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്തുനിന്ന്‌ കെ സുരേന്ദ്രൻ തെറിക്കും. സുരേന്ദ്രനെ ഉടൻ നീക്കാനാണ്‌ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കോർകമ്മിറ്റിയംഗവും വൈസ്‌ പ്രസിഡന്റുമായ എ എൻ രാധാകൃഷ്ണനെയാണ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ പരിഗണിക്കുന്നത്‌. പുറമെ നിന്നൊരാളെ അധ്യക്ഷനായി പരീക്ഷിക്കണോയെന്നും ആലോചനയുണ്ട്‌. അടുത്ത്‌ നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ പുറത്താകാൻ സാധ്യതയുള്ളതിനാൽ വീണ്ടും പാർടി അധ്യക്ഷനാകാനുള്ള ശ്രമം വി മുരളീധരനും തുടങ്ങി.

ഞായറാഴ്‌ച ചേർന്ന കോർകമ്മിറ്റിയിൽ രാധാകൃഷ്ണനും കൃഷ്ണദാസും എം ടി രമേശും  ശക്തമായ ആക്രമണമാണ്‌ സുരേന്ദ്രനും മുരളീധരനുമെതിരെ നടത്തിയത്‌. സുരേന്ദ്രൻ ഒറ്റപ്പെടുകയായിരുന്നു. സ്വന്തം പക്ഷത്തുള്ള ജോർജ്‌ കുര്യനടക്കമുള്ളവർക്ക്‌ പ്രതിരോധിക്കാനുമായില്ല. സുരേന്ദ്രനെ രക്ഷിക്കാൻ എന്തുകൊണ്ട്‌ രംഗത്തിറങ്ങിയില്ലെന്ന്‌ മുരളീധര പക്ഷം ചോദിച്ചു. ‘ പണം വിതരണം ചെയ്യുമ്പോൾ ഞങ്ങളോട്‌ ആലോചിച്ചിരുന്നുവോ ? ’ എന്ന മറുചോദ്യമായിരുന്നു കൃഷ്ണദാസ്‌ പക്ഷത്തുള്ളവർ ഉയർത്തിയത്‌.

കോർകമ്മിറ്റിയിലെ വാഗ്വാദങ്ങൾ കേട്ട്‌ നിശ്ശബ്ദനായിരുന്ന പ്രഭാരി സി പി രാധാകൃഷ്ണന്റെ റിപ്പോർട്ട്‌ കൂടി പരിഗണിച്ചായിരിക്കും തീരുമാനം. കുഴൽപ്പണ കേസ്‌ പാർടിക്ക്‌ ദേശീയ തലത്തിൽവരെ നാണക്കേടുണ്ടാക്കിയെന്നാണ്‌ വിലയിരുത്തൽ. ദേശീയ മാധ്യമങ്ങളിലും സംഘപരിവാർ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലും കേരളത്തിലെ സംഭവം ചർച്ചയാണ്‌. പി കെ കൃഷ്ണദാസ്‌ പക്ഷത്തെ ശക്തനാണ്‌  രാധാകൃഷ്ണൻ. കോർകമ്മിറ്റിയിൽ ഉൾപ്പെടുത്താതെ മുരളീധരപക്ഷം മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഒടുവിൽ കേന്ദ്രം ഇടപെട്ടാണ്‌  ഉൾപ്പെടുത്തിയത്‌. പാർടിയിൽ മേൽക്കൈ കിട്ടുമെന്ന കേന്ദ്ര സൂചനയുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌ കൃഷ്ണദാസ്‌ പക്ഷത്തിന്റെ തട്ടകങ്ങളിലൊന്നായ തൃശൂരിൽ എ എൻ രാധാകൃഷ്ണൻ തിങ്കളാഴ്‌ച വാർത്താസമ്മേളനം നടത്തിയത്‌. അപ്പോഴും കുഴൽപ്പണമന്വേഷിക്കുന്ന പൊലീസുകാർ സിപിഐ എം കാരാണ്‌ എന്നേ പറഞ്ഞുള്ളൂ. സുരേന്ദ്രനെ വെള്ളപൂശാൻ തയ്യാറായില്ല.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെകൂടി താൽപ്പര്യത്തോടെ കേരളത്തിലെ തോൽവി അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട്‌ കേന്ദ്ര നേതൃത്വത്തിന്‌ നൽകി. ഇ ശ്രീധരൻ, സി വി ആനന്ദബോസ്‌, ജേക്കബ് തോമസ്‌ എന്നിവരെയാണ്‌ ഇതിനായി നിയോഗിച്ചിരുന്നത്‌. സംസ്ഥാന നേതൃത്വത്തിന്റെ അപക്വമായ പ്രവർത്തനം ഉണ്ടായിരുന്ന സാധ്യതപോലും ഇല്ലാതാക്കിയെന്നാണ്‌  റിപ്പോർട്ടെന്നറിയുന്നു.

സുന്ദര കേസിൽ 
പിടി വീഴും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കൈക്കൂലി നൽകിയ‌ കേസിൽ പ്രതിയായതോടെ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള പാർടിയുടെ ശ്രമവും പാളും.  ബിജെപിക്കെതിരെ സംസ്ഥാന സർക്കാർ നീങ്ങുകയാണെന്നും സുരേന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നുമുള്ള  ബിജെപിയുടെ വാദം പൊളിക്കുന്നതാണ്‌ കാസർകോട്‌ കോടതിയുടെ ഉത്തരവ്‌. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ കൈക്കൂലി നൽകിയതാണ്‌  കുറ്റമെങ്കിലും സുന്ദരയുടെ മൊഴിയനുസരിച്ച്‌ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളിലും സുരേന്ദ്രനും അടുത്ത സുഹൃത്ത്‌ സുനിൽ നായിക്‌, മഞ്ചേശ്വരത്തെ സുരേഷ്‌ നായിക്‌, അശോക്‌ഷെട്ടി എന്നിവരും പ്രതികളാകും.

സുന്ദരയെ തട്ടിക്കൊണ്ടുപോയത്‌ സുനിൽ നായിക്
സുരേന്ദ്രനുവേണ്ടി സുനിൽ നായിക്കിന്റെ നേതൃത്വത്തിലാണ്‌  പണം നൽകിയതും  തട്ടിക്കൊണ്ടുപോയതും‌. സുന്ദരയുടെ  അമ്മയോടൊപ്പം വാണിനഗറിലെ വീട്ടിൽ സുനിൽ നായികും മറ്റുള്ളവരും നിൽക്കുന്ന ചിത്രവും തെളിവായുണ്ട്‌.  സുരേന്ദ്രനെതിരെ കാസർകോട്‌ ലഭിച്ച  ശക്തമായ തെളിവുകൾ കൊടകര കുഴൽപ്പണക്കേസിലും സഹായമാകും. മഞ്ചേശ്വരത്തെ കേസിൽ സുനിൽ നായിക്കിനുള്ള പങ്കാളിത്തമാണ്‌ ഇതിന്‌ ബലമാകുക. സുനിൽ നായിക്കാണ്‌ സുന്ദരയുടെ വീട്ടിലെത്തി രണ്ടര ലക്ഷം അമ്മയ്‌ക്ക്‌ നൽകിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top