
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം കെ സുരേന്ദ്രൻെ മകനോട് തീർക്കുകയാണെന്ന് ബിജെപി. പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെയെന്നും ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കിൽ ആറുമാസമായി അദ്ദേഹത്തിന് ജയിൽ തുടരേണ്ടി വരില്ലായിരുന്നുവെന്നും ബിജെപി വ്യക്തമാക്കി.
Read Also: വിദ്യാര്‍ത്ഥികളുടെ ഇന്റര്‍നെറ്റ് പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂർ കൊടകരയിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന അദ്ധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സി.പി.എം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജണ്ടയായ മോദി വിരുദ്ധ രാഷ്ട്രീയം കൂടിയാണ് പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. കോർ കമ്മിറ്റി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
സി.പി.എം സംസ്ഥാന പോലീസിനെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുകയാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ മന്ത്രിയും മുൻ സ്പീക്കറും ചോദ്യം ചെയ്യപ്പെട്ടതും ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്ന തിരിച്ചറിവുമാണ് സി.പി.എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതൽ മണ്ഡലങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർധിച്ചത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ദിവസവും ബിജെപിക്കെതിരെ ഓരോ കള്ളക്കഥകൾ മെനയുന്നത് പാർട്ടിയുടെ വളർച്ചയ്ക്ക് തടയിടാനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വർണ്ണക്കടത്ത് – ഡോളർക്കടത്ത് കേസുകളുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാർ, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
Read Also: ഹിമാചൽപ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി
Post Your Comments