
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കാൻ സജ്ജമാക്കിയ കോവിഡ് 19 മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് ലാബുകൾ അടുത്ത മൂന്ന് മാസം കൂടി തുടരാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാർച്ച് മാസം മുതൽ 10 മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മൊബൈൽ ലാബ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈൽ ടെസ്റ്റ് ലാബുകൾ 3 മാസം കൂടി നീട്ടിയത്. ഇതുകൂടാതെ 4 മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവയുടെ എൻ.എ.ബി.എൽ ഓഡിറ്റ് നടന്ന് വരികയാണ്. ഈ മാസം 15ന് മുമ്പായി ഇവയുടെ പ്രവർത്തനമാരംഭിക്കുമെന്നും വീണ ജോർജ് അറിയിച്ചു.
ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ നടത്തുന്നതിനായി 26 സർക്കാർ ലാബുകൾ ഉണ്ടെങ്കിലും ഉയർന്നു വരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു മൊബൈൽ ലാബുകൾ. കെ.എം.എസ്.സി.എൽ. ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. സാമ്പിൾ കളക്ട് ചെയ്ത് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി റിസൾട്ട് നൽകുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നത്.
ഓരോ മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾക്കും പ്രതിദിനം 2000 ടെസ്റ്റുകൾ വരെ നടത്തുന്നതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഓരോ ലാബും അതാത് ജില്ലയിലെ ജില്ലാ സർവയലൻസ് ഓഫീസറുടെ (ഡി.എസ്.ഒ.) നിയന്ത്രണത്തിലാണ്. ഡി.എസ്.ഒ. നൽകുന്ന നിർദ്ദേശത്തിനനുസരിച്ച് ജില്ലയിലെ നിശ്ചിത സ്ഥലങ്ങളിൽ ഈ മൊബൈൽ ലാബുകൾ പ്രവർത്തിപ്പിച്ചുവരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകൾ ഈ മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾ വഴി നടത്തിയിട്ടുണ്ട്.
Post Your Comments