തൃശൂർ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന പേരിൽ ബിജെപി കുഴൽപ്പണം കടത്തിയ കേസിൽ സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ശനിയാഴ്‌ച ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് സെക്രട്ടറി ദിപിന് പൊലീസ് നോട്ടീസ് നൽകിയത്.
അതിനിടെ കേസ് അന്വേഷണം കോന്നിയിലേക്കും വ്യാപിപ്പിച്ചു. കെ സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണിത്. കോന്നിയിൽ സുരേന്ദ്രനുൾപ്പെടെ നേതാക്കൾ താമസിച്ച ഹോട്ടലിൽനിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു. എത്ര മുറി എടുത്തിരുന്നു. ഇതിന്റെ പണമിടപാട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിച്ചത്. ധർമരാജന്റെ മൊഴിപ്രകാരം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള എൽ പത്മകുമാർ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോന്നിയിലെ അന്വേഷണം.
കേസിൽ ധർമരാജന്റെ സഹോദരൻ ധനരാജനെയും ചോദ്യംചെയ്‌തു. തൃശൂർ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് വെള്ളിയാഴ്‌ച ചോദ്യംചെയ്‌തത്. ധർമരാജനൊപ്പം കാറിൽ ധനരാജും ഉണ്ടായിരുന്നതായി സൂചന ലഭിച്ചു. കാറിൽ മൂന്നരക്കോടിയുണ്ടായതായി ധർമരാജൻ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് ധനരാജനെയും വിളിപ്പിച്ചത്. ധർമരാജന്റെ ഡ്രൈവർമാരെയും ചോദ്യംചെയ്‌തു. ബിജെപി സംസ്ഥാന ഓഫീസ് ജീവനക്കാരൻ മിഥുനെയും ചോദ്യം ചെയ്‌തു.
കുഴൽപ്പണം ഹൈക്കോടതി
ഇഡിയുടെ
വിശദീകരണം തേടി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കുഴൽപ്പണ തട്ടിപ്പുകേസ് അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. ഇഡി ഒരാഴ്ച സമയം ആവശ്യപ്പെട്ടു. സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മേരി ജോസഫ് പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ ഇഡി നടപടിയെടുക്കുന്നില്ലെന്ന് കാണിച്ചാണ് ഹർജി.
ഇഡി വിവരം ശേഖരിച്ചു
കൊടകര കുഴൽപ്പണക്കേസിൽ പ്രത്യേക അന്വേഷക സംഘത്തിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിവരം ശേഖരിച്ചു. കേസ് ഇഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദേശിച്ചത്. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷക സംഘത്തിൽ നിന്ന് വിവരം ശേഖരിച്ചത്. എഫ്‌ഐആറും ശേഖരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..