
കൊച്ചി: സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു കൊടകര കുഴല്‍പ്പണ കേസ്. ഓരോ ദിവസവും കേസുമായി ബന്ധപ്പെട്ട് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേസിലെ പ്രധാന കണ്ണിയായ ധര്‍മരാജനുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ നിരന്തരം ഫോണ്‍ വിളികള്‍ നടത്തിയിരുന്നുവെന്ന തെളിവ് പുറത്തുവന്നതോടെ രൂക്ഷ വിമര്‍ശനമാണ് ബിജെപിക്കും കെ.സുരേന്ദ്രനും നേരെ ഉണ്ടായിരിക്കുന്നത്.
കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരെ അതൃപ്തി ഉയര്‍ന്നു. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
കൊടകര വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തില്‍ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു.
നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിയെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.
Post Your Comments