കൊച്ചി> കോവിഡ് സാഹചര്യത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് നന്ദി അറിയിച്ചു വീഡിയോ പ്രചരിപ്പിക്കാന്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം. ഇതേതുടര്‍ന്ന്‍ കേരളത്തിലെ അടക്കം വിവിധ കെ വികളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളോട് ഇത്തരം വീഡിയോ തയ്യാറാക്കാന്‍ അധ്യാപകര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നാണു നിര്‍ദേശം വന്നത്. അതാത് സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയ സംഘടന ഡെപ്യുട്ടി കമ്മീഷണര്‍മാര്‍ ഇക്കാര്യം വാട്സ്ആപ്പ് സന്ദേശത്തിലൂടെ പ്രിന്‍സിപ്പള്‍മാരെ അറിയിച്ചു. വീഡിയോ സ്വന്തമായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റേതെങ്കിലും കെ വിയുടെ ട്വിറ്റര്‍ അക്കൌണ്ടിലെ വീഡിയോ റീ ട്വീറ്റ് ചെയ്യുകയെങ്കിലും വേണമെന്നാണ് കര്‍ശന നിര്‍ദേശം. പ്രിന്‍സിപ്പള്‍മാര്‍ ഈ ചുമതല അധ്യാപകരെ ഏല്‍പ്പിച്ചു. അധ്യാപകര്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് സന്ദേശം കൈമാറി വീഡിയോ തയ്യാറാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
#ThankYouModiSir എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് എല്ലാ സന്ദേശങ്ങളും. സന്ദേശത്തിന്റെ ഉള്ളടക്കവും ഒന്നുതന്നെയാണ്.'വിഷമഘട്ടത്തില്‍ തങ്ങളെ മാനസിക പ്രയാസത്തില്‍ നിന്ന് രക്ഷിച്ച മോഡി സാറിനു നന്ദി'- എന്നാണ് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സന്ദേശത്തിന്റെ മുഖ്യഭാഗം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ നിലനിന്ന അനിശ്ചിതത്വം അവസാനിപ്പിച്ച് തീരുമാനം എടുക്കാന്‍ സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണു പരീക്ഷ ഉപേക്ഷിക്കാന്‍ തീരുമാനം ഉണ്ടായത്. ഇത് മോഡിയുടെ സൌജന്യമായി അവതരിപ്പിച്ച് പ്രചാരണം നടത്താനാണ് ശ്രമം. കോവിഡ് പ്രതിരോധത്തിലും വാക്സിന്‍ വിതരണത്തിലും വരുത്തിയ ഗുരുതരമായ വീഴ്ച്ചകളിലൂടെ ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച മോഡിയുടെ ജനപ്രീതി കൂട്ടാനുള്ള ഈ കുറുക്കുവഴിക്കെതിരെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ പ്രതിഷേധം ഉണ്ട്. എന്നാല്‍ പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ സ്കൂളില്‍ നിന്നുള്ള മാര്‍ക്കുകള്‍ നിര്‍ണ്ണായകമായതിനാല്‍ പരസ്യ പ്രതിഷേധത്തിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും മടിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..