
കുറവിലങ്ങാട്: ജീവിതത്തിലേക്ക് കടക്കും മുൻപേ ഷിൻസിയെ മരണം തേടിയെത്തി. വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ ഇന്നലെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത. സൗദിയിൽ വാഹനാപകടത്തിൽ വെള്ളിയാഴ്ച (ജൂൺ – 4 ) രാത്രിയാണ് കുഴിമറ്റം പാച്ചിറത്തോപ്പിൽ ബിജോ കുര്യന്റെ ഭാര്യ ഷിൻസി ഫിലിപ്പ് (28) മരിച്ചത്. കടപ്ലാമറ്റം വയലാ എടച്ചേരിത്തടത്തിൽ ഫിലിപ്പിന്റെയും ലീലാമ്മയുടെയും മകളാണ് ഷിൻസി.
സൗദിയിലെ ജോലി രാജിവച്ച വിവരം കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഷിൻസി പറഞ്ഞെന്നു പിതാവ് ഫിലിപ്പ് പറഞ്ഞു. പോകുന്നതിനു മുൻപ് കൂട്ടുകാരുമൊത്തു ഒരു യാത്ര പോകുകയാണെന്നും പറഞ്ഞിരുന്നു. ഷിൻസിയുടെ പിതാവ് ഫിലിപ് തോമസ്, അമ്മ ലീലാമ്മ, സഹോദരൻ ടോണി എന്നിവരാണ് വീട്ടിലുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നാലു മാസം മുൻപ് വിവാഹിതരായ ബിജോയും ഷിൻസിയും കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്. എന്നാൽ ബിജോ കുര്യൻ ബഹ്റൈനിൽ നഴ്സാണ്. ബഹ്റൈനിലെ ആശുപത്രിയിൽ ജോലി ലഭിച്ചതോടെ ഷിൻസി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ബഹ്റൈനിലേക്ക് പോകാൻ മേയ് 25നും 28നും വീസ ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾമൂലം യാത്ര മുടങ്ങുകയായിരുന്നു. ബിജോയും ഷിൻസിയും ഒരുമിച്ചാണ് നഴ്സിങ് പഠിച്ചത്. ജോലിയും ഒരേ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി.
Read Also: പണം തടസമാവില്ല: കടമെടുത്തായാലും എല്ലാവര്‍ക്കും വാക്സീന്‍ നല്‍കുമെന്ന് ധനമന്ത്രി
അപകടത്തിൽ പരുക്കേറ്റ മലയാളി ഡ്രൈവർ ആശുപത്രിയിൽ നൽകിയ വിവരം അനുസരിച്ചാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. ഷിൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കിങ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും വിവിധ സംഘടനകളും തുടർ നടപടികളുമായി രംഗത്തുണ്ട്. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഷിൻസിയുടെ വീട് സന്ദർശിച്ചു.
Post Your Comments