കോഴിക്കോട്
കൊടകര കുഴൽപ്പണ കേസിൽ പരാതിക്കാരനായ ധർമരാജന് ബിജെപി പ്രചാരണസാമഗ്രി കൊണ്ടുപോകാനുള്ള ചുമതലയുണ്ടായിരുന്നെന്ന കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു. ധർമരാജനെ രക്ഷിക്കാൻ സംസ്ഥാന പ്രസിഡന്റ് കള്ളം പറയുകയാണെന്ന് പാർടിക്കുള്ളിലെ ഒരുവിഭാഗം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രൻ ഇയാളെ ന്യായീകരിച്ചത്.
എന്നാൽ ധർമരാജന് ഈ ചുമതലയില്ലായിരുന്നുവെന്നാണ് മറ്റു നേതാക്കൾ പറയുന്നത്. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആർ അനുരാജായിരുന്നു സംസ്ഥാന പ്രചാരണ സാമഗ്രിവിതരണ സമിതിയുടെ കൺവീനർ. ജില്ലകളിലും കൺവീനറുണ്ടായിരുന്നു. ഇതിലൊന്നും ധർമരാജനില്ല. സംസ്ഥാന സമിതിയും ജില്ലാ കൺവീനർമാരുമറിയാതെ പ്രചാരണസാമഗ്രി കൊണ്ടുപോകാൻ ധർമ്മരാജനെ ഏൽപ്പിച്ചെന്ന് സുരേന്ദ്രൻ പറയുന്നതിലാണ് ദുരൂഹത. സുരേന്ദ്രന്റെ വാദം അംഗീകരിച്ചാലും സംശയങ്ങൾ ഏറെ. ഏത് ജില്ലയിൽ, ഏത് മണ്ഡലത്തിലേക്കാണ് ധർമരാജൻ സാമഗ്രി കൊണ്ടുപോയതെന്ന് വ്യക്തമാക്കണം. ‘പോസ്‌റ്ററും നോട്ടീസും കൊണ്ടുവരുന്നയാൾ’ പ്രമുഖ നേതാക്കളെ നിരന്തരം വിളിച്ചതെന്തിനെന്ന ചോദ്യവുമുണ്ട്. സംഘടനാ സെക്രട്ടറി എം ഗണേശനടക്കം ഉന്നത നേതാക്കളെ ബന്ധപ്പെട്ടതിലാണ് ദുരൂഹത. ധർമരാജന്റെ മൊഴിയും ഫോൺബന്ധങ്ങളും കുടുക്കുമെന്നായപ്പോൾ പുതിയ കള്ളം ചമയ്‌ക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റെന്നാണ് സൂചന. വർഷങ്ങളായി കെ സുരേന്ദ്രനും കേന്ദ്രസഹമന്ത്രി വി മുരളീധരനുമായും അടുപ്പമുള്ള അബ്‌കാരി കരാറുകാരനായാണ് ധർമരാജൻ കോഴിക്കോട്ട് അറിയപ്പെടുന്നത്.
തെരഞ്ഞെടുപ്പു സാമഗ്രി അച്ചടിച്ചത് തൃശൂരിലെ പ്രസിൽ
തെരഞ്ഞെടുപ്പ് പ്രിന്റിങ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയതെന്ന ബിജെപിയുടെ വാദം പൊളിഞ്ഞു. ധർമരാജൻ എത്തിയത് കൊട്ടിക്കലാശത്തിന്റെ തലേദിവസമായ എപ്രിൽ മൂന്നിനാണ്. മാത്രമല്ല, ബിജെപിയുടെ തെരഞ്ഞെടുപ്പിനാവശ്യമായ പ്രിന്റിങ് സാമഗ്രികൾ തൃശൂർ നഗരത്തിലെ പ്രസിലാണ് അച്ചടിച്ചത്. ഇതോടെ ബിജെപി നേതാക്കൾ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
ഏപ്രിൽ ആറിനായിരുന്നു തെരഞ്ഞെടുപ്പ്. ഏപ്രിൽ മൂന്നിനു പുലർച്ചെയാണ് ധർമരാജൻ സംഘവും തൃശൂരിലെത്തിയത്. ലോറി നിറയെ പ്രിന്റിങ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയതെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ പറയുന്നത്. ഈ സാധനങ്ങൾ തൃശൂരിൽ ഇറക്കിയശേഷം ആലപ്പുഴയ്‌ക്ക് പോകുമ്പോഴാണ് കവർച്ചയെന്നും പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം വിതരണം ചെയ്യാനുള്ള സ്ലിപ്പുൾപ്പെടെ തൃശൂരിലെ പ്രസിൽ അച്ചടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പായതിനാൽ ഇതിന്റെ രേഖകൾ പ്രസിലുണ്ട്. ഇതോടെ ഈ വാദം പൊളിഞ്ഞു.
കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും കേസിലെ പ്രതി ദീപക്കിനെ പൊലീസ് പിടികൂടുംമുമ്പേ പാർടി ഓഫീസിൽ വിളിച്ചുവരുത്തിയതായി ജില്ലാ പ്രസിഡന്റ് സമ്മതിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..